ന്യൂഡൽഹി: കാക്കി നിക്കറും വെള്ള ഷർട്ടുമണിഞ്ഞ് അടിവച്ച് നീങ്ങുന്നവരുടെ സ്ഥാനത്ത്, നിറപ്പകിട്ടാർന്ന ടിഷർട്ടും പാന്റ്‌സുമണിഞ്ഞ ആർഎസ്എസ്സുകാരെ സങ്കൽപ്പിക്കാൻ സാധിക്കുമോ? യുവാക്കളെ ആർ.എസ്.എസ്സിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന തടസ്സം കാക്കി നിക്കറാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇതിന് പകരം പാന്റ്‌സാക്കണമെന്നതാണ് ഇവരുടെ വാദം.

യുവാക്കളെ ആകർഷിക്കുന്ന തരത്തിലേക്ക് സംഘത്തിന്റെ യൂണിഫോം മാറ്റണമെന്ന് റാഞ്ചിയിൽ കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ ആവശ്യമുയർന്നിരുന്നു. പരിഷ്‌കരിച്ച മാതൃകയിലുള്ള യൂണിഫോം അവിടെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം മാർച്ചിൽ നാഗ്പുരിൽ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിൽ ചർച്ച ചെയ്യാമെന്ന് സംഘ നേതൃത്വം തീരുമാനിച്ചു. ആർ.എസ്.എസ്സിന്റെ പരമോന്നത സമിതിയാണ് പ്രതിനിധി സഭ.

സർസംഘചാലക് മോഹൻ ഭാഗവതും സർകാര്യവാഹ് ഭയ്യാജി ജോഷിയും പുതിയ യൂണിഫോം മാതൃകയോട് യോജിപ്പാണ് പ്രകടിപ്പിച്ചതെന്ന് ആർ.എസ്.എസ്. കേന്ദ്രങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ചില മുതിർന്ന നേതാക്കൾ ഈ മാറ്റത്തോട് യോജിക്കുന്നവരല്ല. 2010-ലാണ് ഏറ്റവുമൊടുവിൽ ആർ.എസ്.എസ് യൂണിഫോമിൽ മാറ്റം വന്നത്. കാൻവാസ് ബെൽറ്റിന് പകരം ലെതർ ബെൽറ്റ് ഉപയോഗിച്ചതായിരുന്നു ആ മാറ്റം.

രണ്ടുതരത്തിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ പരിഗണിക്കുന്നത്. വെള്ളയോ നിറമുള്ളതോ ആയ ടി ഷർട്ടും കറുത്ത പാന്റുമാണ് അതിലൊന്ന്. ഇതിനൊപ്പം കാക്കി സോക്‌സും കാൻവാസ് ഷൂസും ധരിക്കാം. മറ്റൊന്ന് വെള്ള ഫുൾ സ്ലീവ് ഷർട്ടും പാന്റ്‌സുമാണ്. പാന്റിന് കാക്കിയോ നീലയോ തവിട്ട് നിറമോ ആകാം. ലെതറിന്റെയോ റെക്‌സിന്റെയോ കറുത്ത ഷൂസും കാക്കി സോക്‌സും ഇതിനൊപ്പം ഉപയോഗിക്കാം. രണ്ട് യൂണിഫോമിലും ഇപ്പോഴത്തെപ്പോലെ കറുത്ത തൊപ്പി നിർദേശിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ 50,000 ശാഖകളുണ്ടെന്നാണ് കണക്ക്. ഓരോ ശാഖയിലും പത്ത് സ്വയം സേവകർ വീതമുണ്ടാകും. ഇവർക്കായി അഞ്ചുലക്ഷം യൂണിഫോമുകൾ ആവശ്യമാണ്. പുതിയ യൂണിഫോം കിട്ടുന്ന മുറയ്ക്ക് മാറ്റം വരുത്താമെന്നാണ് തൽക്കാലം തീരുമാനിച്ചിരിക്കുന്നത്.