ദുബായ്: ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയിൽ പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് എടുത്തത്. ഓസീസിനായി സ്റ്റാർക്ക് 2 വിക്കറ്റ് വീഴ്‌ത്തി.

അർധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവരുടെ ബാറ്റിങ് മികവാണ് പാക്കിസ്ഥാന് കരുത്തായത്. നായകൻ ബാബർ അസം മികച്ച പിന്തുണ നൽകി.

52 പന്തിൽ നിന്ന് നാലു സിക്സും മൂന്ന് ഫോറുമടക്കം 67 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ടൂർണമെന്റിൽ താരത്തിന്റെ മൂന്നാം അർധ സെഞ്ചുറിയായിരുന്നു ഇത്. ഇന്നിങ്സിന്റെ തുടക്കത്തിൽ രണ്ടു തവണ ഓസീസ് ഫീൽഡർമാർ റിസ്വാന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.

റിസ്വാനേക്കാൾ ഓസീസ് ബൗളർമാരെ വെള്ളംകുടിപ്പിച്ചത് ഫഖർ സമാനായിരുന്നു. 32 പന്തുകൾ നേരിട്ട താരം നാലു സിക്സും മൂന്ന് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്നു. സമാന്റെ ക്യാച്ച് സ്റ്റീവ് സ്മിത്ത് നഷ്ടപ്പെടുത്തിയതിന് ഓസീസിന് അവസാന ഓവറുകളിൽ വലിയ വിലകൊടുക്കേണ്ടി വന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനായി ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 10 ഓവറിൽ ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. 34 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 39 റൺസെടുത്ത ബാബറിനെ മടക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

10 ഓവറിൽ 79 റൺസ് ചേർത്തതിനു ശേഷമാണ് അസം റിസ്വാൻ സഖ്യം വേർപിരിഞ്ഞത്. ആദം സാംപയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഡേവിഡ് വാർണർക്കു ക്യാച് നൽകിയായിരുന്നു അസമിന്റെ പുറത്താകൽ. 

എന്നാൽ രണ്ടാം വിക്കറ്റിൽ ഫഖർ സമാനെ കൂട്ടുപിടിച്ച് റിസ്വാൻ സ്‌കോർ ഉയർത്തി. 72 റൺസാണ് ഈ കൂട്ടുകെട്ട് പാക്കിസ്ഥാൻ സ്‌കോറിലേക്ക് ചേർത്തത്. 18-ാം ഓവറിൽ റിസ്വാനെ മടക്കി മിച്ചൽ സ്റ്റാർക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

റിസ്വാനു പകരം എത്തിയ് ആസിഫ് അലി (0) നേരിട്ട ആദ്യ പന്തിലും, ശുഐബ് മാലിക് (1) നേരിട്ട രണ്ടാം പന്തിലും പുറത്തായെങ്കിലും ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ച സമാൻ പാക്കിസ്ഥാനെ മികച്ച ടോട്ടലിൽ എത്തിച്ചു. വമ്പനടിക്കാരൻ ആസിഫ് അലിയെ (0) പാറ്റ് കമ്മിൻസ് മടക്കി. തുടർന്നെത്തിയ ഷുഐബ് മാലിക്കിനും (1) തിളങ്ങാനായില്ല.

ഓസീസിനായി മിച്ചെൽ സ്റ്റാർക് 4 ഓവറിൽ 38 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ആദം സാംപ 4 ഓവറിൽ 22 റൺസ് വഴങ്ങയും, പാറ്റ് കമ്മിൻസ് 30 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ, പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.