- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവേശം അവസാന പന്തുവരെ; ലോറാ വോൾവാർഡിന്റെ പോരാട്ടം വിഫലം; വെലോസിറ്റിയെ നാല് റൺസിന് വീഴ്‌ത്തി; വനിതാ ട്വന്റി 20 ചലഞ്ച് കിരീടം സൂപ്പർനോവാസിന്

പൂണെ: അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന വനിതാ ട്വന്റി 20 ചലഞ്ച് ഫൈനലിൽ വെലോസിറ്റിയെ നാലു റൺസിന് വീഴ്‌ത്തി സൂപ്പർനോവാസിന് കീരിടം. സൂപ്പർനോവാസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെലോസിറ്റിക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്‌കോർ സൂപ്പർനോവാസ് 20 ഓവറിൽ 165-7, വെലോസിറ്റി 20 ഓവറിൽ 161-8.
സൂപ്പർ നോവാസിന്റെ മൂന്നാം വനിതാ ട്വന്റി 20 ചലഞ്ച് കിരീടമാണിത്. 2018, 2019 വർഷങ്ങളിലും സൂപ്പർനോവാസാണ് കിരീടം നേടിയത്. അവസാന രണ്ടോവറിൽ 34 റൺസ് വേണ്ടിയിരുന്നു. പൂജാ വസ്ത്രാകർ ചെയ്ത 19-ാം ഓവറിൽ 17 റൺസ് പിറന്നു. ഇതോടെ അവസാന ഓവറിൽ 17 റൺസായി വിജയലക്ഷ്യം.
അർധസെഞ്ചുറിയുമായി പൊരുതിയ ലോറാ വോൾവാർഡ് എക്ലിസ്റ്റോണിന്റെ ആദ്യ പന്തിൽ തന്നെ സിക്‌സടിച്ചതോടെ മത്സരം ആവേശകരമായി. എന്നാൽ രണ്ടാം പന്തിൽ ഒരു റൺ മാത്രം വഴങ്ങിയ എക്‌സിസ്റ്റോൺ പിന്നീട് ബൗണ്ടറികളൊന്നും വഴങ്ങിയില്ല. അവസാന പന്തിൽ ജയത്തിലേക്ക് ആറ് റൺസ് വേണമായിരുന്ന വെലോസിറ്റിക്ക് ഒരു റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
പതിനേഴാം ഓവറ് കഴിഞ്ഞപ്പോൾ 118-8 എന്ന് തോൽവി ഉറപ്പിച്ച വെലോസിറ്റിയെ വോൾവാർഡിന്റെയും സിമ്രാൻ ബഹാദൂറിന്റെയും(10 പന്തിൽ 20*) പോരാട്ടമാണ് ജയത്തിന് അടുത്തെത്തിച്ചത്. അലാന കിംഗിന്റെ പതിനെട്ടാം ഓവറിൽ 14 റൺസും പൂജാ വസ്ട്രക്കറുടെ പത്തൊമ്പതാം ഓവറിൽ 17 റൺസും അടിച്ച വെലോസിറ്റിക്ക് പക്ഷെ അവസാന ഓവറിൽ ആ പ്രകടനം ആവർത്തിക്കാനായില്ല. പൂജയെറിഞ്ഞ പത്തൊമ്പതാം ഓവറിൽ തുടർച്ചയായ മൂന്ന് ബൗണ്ടറി അടിച്ച സിമ്രാൻ ബഹാദൂറും വോൾവാർഡിന് പിന്തുണ നൽകി.
ഷഫാലി വർമയും(8 പന്തിൽ 15), യാസ്തിക ഭാട്ടിയയും(9 പന്തിൽ 13), കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ കിരൺ നാവ്ഗിറെയും(0), ക്യാപ്റ്റൻ ദീപ്തി ശർമയും(2) നിരാശപ്പെടുത്തിയപ്പോൾ ലോറാ വോൾവാർഡ് 40 പന്തിൽ 65 റൺസുമായി പുറത്താകാതെ നിന്നു. സ്‌നേഹ് റാണ(15), കേറ്റ് ക്രോസ്(13) എന്നിവരും വെലോസിറ്റിക്കായി പൊരുതി. സൂപ്പർനോവാസിനു വേണ്ടി ദേന്ദ്ര ഡോട്ടിനും സോഫി എക്ലിസ്റ്റോണും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സൂപ്പർനോവാസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. 44 പന്തിൽ 62 റൺസെടുത്ത ഓപ്പണർ ദേന്ദ്ര ഡോട്ടിനാണ് സൂപ്പർ നോവാസിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 29 പന്തിൽ 43 റൺസെടുത്ത് ബാറ്റിംഗിൽ തിളങ്ങി.
വെലോസിറ്റിക്കായി കേറ്റ് ക്രോസ് നാലോവറിൽ 29 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ ദീപ്തി ശർമ നാലോവറിൽ 20റൺസിന് രണ്ട് വിക്കറ്റും സിമ്രാൻ ബഹാദൂർ നാലോവറിൽ 30 റൺസിന് രണ്ട് വിക്കറ്റും അയബോങ്ക ഖാക നാലോവറിൽ 27 റൺസിന് ഒരു വിക്കറ്റുമെടുത്തു.


