പാലക്കാട്: മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കു വേണ്ടി പാഴാക്കിക്കളയേണ്ടതല്ല ഇന്നത്തെ തലമുറയുടെ ജീവിതമെന്നും, സ്വന്തം സ്വപ്നങ്ങളാണ് അവരെ വഴിനടത്തേണ്ടതെന്നും സിവിൽസർവ്വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയും, പ്രചോദനാത്മക പ്രഭാഷകയുമായഇറാ സിംഗാൾ അഭിപ്രായപ്പെട്ടു.

ശാന്തിനികേതൻ കേരള ഫോറം എന്ന സാമൂഹിക സംഘടന നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷനുമായി ചേർന്ന് സംഘടിപ്പിച്ച ടാഗോർ കർമ്മരത്‌ന പുരസ്‌കാരദാന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഇറാ സിംഗാൾ.62 ശതമാനത്തി ലധികം ചലനേന്ദ്രിയങ്ങളുടെ വൈകല്യവും, സ്‌കോളിയോസിസ് എന്ന രോഗവുമുണ്ടായിട്ടും, അതിനെ അതീജീവിച്ച് ഒന്നാം റാങ്ക് നേടിയ ഇറാ സിംഗാൾഇന്ന് രാജ്യത്തുടനീളം സഞ്ചരിച്ച് അനേകലക്ഷം ചെറുപ്പക്കാർക്ക് പ്രചോദനം നൽകുന്നത്പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്.

സ്ത്രീകളും, ഭിന്നശേഷിക്കാരും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃത്വരംഗത്തേയ്ക്കും കടന്നുവരണമെന്നും പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരംനമ്മുടെയിടയിൽ രൂപപ്പെടുത്തിയെടുക്കണമെന്നും ഇറാ സിംഗാൾ കൂട്ടിച്ചേർത്തു.ഒറ്റപ്പാലം സബ്കളക്ടർ ജെറോമിക് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാന്തിനികേതൻ കേരളഫോറം ഡയറക്ടർ ജോബിൻ എസ്. കൊട്ടാരം അധ്യക്ഷത വഹിച്ച ചടങ്ങിൽ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സിഇഒ.യും സെക്രട്ടറിയും മുൻ സിൻഡിക്കേറ്റ് അംഗവുമായ ഡോ. പി. കൃഷ്ണകുമാർ അവാർഡ് സമ്മാനിച്ചു. ഡോ. പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജർ എം.ശ്രീനിവാസ്, പാലക്കാട് നെഹ്‌റു സിവിൽ സർവ്വീസ് അക്കാദമി കോർഡിനേറ്റർ ജോസ്‌വിൽസൺ എന്നിവർ പ്രസംഗിച്ചു.

2017 ലെ സിവിൽ സർവീസ് പരീക്ഷയിൽ 125-ാം റാങ്ക് നേടി ഇന്ത്യൻ ഫോറിൻ സർവ്വീസിലേക്ക് പ്രവേശിക്കുന്ന നെഹ്‌റു സിവിൽ സർവ്വീസ് അക്കാദമിയിലെ അദ്ധ്യാപകൻ സതീഷ് ബി.കൃഷ്ണനെ ഇറാ സിംഗാൾ പൊന്നാടണിയിച്ച് ആദരിച്ചു.പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി അഞ്ഞൂറോളം മാതാപിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.