ദുബായ്: ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാർണറുടെ മികവിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസ്്‌ട്രേലിയയക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം.ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിൽ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഓസീസ് 17 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.അർധസെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച വാർണറാണ് വിജയശിൽപ്പി.

42 പന്തുകൾ നേരിട്ട വാർണർ 10 ഫോറടക്കം 65 റൺസെടുത്തു. വ്യക്തിഗത സ്‌കോർ 18-ൽ നിൽക്കേ ദുഷ്മാന്ദ ചമീരയുടെ ബൗളിങ്ങിൽ വാർണർ നൽകിയ അനായാസമായ ക്യാച്ച് വിക്കറ്റ് കീപ്പർ കുശാൽ പെരേര നിലത്തിട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി.155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വാർണർ - ആരോൺ ഫിഞ്ച് സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 6.5 ഓവറിൽ 70 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 23 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 37 റൺസെടുത്ത ഫിഞ്ചിനെ പുറത്താക്കി ഷാനകയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടർന്നെത്തിയ ഗ്ലെൻ മാക്സ്വെൽ (5) പെട്ടെന്ന് മടങ്ങി. എന്നാൽ പിന്നീടെത്തിയ സ്റ്റീവ് സ്മിത്ത് നിലുറപ്പിച്ചതോടെ ഓസീസ് മത്സരം സ്വന്തമാക്കുകയായിരുന്നു. വാർണർ 15-ാം ഓവറിൽ മടങ്ങി. തുടർന്നെത്തിയ മാർക്കസ് സ്റ്റോയ്നിസ് തകർത്തടിച്ച് ഓസീസിനെ വിജയത്തിലെത്തിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ ഓസീസ് സെമി സാധ്യത സജീവമാക്കി.

സ്മിത്ത് 26 പന്തിൽ നിന്ന് ഒരു ഫോറടക്കം 28 റൺസോടെ പുറത്താകാതെ നിന്നു. സ്റ്റോയ്നിസ് ഏഴു പന്തുകൾ നേരിട്ട് ഒരു സിക്സും രണ്ടു ഫോറുമടക്കം 16 റൺസെടുത്തു. ലങ്കയ്ക്കായി വാനിന്ദു ഹസരംഗ രണ്ടു വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തിരുന്നു.35 റൺസ് വീതമെടുത്ത കുശാൽ പെരേരയും ചരിത് അസലങ്കയുമാണ് ലങ്കയുടെ ടോപ് സ്‌കോറർമാർ. ഇരുവരും നൽകിയ മികച്ച തുടക്കം മുതലാക്കാൻ ഭാനുക രജപക്‌സ ഒഴികെ പിന്നീട് വന്ന ലങ്കൻ ബാറ്റർമാർക്ക് സാധിച്ചില്ല.

26 പന്തുകൾ നേരിട്ട് ഒരു സിക്‌സും നാലു ഫോറുടക്കം 33 റൺസോടെ പുറത്താകാതെ നിന്ന ഭാനുക രജപക്‌സയാണ് ലങ്കൻ സ്‌കോർ 150 കടത്തിയത്.9.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 റൺസെന്ന മികച്ച നിലയിൽ നിന്ന് ലങ്ക 154 റൺസിൽ ഒതുങ്ങിയത്.

നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ആദം സാംപയാണ് ഓസീസ് ബൗളർമാരിൽ തിളങ്ങിയത്. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.