- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എറിഞ്ഞ് വിറപ്പിച്ച് ദക്ഷിണാഫ്രിക്ക; ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെ; രക്ഷകരായി മാക്സ്വെല്ലും സ്മിത്തും; ആവേശപ്പോരിൽ അഞ്ച് വിക്കറ്റ് ജയത്തോടെ അരോൺ ഫിഞ്ചും സംഘവും; വിൻഡീസ് - ഇംഗ്ലണ്ട് മത്സരം പുരോഗമിക്കുന്നു
അബുദാബി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിലെ ആവേശ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം മൂന്നു പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. പതിനാറാം ഓവർ കഴിഞ്ഞപ്പോൾ 83-5 എന്ന നിലയിൽ പതറിയ ഓസീസിനെ ആറാം വിക്കറ്റിൽ 38 റൺസ് കൂട്ടിച്ചേർത്ത മാർക്കസ് സ്റ്റോയ്നിസും മാത്യു വെയ്ഡും ചേർന്നാണ് വിജയതീരമടുപ്പിച്ചത്. 35 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. സ്കോർ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 118-9, ഓസ്ട്രേലിയ 19.3 ഓവറിൽ 121-5.
ചെറിയ സ്കോർ പ്രതിരോധിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഓസീസ് ബാറ്റ്സ്മാന്മാരെ തുടക്കത്തിൽ വിറപ്പിക്കുകയും ചെയ്തു. 35 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ സ്കോർ ബോർഡിൽ 20 റൺസെത്തിയപ്പോഴേക്കും ഓപ്പണർമാരായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും(0) ഡേവിഡ് വാർണറും(14) ഡഗ് ഔട്ടിൽ തിരിച്ചെത്തി. പിന്നീട് മിച്ചൽ മാർഷുമൊത്ത് സ്റ്റീവ് സ്മിത്ത് ഓസീസിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും മാർഷിനെ(11) മടക്കി കേശവ് മഹാരാജ് ഓസീസിനെ പ്രതിസന്ധിയിലാക്കി. 15 പന്തിൽ നിന്ന് 14 റൺസെടുത്ത വാർണറെ അഞ്ചാം ഓവറിൽ റബാദ മടക്കിയപ്പോൾ 17 പന്തിൽ 11 റൺസെടുത്ത മിച്ചൽ മാർഷിനെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു.
പിന്നാലെ നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തും ഗ്ലെൻ മാക്സ്വെല്ലും ചേർന്ന് ഓസീസിനെ ട്രാക്കിലാക്കി. സ്മിത്ത് - മാക്സ്വെൽ സഖ്യം ഓസീസിനെ 80 റൺസ് വരെയെത്തിച്ചു. 34 പന്തിൽ നിന്ന് 35 റൺസെടുത്ത സ്മിത്തിനെ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കിയ ഏയ്ഡൻ മാർക്രം ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. 16-ാം ഓവറിൽ തബ്റൈസ് ഷംസിയെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള മാക്സ്വെല്ലിന്റെ ശ്രമം പാളി. 21 പന്തിൽ 18 റൺസുമായി മാക്സ്വെൽ മടങ്ങിയതോടെ ഓസീസ് വിറച്ചു.
അവസാന നാലോവറിൽ ജയിക്കാൻ 36 റൺസ് വേണമെന്ന ഘട്ടത്തിൽ ഒത്തുചേർന്ന സ്റ്റോയ്നിനും വെയ്ഡും ചേർന്ന് കൂടുതൽ അപകടങ്ങളില്ലാതെ ഓസീസിനെ ജയത്തിലേക്ക് നയിച്ചു. സ്റ്റോയ്നിസ് 16 പന്തിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്നു. വെയ്ഡ് 10 പന്തിൽ നിന്ന് 15 റൺസെടുത്തു. സ്ലോ പിച്ചിൽ അഞ്ച് ബൗളർമാരുമായി ഇറങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കക്കായി നോർട്യ രണ്ടു വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനേ സാധിച്ചുള്ളൂ. 36 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 40 റൺസെടുത്ത ഏയ്ഡൻ മാർക്രമിന് മാത്രമാണ് ഓസീസ് ബൗളിങ് നിരയ്ക്കെതിരേ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്.
ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ടെമ്പ ബാവുമയെ (12) നഷ്ടമായി. പിന്നാലെ മൂന്നാം ഓവറിൽ റാസ്സി വാൻഡെർ ദസ്സനും (2) മടങ്ങി. ഹെയ്സൽവുഡെറിഞ്ഞ അഞ്ചാം ഓവറിൽ മോശം ഷോട്ടിന് ശ്രമിച്ച ക്വിന്റൺ ഡിക്കോക്കിന്റെ ബാറ്റിൽ തട്ടി പന്ത് വിക്കറ്റിലേക്ക് വീണതോടെ ദക്ഷിണാഫ്രിക്കയുടെ തകർച്ചയും തുടങ്ങി. പുറത്താകുമ്പോൾ ഏഴു റൺസായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം.
എട്ടാം ഓവറിൽ ഹെയ്ന്റിച്ച് ക്ലാസെനെ (13) പുറത്താക്കി പാറ്റ് കമ്മിൻസും വരവറിയിച്ചു. പിന്നാലെ 14-ാം ഓവറിൽ ആദം സാംപയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലർ (16) വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മാർക്രം മാത്രമായി. എന്നാൽ 18-ാം ഓവറിൽ മിച്ചൽ സ്റ്റാർക്ക് മാർക്രമിനെ മാക്സ്വെല്ലിന്റെ കൈയിലെത്തിച്ചതോടെ പ്രോട്ടീസിന്റെ പ്രതീക്ഷ അവസാനിച്ചു.
ഡ്വെയ്ൻ പ്രെറ്റോറിയസ് (1), കേശവ് മാഹാരാജ് (0), ആന്റിച്ച് നോർക്യ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഓസീസിനായി ഹെയ്സൽവുഡും ആദം സാംപയും മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്പോർട്സ് ഡെസ്ക്