മുംബൈ: ആടുകളത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ താരമാണ് തപ്‌സി പന്നു. മലയാളത്തിൽ ഡബിൾസിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ താരം പിങ്ക്, നാം ഷബാന, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിന്റെയും പ്രിയതാരമായി മാറിയിരുന്നു. തനിക്ക് സിനിമ എന്ന സ്വപ്‌നം ഉണ്ടായിരുന്നില്ലെന്നും നല്ല വേഷങ്ങൾ വന്നപ്പോൾ അത് തുടർന്നതാണെന്നും താരം പറയുന്നു.

'ബോളിവുഡ് എന്റെ ചിന്തയിലേ ഇല്ലായിരുന്നു, പുതിയത് എന്തെങ്കിലും ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ എന്റെ ആദ്യ ചിത്രം ചെയ്തത്. അല്ലാതെ കരിയർ ആക്കാനല്ല. ആദ്യ ചിത്രങ്ങളായ ജുമ്മാണ്ടി നാദവും ആടുകളവും പുറത്തിറങ്ങിയപ്പോൾ ഞാൻ പ്രേക്ഷകരുടെ പ്രതികരണം ശ്രദ്ധിച്ചിരുന്നു. ഞാൻ വളരെ മോശമായി ചെയ്തെന്ന് തോന്നിയ ഒന്നും പ്ലാൻ ചെയ്യാതെ ഒന്നും ആഗ്രഹിക്കതെ ചെയ്ത ചിത്രങ്ങൾക്ക് ഇത്രയും നല്ല പ്രതികരണം ലഭിച്ചെങ്കിൽ ഞാൻ എന്റെ കരിയറായി സിനിമ തിരഞ്ഞെടുത്ത് നല്ല പോലെ ചെയ്താൽ എങ്ങനെയാകുമെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെയാണ് ഇത് തുടങ്ങിയത്

സാമ്ബത്തികമായി വിജയിച്ച ചിത്രത്തിൽ അഭിനയിക്കുന്നത് എല്ലാവർക്കും ഗുണകരമാണ്. ബേബി എന്ന ചിത്രത്തിൽ എനിക്ക് പത്തു മിനിറ്റിന്റെ വേഷമേ ഉണ്ടായിരുന്നുള്ളു. എന്നാൽ നാം ഷബാനയിൽ എനിക്ക് ടൈറ്റിൽ കഥാപാത്രമായിരുന്നു . ഇത് ചിലപ്പോ ചില നടിമാർക്ക് വർഷങ്ങളോളം അഭിനയിച്ചാലും ലഭിക്കണമെന്നില്ല. നിങ്ങൾക്ക് ലഭിക്കുന്ന വേഷം നിങ്ങൾ എങ്ങനെ ചെയ്യുന്നു എന്നതാണ് കാര്യം.

ഇന്നത്തെ കാലത്ത് സുരക്ഷിതമായ കാര്യങ്ങൾ മാത്രം ചെയ്യുക എന്നത് ചിന്തിക്കാൻ ആകില്ല. എനിക്ക് സുരക്ഷിതമായി കാര്യങ്ങൾ ചെയ്യണമെന്നുണ്ടായിരുന്നെങ്കിൽ ഞാൻ ഈ മേഖലയിൽ ഉണ്ടാകില്ലായിരുന്നു. ഇവിടെ നമ്മൾ മത്സരങ്ങളിലേക്ക് എടുത്തു ചാടണം ഓരോ നിമിഷവും നമ്മുടെ സാമർഥ്യം തെളിയിക്കണം.

'എനിക്ക് പരാതികളൊന്നുമില്ല. എന്റെ പ്രേക്ഷകർ എന്നോട് കരുണയുള്ളവരായിരുന്നു. എനിക്കീ മേഖലയിൽ ഗോഡ്ഫാദർമാരില്ല. ഞാൻ സിനിമാ പാരമ്ബര്യമുള്ള വ്യക്തിയല്ല എന്നത് മനസിലാക്കി ആ പരിഗണന എനിക്കവർ തന്നു. അവർ എന്റെ ജോലിയിലൂടെയാണ് എന്നെ അറിയുന്നത് മറ്റൊന്നും കൊണ്ടല്ല. അതിലെനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് ഒന്നിനെക്കുറിച്ചും കുറ്റബോധമില്ല. ഞാൻ മെല്ലെയാണെങ്കിലും ദൃഢമായാണ് മുന്നോട്ട് പോകുന്നത്.' തപ്‌സി പറഞ്ഞു.