അബുദാബി: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ നമീബിയക്ക് 190 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ 189 റൺസെടുത്തു.

സെഞ്ചുറി കൂട്ടുകെട്ട് തീർത്ത മുഹമ്മദ് റിസ്വാൻ - ബാബർ അസം ഓപ്പണിങ് സഖ്യം തന്നെയാണ് ഇത്തവണയും പാക് ഇന്നിങ്സിന്റെ നട്ടെല്ല്. 113 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

50 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്ന റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ബാബർ അസം 49 പന്തിൽ 70 റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ റിസ്വാനും മുഹമ്മദ് ഹഫീസും ചേർന്ന് കൂട്ടിച്ചേർത്ത 67 റൺസാണ് പാക് ടീമിനെ 189-ൽ എത്തിച്ചത്. 16 പന്തുകൾ നേരിട്ട ഹഫീസ് അഞ്ചു ഫോറടക്കം 32 റൺസോടെ പുറത്താകാതെ നിന്നു.അഞ്ചു റൺസെടുത്ത ഫഖർ സമാനാണ് പുറത്തായ മറ്റൊരു പാക് താരം.

ഓപ്പണിങ് വിക്കറ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനുവേണ്ടി റിസ്വാനും ബാബറും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുയർത്തിയശേഷമാണ് വേർപിരിഞ്ഞതെങ്കിലും പാക്കിസ്ഥാൻഥെ തുടക്കം മന്ദഗതിയിലായിരുന്നു.

പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 29 റൺസ് മാത്രമെ പാക് സ്‌കോർ ബോർഡിലുണ്ടായിരുന്നുള്ളു. തുടക്കത്തിൽ റിസ്വാൻ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും ബാബർ തകർത്തടിച്ചതോടെ പാക്കിസ്ഥാൻ സ്‌കോർ ബോർഡ് കുതിച്ചു.

പത്താം ഓവർ പിന്നിട്ടപ്പോൾ 59 റൺസായിരുന്നു പാക് സ്‌കോർ. 39 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ ബാബർ 49 പന്തിൽ 70 റൺസടിച്ച് പുറത്താവുമ്പോൾ പാക് സ്‌കോർ പതിനഞ്ചാം ഓവറിൽ 113ൽ എത്തിയിരുന്നു. ബാബറിന് ശേഷമെത്തിയ ഫഖർ സമനെ(5) പെട്ടെന്ന് നഷ്ടമായെങ്കിലും നാലാം നമ്പറിലെത്തിയ മുഹമ്മദ് ഹഫീസ് തകർത്തടിച്ചതോടെ പാക്കിസ്ഥാൻ മികച്ച സ്‌കോറിലേക്ക് നീങ്ങി.

42 പന്തിൽ അർധസെഞ്ചുറി തികച്ച റിസ്വാൻ അവസാന ഓവറുകളിൽ നമീബിയൻ ബൗളർമാരെ നാലുപാടും പറത്തിയതോടെ പാക്കിസ്ഥാൻ സ്‌കോർ റൺസിലെത്തി. ജെ ജെ സ്മിത് എറിഞ്ഞ അവസാന ഓവറിൽ നാലു ബൗണ്ടറിയും ഒറു സിക്‌സുമടക്കം 24 റൺസാണ് റിസ്വാൻ അടിച്ചുകൂട്ടിയത്. അവസാന പത്തോവറിൽ 130 റൺസാണ് പാക്കിസ്ഥാൻ അടിച്ചുകൂട്ടിയത്.

നമീബിയയുടെ ജെ ജെ സ്മിത് നാലോവറിൽ 50 റൺസ് വഴങ്ങിയപ്പോൾ റൂബൻ ട്രംപിൾമാൻ നാലോവറിൽ 36 റൺസിനും ഡേവിഡ് വീസ് നാലോവറിൽ 30 റൺസിനും ഓരോ വിക്കറ്റെടുത്തു.