- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസത്തിനിടെ പേ വിഷബാധമൂലം മരിച്ചത് 13 പേർ; വാക്സിനെടുത്തിട്ടും 19കാരി മരിച്ചത് ഞെട്ടിപ്പിക്കുന്നത്; ഇത് കോവിഡ് വാകിസിനേഷന്റെ പാർശ്വഫലമോ? സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും പാളിയോ; കേരളാ ആരോഗ്യ മോഡൽ വീണ്ടും പ്രതിക്കൂട്ടിൽ; പേ വിഷപ്പേടിയിൽ കേരളം!
കോഴിക്കോട്: കേരളം ലോകത്തിന് മാതൃകയാണെന്നും ആരോഗ്യമേഖലയിൽ നമ്പർ വൺ ആണെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ, കോവിഡിന്റെ അതി തീവ്രമായ വ്യാപനത്തിൽ പൊളിഞ്ഞ് പോയത് നാം കണ്ടതാണ്. ഇപ്പോഴിതാ കേരളത്തിലെ ആരോഗ്യ മേഖലയിൽ കടുത്ത ആശങ്ക പരത്തിക്കൊണ്ട് സംസ്ഥാനത്ത് പേ വിഷപ്പേടി ശക്തമായിരിക്കയാണ്. പാലക്കാട് ജില്ലയിലെ മങ്കരയിൽ അയൽപക്കത്തെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിൻ എടുത്തിട്ടും പത്തൊമ്പതുകാരിയായ ശ്രീലക്ഷ്മി മരിച്ച വാർത്ത കേരളത്തെ നടുക്കിയിരുന്നു. മെയ് 30ന് കോളേജിലേക്ക് പോകുന്നതിനിടെയാണ് ശ്രീലക്ഷ്മിക്ക് നായയുടെ കടിയേറ്റത്. തുടർന്ന് വാക്സിന്റെ മുഴുവൻ കോഴ്സുകളും സ്വീകരിച്ചുവെങ്കിലും പേവിഷബാധ ഏൽക്കുകയായിരുന്നു.
ഇതോടെ കേരളത്തിൽ മുമ്പ് സജീവമായിരുന്ന വാക്സിൻ വിരുദ്ധലോബിയും വാട്സാപ്പിലുടെയും ഫേസ്‌ബുക്കിലുടെയും ഭീതി വ്യാപാരം തുടങ്ങിയിരിക്കയാണ്. കോവിഡ് വാക്സിനേഷൻ എടുത്തതിന്റെ പാർശ്വഫലമാണ് റാബീസ് വാക്സിൻ ഏൽക്കാത്തതെന്നുള്ള നട്ടാൽ മുളക്കാത്ത നുണയൊക്കെയാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഒരു വാക്സീൻ മറ്റൊരുവാക്സിനെ തടസപ്പെടുത്തുകയില്ല എന്ന അടിസ്ഥാന തത്വം പോലും അറിയാതെയാണ് ഇവർ പ്രചാരണം നടത്തുന്നത്. കോവിഡ് വാക്സിൻ തീർത്തും സുരക്ഷിതമാണ്. അത് മറ്റൊന്നിനെയും ബാധിക്കില്ല.
അതേസമയം ഏതാണ്ട് നൂറുശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയതാണ് റാബീസ് വാക്സിൻ. ഇത് പാളിയത് ആ വാക്സിന്റെ എന്തെങ്കിലും കുഴപ്പം കൊണ്ടല്ല. ശ്രദ്ധയോടെ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വന്ന പിഴവാണ് പലപ്പോഴും വില്ലനാവുന്നത്. ഇവിടെ എന്താണ് സംഭവിച്ചത് എന്നത് കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ ഉറപ്പിക്കാൻ കഴിയൂ.
ആറുമാസത്തിനിടെ മരിച്ചത് 13 പേർ
അതിനിടെ കേരളത്തിൽ പേ വിഷബാധയേറ്റ് കഴിഞ്ഞ ആറു മാസത്തിനിടെ 13 പേർ മരിച്ചുവെന്നതും ഞെട്ടിക്കുന്നതാണ്്. ഈ മാസം മാത്രം മരണം മൂന്നായി. മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം ഏറെയും. ഈ വർഷം ഏപ്രിൽ 10 വരെ ഉള്ള സമയത്ത് മൂന്നു പേർക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു. ഇന്നലെ വരെ മരണം 13. വളർത്തു മൃഗങ്ങളുടെ കടിയേറ്റാൽ ,അത് ഗൗരവമാക്കാത്തതും കൃത്യ സമയത്ത് ചികിൽസ തേടുന്നതിൽ വരുന്ന വീഴ്ചയും പേ വിഷബാധയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുണ്ട്.
