ജൊഹാനസ്ബർഗ്: ഈ വർഷം നവംബറിൽ നടത്താനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ടി20 ഗ്ലോബൽ ലീഗിൽ ഷാരുഖ് ഖാനു പിന്നാലെ ബോളിവുഡ് താരം പ്രീതി സിന്റയും ടീം സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലെ കിങ്ങ്‌സ് എക്‌സ് ഐ പഞ്ചാബ് ടീം സഹ ഉടമ കൂടിയായ പ്രീതി സിന്റ സ്റ്റെല്ലൻബോഷ് ഫ്രാഞ്ചൈസ് ടീമിനെയാണ് ടി20 ഗ്ലോബൽ ലീഗിൽ സ്വന്തമാക്കിയിരിക്കുന്നത്. 2008ൽ കിങ്ങ്‌സ് എക്‌സ് ഐ പഞ്ചാബ് ടീം ഉടമയാകുമ്പോൾ ഐ.പി.എല്ലിലെ ഏക വനിത ഉടമയായിരുന്നു പ്രീതി സിന്റ. 

ടി20 ഗ്ലോബൽ ലീഗ് കുടുംബത്തിലേയ്ക്ക് പ്രീതി സിന്റയെ കൂടി ക്ഷണിക്കുന്നതിൽ വളരെ സന്തുഷ്ടനാണെന്നും അവരുടെ അനുഭവജ്ഞാനവും കഴിവും ടി20 ലീഗിന് കൂടുതൽ ഗുണം ചെയ്യുമെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഹാരൂൺ ലൊഗാട്ട് പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ഏറ്റവും ആവേശകരമായ സമയമാണ് ഇത്.  രാജ്യത്തിലേയും ലോകത്തിലേയും മികച്ച താരങ്ങളാകാനുള്ള അവസരം അവർക്ക് ഇതിലൂടെ
ലഭിക്കുമെന്ന് ഉറപ്പാണ്. ടി20 ലീഗിലെ ഒരു ടീമിന്റെ ഉടമയാകുവാൺ സാധിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇതിന് പിന്തുണയും പ്രചോദനവും നൽകിയത് ഹാരൂൺ ലൊഗാട്ടാണ്
എന്ന് ബോളിവുഡ് താര പ്രീതി സിന്റ പറഞ്ഞു.