- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജിന്റെ വികസനത്തിന് അലോപ്പതി ഡോക്ടർമാർ പാരവയ്ക്കുന്നു; സ്ത്രീകളുടെയും കുട്ടികളുടെയും ഒപി തുടങ്ങാൻ രണ്ടുതവണ ഇന്റർവ്യൂവിന് വിളിച്ചിട്ടും അലോപ്പതി ഡോക്ടർമാർ ഹാജരായില്ല; പൊതുവേദിയിൽ വിമർശനവുമായി സിപിഎം നേതാവ്
കണ്ണൂർ: സർക്കാർ നിയന്ത്രണത്തിലുള്ള പരിയാരം ആയുർവേദ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് അലോപ്പതി ഡോക്ടർമാർ പാരവയ്ക്കുന്നുവെന്ന ഒളിയമ്പുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.വി രാജേഷ്. പരിയാരം ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ ഒരുക്കിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കാര്യത്തിൽ അലോപ്പതി ഡോക്ടർമാർ അകന്നുനിൽക്കുന്നതായാണ് മുൻ എംഎൽഎ.യും സിപിഎം. സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.വി.രാജേഷ് പരസ്യമായി കുറ്റപ്പെടുത്തിയത്.
മലബാർ മേഖലയിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തേതുമായ സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയെ തളർത്താനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവ. ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒ.പി. പ്രവർത്തന ഉദ്ഘാടനവേളയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുതവണ ഇന്റർവ്യുവിന് വിളിച്ചിട്ടും ആയുർവേദത്തോടുള്ള അകൽച്ചയുടെ പേരിൽ അലോപ്പതി ഡോക്ടർമാർ ഹാജരായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ആർ.എം.ഒ. തസ്തികകളിൽ അലോപ്പതി ഡോക്ടർമാർ ഉണ്ടായാൽ മാത്രമേ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കാനാവൂ. ആധുനിക ശസ്ത്രക്രിയാമുറി, ലേബർ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, കുട്ടികളുടെ വാർഡ് എന്നിവ കൂടാതെ അത്യാധുനിക പരിശോധനാസംവിധാനവും ഒരുക്കിയിട്ടുള്ള ആശുപത്രിക്കുമാത്രമായി 37 ഓളം പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്. എന്നാൽ അലോപ്പതിക്കാരുടെ നിസ്സഹകരണം കാരണമാണ് ആശുപത്രി പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതെന്നും ടി.വി.രാജേഷ് കുറ്റപ്പെടുത്തി.
ഇതിനിടെ കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒ.പി. പ്രവർത്തനം എം. വിജിൻ എംഎൽഎ. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. സിന്ധു അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ. ടി.വി. രാജേഷ് മുഖ്യാതിഥിയായിരുന്നു. സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, വാർഡംഗം വി.എ. കോമളവല്ലി, ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, കെ.പി. ജനാർദനൻ, പ്രഭാകരൻ കടന്നപ്പള്ളി, ടി. രാജൻ, മുസ്തഫ കടന്നപ്പള്ളി, പി.ടി.എ. പ്രസിഡന്റ് കെ.പി. രമേശൻ എന്നിവർ സംസാരിച്ചു.
ഉത്തരകേരളത്തിലെ ആദ്യത്തെ ആയുർവേദ അമ്മയും കുഞ്ഞും ആശുപത്രിയായ ഇവിടെ ഒരുമാസത്തിനകം ഐ.പി. വിഭാഗം പ്രവർത്തനം തുടങ്ങും. ഗർഭധാരണംമുതൽ പ്രസവാനന്തര മാതൃ-ശിശുപരിചരണം വരെ നൽകുന്ന സൗകര്യമാണ് ഇവിടെയുള്ളത്. 14.65 കോടി രൂപ ചെലവിൽ നാലുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും 25 വീതം കിടക്കകളാണ് സജ്ജമാക്കിയത്. ആശുപത്രിക്ക് മാത്രമായി 37 പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്. ആശുപത്രി പേ വാർഡ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണപ്രവൃത്തിയും എംഎൽഎ. ഉദ്ഘാടനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