അതേസമയം ആശങ്കയാകുന്നത് മറ്റൊരു കാര്യമാണ്. പൂർണ വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ. വാക്സിൻ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വാക്സിൻ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്‌പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാൻ ഒരാഴ്‌ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാൻ ഇമ്യൂണോ ഗ്ലോബുലിൻ പോലുള്ളവ നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്‌ക്രിയമാക്കാൻ ഐഡിആർവി, മോണോക്ലോണൽ ആന്റിബോഡി ഉൾപ്പടെ നൽകാറുണ്ട്. ഇത് ശീലക്ഷ്മിക്ക് കൊടുത്തിട്ടില്ല എന്നാണ് അറിയുന്നത്. എന്തായാലും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ വീഴ്ചയാണ് ഇത് വിരൽ ചൂണ്ടുന്നത്.
പ്രത്യേകപരിശീലനം സിദ്ധിച്ച നഴ്സുമാർ വേണം
റാബിസ് വാക്സിനുകൾ ലൈവ് വാക്സിനുകൾ ആണ്. അവ ശരിയായ ഊഷ്മാവിൽ സംരക്ഷിച്ചില്ലെങ്കിൽ (സൂക്ഷിച്ചില്ലെങ്കിൽ )ആ വാക്സിൻ സംരക്ഷണം നൽകില്ല. ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കില്ല. കുത്തിവെക്കുന്ന പ്രക്രിയയിൽ വരുന്ന സാങ്കേതികപ്പിഴവും വാക്സിൻ പരാജയപ്പെടാൻ കാരണമായേക്കാം. പോയിന്റ് വൺ മില്ലിയാണ് ചർമപാളികളിലേക്ക് കുത്തിവെക്കുന്നത്. അത് പ്രത്യേകപരിശീലനം ലഭിച്ച നഴ്സുമാർക്ക് മാത്രമേ കുത്തിവെക്കാൻ പറ്റൂ. അതുമാറിയാൽ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല.
കൂടാതെ വാക്സിൻ സൂക്ഷിക്കുന്ന പ്രക്രിയയിലെ സാങ്കേതികപ്പിഴവും കരുതലോടെ സമീപിക്കേണ്ടതാണ്. 2.8 ഡിഗ്രി സെൽഷ്യസിലാണ് ഇവ സൂക്ഷിക്കേണ്ടത്. ഇതിലുണ്ടാകുന്ന പിഴവുമൂലം വാക്സിന്റെ ഗുണമേന്മയിൽ മാറ്റം വന്നേക്കാം. ഒരു വാക്സിൻ തുറന്നു കഴിഞ്ഞാൽ എട്ടുമണിക്കൂറിനുള്ളിൽ അത് ഉപയോഗിച്ച് തീർക്കണം. അഞ്ചുപേർക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാക്കിയുള്ളവ ഉപയോഗശൂന്യമായി എന്നാണർഥം. അത് കൃത്യതയോടെ കൈകാര്യം ചെയ്യാത്തതും വിപരീതഫലമുണ്ടാക്കാം.
വളരെ സൂക്ഷ്മതയോടെ ആയിരുന്നു പണ്ടൊക്കെ ഇത്തരം വാക്സിനുകൾ സംരക്ഷിച്ചിരുന്നത്. അടുത്തകാലത്തായി, കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പ്രകടനം വളരെ മോശം ആണ്. സൂപ്പർവിഷൻ വളരെ മോശം. പിഴവുകൾ കണ്ടെത്തിയാൽ, ശരിയായ ശിക്ഷാ നടപടികൾ ഇല്ല. കുറ്റക്കാരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ കേരളത്തിലും വ്യാപകമാണ്. ഒപ്പം കൃത്യമായ ഡോസ് പൂർത്തിയാക്കാതിരിക്കുക, മുറിവ് നന്നായി കഴുകാതിരിക്കുക എന്നതെല്ലാം വാക്സിൻ പരാജയപ്പെടുത്തുന്ന കാര്യങ്ങളാണ്.
കഴുത്തിൽ കടിയേറ്റാൽ അതീവ ജാഗ്രത
ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ കടിയേൽക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തിൽ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷൻ നൽകുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം. കടിയേറ്റ സമയത്ത് വൈറസ് നേരിട്ട് നാഡീഞരമ്പുകളിലേക്കാണ് പ്രവേശിക്കുന്നതെങ്കിൽ നേരിട്ട് മസ്തിഷ്‌കത്തിലേക്കെത്തുന്നതു വഴി വാക്സിനെടുത്താൽ പോലും ഫലിക്കണമെന്നില്ല. രക്തത്തിൽ കലരുന്ന വൈറസുകളെ നിർജീവമാക്കാനേ ഈ വാക്സിൻ പര്യാപ്തമാവുകയുള്ളു. ഇവിടെ മുറിവിന്റെ ആഴക്കൂടുതലാണോ ശ്രീലക്ഷ്മിയുടെ കാര്യത്തിൽ പ്രശ്നം ആയത് എന്ന് പരിശോധിക്കുന്നുണ്ട്.
