- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് താങ്ങും തണലുമായി ബാബ് മക്കയിലെ അനാക്ക ടൈലേഴ്സ്
ജിദ്ദ: ജിദ്ദയിലെ പഴയ പ്രവാസികളുടെ ഒത്തു കൂടൽ കേന്ദ്രയിരുന്നു ബാബ് മക്കയിലെ 'അനാക്ക' എന്ന ടൈലറിങ് കട. ഇന്നത്തെപ്പോലെ മൊബൈൽ ഫോണുകളും, ഇന്റർനെറ്റ് ,സോഷ്യൽ മീഡിയ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് പരസ്പര വിശേഷങ്ങൾ പങ്കു വെക്കാനും നാട്ടുകാര്യങ്ങൾ അറിയാനുമൊക്കെ പലരും എത്തിയിരുന്നത് ഇവിടെയായിരുന്നു. നാട്ടുകാരായചിലർ ദിനേനയും മറ്റുള്ളവർ വാരാന്ത്യങ്ങളിലും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നു.
പണ്ട് ഇവിടെ ജോലി ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ ചാപ്പനങ്ങാടി സ്വദേശിയായ പരേതനായ വടക്കൻ അഹ്മദ് കുട്ടി ഹാജി ഇന്നും പഴയ പ്രവാസികൾക്കെല്ലാം ജ്വലിക്കുന്ന ഓർമ്മയാണ്. നാട്ടിൽ നിന്നും ആദ്യമായി ഇവിടെയെത്തുന്നവർക്ക് ആശയും ആശ്രയവുമായിരുന്നു അഹ്മദ് കുട്ടി ഹാജി. ജോലിയില്ലാത്തവർക്ക് ഭക്ഷണവും താമസവും അദ്ദേഹത്തിന്റെ വകയായിരുന്നു.
മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അഹ്മദ് കുട്ടി ഹാജി ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെയും കെഎംസിസിയുടെയും പ്രവർത്തകനായിരുന്നു. ആയതിനാൽ 'അനാക്ക' ലീഗ് പ്രവർത്തകരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു. അന്ന് ബാബ് മക്ക കെഎംസിസിയുടെ ആസ്ഥാനം അനാക്കയായിരുന്നു. കെഎംസിസിയുടെ സെൻട്രൽ കമ്മിറ്റിയിലെയും നാഷണൽ കമ്മിറ്റിയിലെയും നേതാക്കളിൽ പലരും ഇവിടെ നിത്യ സന്ദർശകരായിരുന്നു.
ഹജ്ജ് നിർവഹിക്കാൻ വന്നിരുന്ന മുസ്ലിം ലീഗ് നേതാക്കളിൽ പലരും ഇവിടെ സന്ദർശനം നടത്തിയിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബ്, സമസ്ത വിദ്യാഭ്യസ ബോർഡ് ജനറൽ സെക്രട്ടറിയായിരുന്ന കെ.ടി മാനു മുസ്ലിയാർ, കൂടാതെ ലക്ഷദ്വീപ് സ്വദേശിയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന പി. എം സഈദ് തുടങ്ങിയവരൊക്കെ ഇവിടെ സന്ദർശിച്ചിട്ടുണ്ട്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ചെറിയ മകൻ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു.
പണ്ട് നാട്ടിൽ നിന്നും ആദ്യമായി വരുന്നവർക്ക് താമസം, ഭക്ഷണം ഉൾപ്പെടെ എല്ലാ കാര്യങ്ങളും അഹ്മദ് കുട്ടി ഹാജി ചെയ്തു കൊടുത്തിരുന്നതായും അനാക്ക ടൈലറിങ് ഷോപ്പ് നാട്ടുകാരായ പ്രവാസികൾക്ക് ഒരു അത്താണിയായിരുന്നുവെന്നും ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മുൻ ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി (കുഞ്ഞിപ്പ) പറഞ്ഞു. വാർത്താ വിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് വിവരങ്ങൾ അറിയാനും നാട്ടിൽ നിന്നും വരുന്ന കത്തുകൾ ലഭിക്കാനുമെല്ലാം പ്രവാസികൾ ആശ്രയിച്ചിരുന്നത് അനാക്കയെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ വാരാന്ത്യങ്ങളിൽ ചില സുഹൃത്തുക്കൾ വരാറുണ്ടെന്നും എന്നാൽ പണ്ടത്തെപ്പോലെ മറ്റാവശ്യങ്ങൾക്കൊന്നും ആളുകൾ വരാറില്ലെന്നും ഇവിടെ ജോലി ചെയ്യുന്ന അഹ്മദ് കുട്ടി ഹാജിയുടെ മകനായ നൗഷാദലി എന്ന കുഞ്ഞുട്ടി പറഞ്ഞു. മറ്റൊരു മകനായ അൻവർ മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പിതാവ് അഹ്മദ് കുട്ടി ഹാജിയുടെ സേവന പാരമ്പര്യം മക്കളും കാത്തു സൂക്ഷിക്കുന്നു.
ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ നിലവിൽ വന്നതോടെ അനാഖയിലേക്ക് പ്രവാസികളുടെ ഒഴുക്ക് കുറഞ്ഞു. മാത്രവുമല്ല മലയാളികളുടെ സംഗമ കേന്ദ്രം ബാബ് മക്കയിൽ നിന്നും ഷറഫിയ്യയിലേക്കു പറിച്ചു നടപ്പെട്ടു. ബാബ് മക്കക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടു. മലയാളികളും ബാബ് മക്കയെ കൈവിട്ടു. എന്നാൽ പഴയ പ്രവാസികളുടെ മനസ്സിൽ ബാബ് മക്കയിലെ അനാക്ക ടൈലറിങ് കടയും അവിടെ താങ്ങും തണലുമായിരുന്ന അഹ്മദ് കുട്ടി ഹാജിയും ഇപ്പോഴും പച്ച പിടിച്ചു തന്നെ നിൽക്കുന്നുണ്ട്