മസ്‌കറ്റ്: ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് റൺസിന് തകർത്ത് സ്‌കോട്ലൻഡ്. 141 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാ കടുവകൾക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 134 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുമായി ബ്രാഡ്ലി വീൽസും രണ്ട് വിക്കറ്റുമായി ക്രിസ് ഗ്രീവ്സും ഓരോരുത്തരെ പുറത്താക്കി ജോഷ് ഡേവിയും മാർക് വാട്ടുമാണ് ബംഗ്ലാദേശിനെ ഞെട്ടിച്ചത്.

ബംഗ്ലാദേശിന്റെ മറുപടി ബാറ്റിംഗിൽ ഓപ്പണർ സൗമ്യ സർക്കാർ(5) ഡേവിയുടെ രണ്ടാം ഓവറിൽ മൻസിയുടെ കൈകളിലെത്തി. തൊട്ടടുത്ത ഓവറിൽ സഹഓപ്പണർ ലിറ്റൺ ദാസ്(5) വീലിന് മുന്നിൽ കീഴടങ്ങി. മൻസിക്കായിരുന്നു ഈ ക്യാച്ചും. മൂന്നാം വിക്കറ്റിൽ ഷാക്കിബ് അൽ ഹസൻ-മുഷ്ഫീഖുർ റഹീം സഖ്യത്തിലായിരുന്നു ബംഗ്ലാ പ്രതീക്ഷകൾ. എന്നാൽ 12-ാം ഓവറിൽ ഗ്രീവ്സ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഷാക്കിബ്(20) ബൗണ്ടറിയിൽ മക്ലിയോഡിന്റെ ക്യാച്ചിൽ അവസാനിച്ചു.

മുഷ്ഫീഖുറിന്റെ പോരാട്ടവും അധികം നീണ്ടില്ല. 14-ാം ഓവറിൽ ഗ്രീവ്സ് തന്നെയാണ് മുഷ്ഫീഖുറിനേയും(38) മടക്കിയത്. അഫീഫ് ഹൊസൈൻ 18ൽ മടങ്ങിയപ്പോൾ നുരുല ഹസൻ രണ്ടും നായകൻ മഹമ്മദുള്ള 23ലും വീണു. ഇതോടെ അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ 24 റൺസ് വേണമെന്നായി. എന്നാൽ മെഹിദി ഹസന്റേയും(13*), മുഹമ്മദ് സൈഫുദ്ദീന്റേയും(5*) പോരാട്ടം ഏഴ് റൺസകലെ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലൻഡ് കൂട്ടത്തകർച്ചയ്ക്ക് ശേഷം വാലറ്റത്തിന്റെ കരുത്തിൽ തിരിച്ചെത്തുകയായിരുന്നു. 20 ഓവറിൽ 9 വിക്കറ്റിന് 140 റൺസെടുത്തു. ഏഴാമനായിറങ്ങി 28 പന്തിൽ 45 റൺസെടുത്ത ക്രിസ് ഗ്രീവ്സാണ് ടോപ് സ്‌കോറർ. ബംഗ്ലാ കടുവകൾക്കായി മെഹിദി ഹസൻ മൂന്ന് വിക്കറ്റ് നേടി.