റാബ്‌ഡോവിറിഡേ കുടുംബത്തിൽപ്പെട്ട ആർ.എൻ.എ. വൈറസാണ് റാബിസ് വൈറസ്. മൃഗങ്ങളുടെ കടിയേൽക്കുക വഴി വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചാൽ 20 മുതൽ 90 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. കടിയേറ്റ മുറിവിൽ നിന്നും നാഡികളിലൂടെ സുഷുമ്‌നാ നാഡിയിലും തലച്ചോറിലുമെത്തിച്ചേരുന്ന വൈറസ് അവിടെവെച്ച് പെരുകുന്നു. അവിടെനിന്ന് തിരിച്ച് നാഡികളിലൂടെത്തന്നെ യാത്രചെയ്ത് ഉമിനീർഗ്രന്ഥി, ഹൃദയം, ചർമം എന്നിവിടങ്ങളിലെത്തിച്ചേരുന്നു. രക്തപ്രവാഹത്തിലൂടെ വൈറസ് സഞ്ചരിക്കുന്നില്ല.
വാക്സിൻ എടുത്ത ആദ്യദിവസവുംതുടർന്ന് 3, 7, 28 ദിവസങ്ങളിലുമാണ് കുത്തിവെപ്പ് എടുക്കേണ്ടത്. പേശികളിൽ കുത്തിവയ്ക്കുന്നതിനേക്കാൾ (0.5) വളരെക്കുറച്ച് അളവ് മാത്രമേ (0.1 എം.എൽ.) ഇൻട്രാഡെർമൽ ഇഞ്ചക്ഷന് ആവശ്യമുള്ളൂ. കൂടുതലാളുകൾക്ക് വാക്സിൻ ലഭ്യമാക്കാൻ ഇതുമൂലം കഴിയുന്നു. ഇൻട്രാമസ്‌കുലർ (0.5)എം.എൽ.വാക്സിൻ തോൾപേശിയിലേക്ക് കുത്തിവയ്ക്കുന്നു. 0, 3, 7, 14, 28 എന്നിങ്ങനെ അഞ്ചുദിവസങ്ങളിലായിട്ടാണ് കുത്തിവെപ്പെടുക്കേണ്ടത്.
മൃഗങ്ങൾ നക്കിയാലും ശ്രദ്ധിക്കണം
വളർത്തുമൃഗങ്ങൾ കടിച്ചാൽ അവയ്ക്ക് കൃത്യസമയത്ത് കുത്തിവെപ്പ് എടുത്തതാണെന്നും അതിനാൽ പ്രശ്നമില്ലെന്നും പറഞ്ഞ് നിസ്സാരമായി തള്ളിക്കളയുന്നവരുണ്ട്. എന്നാൽ അക്കാര്യത്തെയും ഗൗരവമായി സമീപിക്കേണ്ടതുണ്ട്.
മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പെടുത്താലും അവയുടെ ഇമ്മ്യൂണിറ്റിയിന്മേൽ ഉറപ്പു പറയാനാവില്ല, അതിനാൽ അവ കടിച്ചാൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വേണ്ട പ്രഥമശുശ്രൂഷയും വാക്സിനെടുക്കുന്നതുമാണ് നല്ലത്. ശരീരത്തിൽ മുറിവുണ്ടെങ്കിൽ അതിൽ ഇവ നക്കിയാൽ പോരും വിഷം ശരീരത്തിലേക്ക് കടന്നേക്കാം. മുറിവുകളില്ലാത്ത തൊലിപ്പുറത്ത് മൃഗങ്ങൾ നക്കിയാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഈ സന്ദർഭത്തിൽ പ്രതിരോധമരുന്ന് ആവശ്യമില്ല.
