തായിഫ്: ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ നവജാത ശിശുവിന് സംസ്‌ക്കാര ചടങ്ങിനിടയിൽ ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ സൗദി പട്ടണമായ തായിഫിലെ ആശുപത്രി അടച്ചുപൂട്ടൽ ഭീഷണിയിൽ. ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ച നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയം ആശുപത്രിക്കെതിരെ നടപടിക്കൊരുങ്ങുന്നത്.

ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിൽ സംസ്‌ക്കാര ചടങ്ങുകൾക്കിടയിൽ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് സൗദി പൗരയായ യുവതിയെ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 3.50ഓടെ പ്രസവം നടന്നു. ഇരട്ട കുട്ടികളായിരുന്നു. ഇതിൽ പെൺകുട്ടിക്ക് പ്രസവ സമയത്ത് ജീവനില്ലായിരുന്നു. ആൺകുട്ടിക്ക് ജീവനുണ്ടായിരുന്നുവെങ്കിലും രാത്രി 7.15ഓടെ ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിക്കുക യായിരുന്നു.

തുടർന്ന് ഇരട്ട കുട്ടികളെ ആശുപത്രി അധികൃതർ സംസ്‌ക്കാരങ്ങൾക്കായി വിട്ടുകൊടുത്തു. എന്നാൽ കുളിപ്പിക്കുന്നതിനിടയിൽ ആൺകുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഉടനെ കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുല്ല ബിൻ അബ്ബാസ് പള്ളിയിൽ നടന്ന പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം അൽ അബ്ബാസ് ഖബറിസ്ഥാനിലാണ് ആൺകുട്ടിയേയും അവന്റെ ഇരട്ട സഹോദരിയേയും സംസ്‌ക്കരിക്കാനൊരുങ്ങിയത്. ഇതിനിടിയിൽ ആൺകുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടിയെ മരിച്ചതായി പ്രഖ്യാപിച്ച ആശുപത്രി ആരോഗ്യവകുപ്പ് ഡയറക്ടർ സന്ദർശിച്ച് പരിശോധന നടത്തും. അതിന് ശേഷമായിരിക്കും ആശുപത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് വക്താവ് സലേഹ് അൽ മൂനിസ് പറഞ്ഞു.