കോതമംഗലം: അർഹതപ്പെട്ട സ്ഥലം മാത്രമാണ് തിരികെ ആവശ്യപ്പെടുന്നതെന്നും റവന്യൂവകുപ്പിന്റെ ഇടപെടലിൽ അളന്ന് തിരിച്ചപ്പോഴാണ് അധിക ഭൂമി അടിമാലി പഞ്ചായത്തിന്റെ കൈവശം ഉണ്ടെന്ന് വ്യക്തമായതെന്നും മുൻ മന്ത്രി ടി യു കുരുവിള. പഞ്ചായത്തിന്റെ കൈവശത്തിലുള്ള 18.5 സെന്റ് സ്ഥലം ടിയു കുരുവിളക്ക് വിട്ടുനൽകാൻ മുമ്പ് ഭരിച്ചിരുന്ന എൽഡിഎഫ് ഭരണസമിതി തീരുമാനമെടുത്തെന്നും ഈ തീരുമാനം റദ്ദാക്കി, അന്വേഷണത്തിന് ശുപാർശചെയ്യുമെന്നുമുള്ള യൂഡിഎഫ് പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1988-ൽ ഇപ്പോഴത്തെ അടിമാലി പഞ്ചായത്ത് മന്നാംകണ്ടം പഞ്ചായത്ത് എന്നപേരിൽ അറിയപ്പെട്ടിരുന്ന സമയത്ത് ഒന്നര ഏക്കർസ്ഥലം ബസ്സ്സ്റ്റാന്റ് സ്ഥാപിക്കുന്നതിലേക്കായി വിട്ടുനൽകിയിരുന്നു. നാടിന്റെ വികസനത്തിനാണല്ലോ എന്ന് കരുതി സെന്റിന് 3000 രൂപ നിരക്കിലാണ് അന്ന് സ്ഥലം വിൽപ്പന നടത്തിയത്. ഈ സ്ഥലം മണ്ണിട്ട് നികത്തിയാണ് പഞ്ചായത്ത് നിർമ്മാണ പ്രവർത്തനം നടത്തിയത്.ഈ സമയം അതിര് തിരച്ച് സ്ഥാപിച്ചിരുന്ന കുറ്റികൾ നഷ്ടപ്പെട്ടിരുന്നു.പിന്നീട് പഞ്ചായത്ത് സ്ഥലം പോക്കുവരവ് നടത്താൻ നീക്കം നടത്തിയപ്പോൾ സ്ഥലം അളക്കണമെന്ന് തഹസീൽദാർ ആവശ്യപ്പെടുകയായിരുന്നു.

ഇത് പ്രകാരം പഞ്ചായത്തിന്റെ ഭാഗത്തുനിന്നും തന്റെ ഭാഗത്തും നിന്നും ഓരോ സർവ്വയർമാരും താലൂക്ക് സർവ്വയറും ചേർന്ന് സ്ഥലം അളന്നു.അപ്പോൾ 20 സെന്റ് സ്ഥലത്തോളം കൂടുതൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു.തോടുപുറംപോക്കും മറ്റും കഴിച്ച് 18.5 സെന്റ് സ്ഥലം അധികം ഉണ്ടെന്ന് സർവ്വെ നടത്തിയതിൽ നിന്നും വ്യക്തമായി.
തുടർന്നാണ് ഈ സ്ഥലം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് അപേക്ഷ നൽകിയത്.

പഞ്ചായത്തിന്റെ കൈവശം ഭൂമി കൂടുതലുണ്ടെങ്കിൽ അപേക്ഷകന്റേതാണോ എന്ന് സ്ഥിരീകരിച്ച് ,മേലധികാരികളെ അറിയിച്ച് വിട്ടുനൽകുന്നതിന് 2020 ഒക്ടോബർ 30-ന് നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ഇതാണ് ഈ വിഷയത്തെക്കുറിച്ച് അറിയാവുന്ന വിവരങ്ങൾ. കുരുവിള വിശദമാക്കി. കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ അടിമാലി പഞ്ചായത്തു വക പതിനെട്ടര സെന്റ് സ്ഥലം ഭൂമി വിട്ടു നൽകിയ തോമ്പ്രയിൽ ടി. യു. കുരുവിളയ്ക്കു തിരികെ നൽകാൻ തീരുമാനമെടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സനിത സജി, വൈസ് പ്രസിഡന്റ് കെ.എസ്. സിയാദ്, ബാബു പി. കുര്യാക്കോസ്, ടി.എസ്. സിദ്ദിഖ് എന്നിവർ ആവശ്യപ്പെട്ടിരുന്നു.

1988ലാണ് ഒന്നര ഏക്കർ ഭൂമി കുരുവിള പഞ്ചായത്തിന് വിട്ടു നൽകിയത്. 34 വർഷത്തിനു ശേഷം ഇതിൽ പതിനെട്ടര സെന്റ് അധിക ഭൂമി ഉണ്ടെന്ന കണ്ടെത്തൽ വിചിത്രമാണ്. വിചിത്ര വാദം ശരിവച്ച് പഞ്ചായത്ത് ഭൂമി ഇദ്ദേഹത്തിന് വിട്ടു നൽകാൻ രഹസ്യമായി പഞ്ചായത്ത് കമ്മിറ്റി തീരുമാനം മിനിറ്റ്‌സ് ബുക്കിൽ എഴുതിച്ചേർത്ത സെക്രട്ടറിക്ക് എതിരെ നിയമ നടപടി ആവശ്യമാണ്. ഇതിന് കൂട്ടുനിന്ന മുൻ പഞ്ചായത്ത് ഭരണസമിതി അധികൃതർ അഴിമതിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അംഗത്വം രാജിവയ്ക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.