മുറിവിന്റെ പ്രഥമശുശ്രൂഷയാണ് ഏറ്റവും പ്രധാനം. അത് കൃത്യതയോടെ കൈകാര്യം ചെയ്യുകവഴി 90ശതമാനം രോഗബാധയെയും ഇല്ലാതാക്കാം. മുറിവ് സോപ്പുവെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. തുടർന്ന് കടിച്ച മൃഗത്തെ പത്തുദിവസം നിരീക്ഷിക്കേണ്ടതുണ്ട്. വീട്ടിൽ വളർത്തുന്ന മൃഗമാണെങ്കിൽ, ചെറിയ തോതിലുള്ള കടിയേ ഏറ്റുള്ളുവെങ്കിൽ വാക്സിന്റെ എല്ലാ കോഴ്സുകളും സ്വീകരിക്കണമെന്നില്ല. നാലു ഡോസും എടുക്കുന്നതിന് പകരം രണ്ടെണ്ണം എടുത്താൽ മതിയാവും. ഇനി ഇതിനിടയ്ക്ക് അതിന് എന്തെങ്കിലും രോഗബാധ പ്രകടിപ്പിച്ചാൽ കൃത്യമായ വാക്സിൻ എടുത്തിരിക്കണം. കുത്തിവെപ്പെടുത്ത മൃഗങ്ങളാണെങ്കിൽപ്പോലും വാക്സിനെടുക്കുന്നതിൽ വിമുഖത കാണിക്കാതിരിക്കുന്നതാവും നല്ലത്. മുറിവുള്ള തൊലിപ്പുറത്ത് നക്കുകയോ കടിയേറ്റ് രക്തം വരുംവിധം മുറിവുകളുണ്ടാവുകയോ ചെയ്താൽ വൃത്തിയായി കഴുകിയശേഷം ആന്റി റാബിസ് ഇമ്യുണോഗ്ലോബുലിനും പ്രതിരോധകുത്തിവെപ്പും ആരംഭിക്കണം.
വിദ്യാലയങ്ങളിൽ ബോധവത്ക്കരണം വേണം
പേ വിഷബാധ തടയുന്നതിനായി വളർത്തുപട്ടികൾക്ക് ലൈസൻസ് നിർബന്ധം ആക്കുക, വാക്സിനേഷൻ നിർബന്ധം ആക്കുക തുടങ്ങിയവ കാലങ്ങളായി ജനകീയ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നതാണ്. ഇന്നുവരെ സർക്കാർ വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധം ആക്കി നിയമം നിർമ്മിക്കാൻ തയ്യാറായിട്ടില്ല. റാബിസ് വൈറസുകൾ, തലച്ചോറിലെ ന്യൂറോണുകളിൽ ആണ് വളർന്നു പെരുകുന്നത്. പേ വിഷ ബാധയുടെ ലക്ഷണങ്ങൾ പ്രകടമായ ശേഷം ജീവൻ രക്ഷിക്കുക ബുദ്ധിമുട്ട് ആണ്. ലോകത്തിൽ ആകെ ഒമ്പതോളം ആളുകൾ മാത്രമാണ് അങ്ങനെ രക്ഷപെട്ടിട്ടുള്ളത്.
അതുപോലെ വിദ്യാലയങ്ങളിൽ ഇതുസംബന്ധിച്ച ബോധവത്ക്കരണവും അനിവാര്യമാണ്. ശാസ്ത്രപ്രഭാഷകനും എഴുത്തുകാരനുമായ ജോസഫ് വടക്കൻ തോമസ് ഇങ്ങനെ എഴുതുന്നു. 'പലപ്പോഴും കുട്ടികൾ മൃഗങ്ങളിൽനിന്ന് ഏൽക്കുന്ന കടികളും മറ്റും പുറത്ത് പറയാറില്ല. നമ്മുടെ സ്‌കൂളുകളിൽ, പാമ്പുകടിച്ചാൽ എന്തുചെയ്യണം, പട്ടി കടിച്ചാൽ എന്ത് ചെയ്യണം എന്നൊന്നും പഠിപ്പിക്കുന്നുമില്ല. പാമ്പിൻ വിഷത്തിന്, ആന്റി വെനം നൽകിയുള്ള ചികിത്സയാണ് വേണ്ടത്. പട ചികിത്സകൾ ആളുകളെ കൊല്ലും എന്ന് കുട്ടികളെ പഠിപ്പിക്കുന്നില്ല. പേയിളകിയ നായ കടിച്ചാൽ എന്തുചെയ്യണം എന്ന് കുട്ടികളെ പഠിപ്പിക്കണം.
നായ കടിച്ച മുറിവ് ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. എത്രയും വേഗം പ്രതിരോധ വാക്സിൻ കുത്തിവക്കണം. നമ്മുടെ ആളുകൾ ആശുപത്രിയിൽ എത്താൻ സമയം കൂടുതൽ എടുക്കുന്നുണ്ട്. അതിന് പുറമേ ആശുപത്രിയിൽ ഉണ്ടാകുന്ന കാലതാമസം വേറെയും. പേപ്പട്ടി കടിച്ച് ആശുപത്രിയിൽ എത്തുന്നവർക്ക് എത്രയും വേഗം വാക്സിൻ നൽകാനുള്ള സംവിധാനം ഉണ്ടാകണം. മുറിവിന് ചുറ്റുമായി ഇമ്മുണോ ഗ്ലോബുലിൻ കുത്തിവക്കണം . വാക്സിൻ പൊട്ടൻസി നഷ്ടപ്പെടാതെ സൂക്ഷിച്ചതാണെന്ന് ഉറപ്പുവരുത്തണം.''- അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട്ടെ മരണത്തിൽ എന്താണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നതിന്റെ അപായ സൂചനതന്നെയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