ധരംശാല:ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. ഒരു ഘട്ടത്തിൽ 60 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കയെ 38 പന്തുകളിൽ നിന്ന് 74 റൺസെടുത്ത നായകൻ ഡാസൺ ശനകയാണ് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. കരുതലോടെ ഇന്നിങ്‌സ് തുടങ്ങിയ ശ്രീലങ്കൻ നായകൻ അവസാന ഓവറുകളിൽ ആളിക്കത്തി. രണ്ട് സിക്സും ഒൻപത് ഫോറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ തുടക്കം തന്നെ വലിയ തകർച്ചയോടെയായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലും പിന്നാലെ അഞ്ചിന് 60 റൺസെന്ന നിലയിലും തകർന്ന ശ്രീലങ്കയ്ക്ക് പിരിയാത്ത ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ദസൂൺ ഷാനക ചാമിക കരുണരത്‌നെ സഖ്യമാണ് ഭേദപ്പെട്ട സ്‌കോർ ഉറപ്പാക്കിയത്. 47 പന്തുകൾ നേരിട്ട ഈ സഖ്യം ശ്രീലങ്കൻ സ്‌കോർ ബോർഡിൽ എത്തിച്ചത് 86 റൺസ്.

ഓപ്പണർ ധനുഷ്‌ക ഗുണതിലകയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജ് ഗുണതിലകയുടെ കുറ്റിപിഴുതു. നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങാനായിരുന്നു ഗുണതിലകയുടെ വിധി.

പിന്നാലെ മറ്റൊരു ഓപ്പണറും കഴിഞ്ഞ മത്സരത്തിലെ ഹീറോയുമായ പതും നിസംഗയെ മടക്കി ആവേശ് ഖാൻ ശ്രീലങ്കയെ തകർത്തു. വെറും ഒരു റൺ മാത്രമെടുത്ത നിസംഗയെ ആവേശ് വെങ്കടേഷ് അയ്യരുടെ കൈയിലെത്തിച്ചു.

നിസംഗയ്ക്ക് പകരം വന്ന ശ്രീലങ്കയുടെ വിശ്വസ്തനായ ചരിത് അസലങ്കയ്ക്കും പിടച്ചുനിൽക്കാനായില്ല. വെറും നാല് റൺസ് മാത്രമെടുത്ത അസലങ്കയെ ആവേശ് ഖാൻ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈയിലെത്തിച്ചു. ഇതോടെ ശ്രീലങ്ക 11 ന് മൂന്ന് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച ദിനേശ് ചണ്ഡിമലും ജനിത് ലിയാംഗെയെയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ബാറ്റിങ് പവർപ്ലേയിൽ ശ്രീലങ്ക വെറും 18 റൺസ് മാത്രമാണ് നേടിയത്.

എന്നാൽ എട്ടാം ഓവറിലെ മൂന്നാം പന്തിൽ ലിയാംഗെയെ തകർപ്പൻ ഗൂഗ്ലിയിലൂടെ ക്ലീൻ ബൗൾഡാക്കി രവി ബിഷ്ണോയി ശ്രീലങ്കയുടെ നാലാം വിക്കറ്റ് പിഴുതെടുത്തു. 19 പന്തുകളിൽ നിന്ന് വെറും ഒൻപത് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ശ്രീലങ്ക 29 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. ലിയാംഗെയ്ക്ക് പകരം ക്രീസിലെത്തിയ നായകൻ ശനകയെ കൂട്ടുപിടിച്ച് ചണ്ഡിമൽ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഇരുവരും ചേർന്ന് 11 ഓവറിൽ ടീം സ്‌കോർ 50 കടത്തി. പക്ഷേ ടീം സ്‌കോർ 60-ൽ നിൽക്കേ ഹർഷൽ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു.

27 പന്തുകളിൽ നിന്ന് 22 റൺസെടുത്ത ചണ്ഡിമലിനെ ഹർഷൽ പട്ടേൽ വെങ്കടേഷ് അയ്യരുടെ കൈയിലെത്തിച്ചു. ക്യാച്ചെടുക്കുന്നതിനിടെ വെങ്കടേഷ് അയ്യരുടെ വിരലിന് പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരത്തി. പക്ഷേ അൽപസമയത്തിനകം തന്നെ താരം ഗ്രൗണ്ടിൽ തിരിച്ചെത്തി. ചണ്ഡിമൽ മടങ്ങിയ ശേഷം ശനക ടീമിനെ ഒറ്റയ്ക്ക് നയിച്ചു.

മികച്ച ഷോട്ടുകളുമായി ശനക കളം നിറഞ്ഞതോടെ ടീം സ്‌കോർ 100 കടന്നു. കരുണരത്നെ നായകന് പിന്തുണയുമായി ക്രീസിലുറച്ചുനിന്നു. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. പിന്നാലെ ശനക അർധസെഞ്ചുറി നേടി. വെറും 29 പന്തുകളിൽ നിന്നാണ് ശനക അർധശതകം കുറിച്ചത്. ആവേശ് ഖാൻ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് ഫോറും ഒരു സിക്സുമടിച്ച് ശനക കൊടുങ്കാറ്റായി. കരുണരത്നെ 19 പന്തുകളിൽ നിന്ന് 12 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ആവേശ് ഖാൻ നാലോവറിൽ ഒരു മെയ്ഡനടക്കം വെറും 23 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.