ദുബായ്: തായ്‌വാൻ എയർഹോസ്റ്റസുമാരോട് യൂണിഫോമിലെ പതാക മാറ്റി ചൈനീസ് പതാകയുള്ള ബാഡ്ജ് കുത്താൻ ഉത്തരവിറക്കിയ എമിറേറ്റ്‌സ് വിമാന കമ്പനി വിവാദത്തിലായി. തായ്വാനീസ് എയർഹോസ്റ്റസുമാർ സാധാരണയായി അവരുടെ സ്വന്തം രാജ്യത്തിന്റെ പതാകയാണ് കുത്താറ്. എന്നാൽ, ചൈനയുടെ താൽപ്പര്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങി ചൈനീസ് പതാക കുത്തണമെന്ന് കാണിച്ച് എമിറേറ്റ്‌സ് കമ്പനി ഉത്തരവിറക്കുകയായിരുന്നു. തായ്വാനിൽ ചൈനയുടെ താൽപ്പര്യം കാലങ്ങളായി വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുള്ള സംഭവമാണ്.

സംഭവത്തിൽ തായ്വാൻ വിദേശകാര്യ മന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ വിമാന കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധം ഇതോടെ ഉയർന്നിട്ടുണ്ട്. അടിയന്തിരമായി തായ്വാൻ പതാക യൂണിഫോമിൽ നിന്നും നിർബന്ധമായി മാറ്റണമെന്ന് കാണിച്ച് ജീവനക്കാർക്ക് എമിറേറ്റ്‌സ് കമ്പനി കത്തയക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ ചൈനീസ് പതാക യൂണിഫോണിൽ ധരിക്കണമെന്നും കമ്പനി നിർദേശിച്ചും. വൺ ചൈന പോളിസിയാണ് എമിറേറ്റ്‌സ് പിന്തുടരുന്നതെന്നും ഇമെയിലിൽ വ്യക്തമാക്കിയിരുന്നു.

ഈ മെയിൽ ലീക്കായതോടെയാണ് കമ്പനിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. ചൈനീസ് ടെറിട്ടറി തന്നെയാണ് തായ്വാൻ എന്ന വാദമാണ് ചൈന ഉയർത്തുന്നത്. ബീജീംഗും തായ്‌പേയിയും തമ്മിലുള്ള ബന്ധം അടുത്തിടെ കൂടുതൽ വഷളായിരുന്നു. തായ്വാൻ ചൈനയുടെ ഭാഗമാണെന്ന വാദം അംഗീകരിക്കാൻ തായ്വാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കമ്പനി ജീവനക്കാർക്ക് എമിറേറ്റ്‌സിന്റെ മെയിൽ എത്തിയത്.

ഇതോടെ തായ്വാൻകാരയ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. സോഷ്യൽ മീഡിയയിലും എമിറേറ്റ്‌സിനെതിരെ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. എമിറേറ്റ്‌സ് പേജിൽ തായ്വാൻ പതാക കമന്റുകളായി പോസ്റ്റു ചെയ്തു കൊണ്ട് കടുത്തപ്രതിഷേധമാണ് തായ്വാനുകാർ രേഖപ്പെടുത്തിയിരിക്കുന്നത്. തായ്വാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും കമന്റ് ബോക്‌സുകളിൽ തായ് പൗരന്മാർ രേഖപ്പെടുത്തുന്നു. കഴിഞ്ഞവർഷവും എമിറേറ്റ്‌സ് സമാനമായ വിധത്തിൽ വിവാദത്തിൽ പെട്ടിരുന്നു. ഹോംഗ്‌കോംഗ് കാബിൻ ക്യൂവിനോട് ചൈനീസ് പതാക ധരിക്കാൻ ആവശ്യപ്പെട്ടാണ് അന്ന് അവർ വിവാദത്തിൽ ചാടിയയത്.