- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേത്; രേഖകൾ കൈവശമുണ്ട്; 20 മുറികൾ തുറന്ന് പരിശോധിക്കണമെന്ന് ബിജെപി എംപി ദിയ കുമാരി
ജയ്പൂർ: താജ് മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജ കൂടുംബത്തിന്റെതായിരുന്നുവെന്നും ഇത് മുഗൾ ചക്രവർത്തി ഷാജഹാൻ പിടിച്ചെടുത്തതാണെന്നും രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി. താജ് മഹൽ നിർമ്മിച്ച ഭൂമി ജയ്പൂർ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു.
ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാൻ താജ്മഹലിനുള്ളിലെ 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ യുപിയിൽ നിന്നുള്ള ബിജെപി നേതാവ് ഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് ബിജെപി എംപിയുടെ പ്രതികരണം.
താജ്മഹലിനുള്ളിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിലെ ബിജെപി മാധ്യമ ചുമതല വഹിക്കുന്ന രജ്നീഷ് സിങാണ് നേരത്തെ കോടതിയെ സമീപിച്ചത്.
പഴയ ജയ്പൂർ രാജകുടുംബത്തിലെ അംഗം കൂടിയാണ് രാജസ്ഥാനിലെ രാജ്സമന്ദ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ദിയ കുമാരി.
'കേസ് ഇപ്പോൾ കോടതിയിലാണ്. താജ് മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്റെതാണെന്ന് ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ച ഹർജിയിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഭൂമി തങ്ങളുടെതാണെന്ന് ഞാൻ പറയുന്നില്ല. അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്ന് എനിക്കറിയില്ല. എന്നാൽ ഇതുസംബന്ധിച്ച തങ്ങളുടെ കൈവശമുള്ള രേഖകളോ മറ്റു തെളിവുകളോ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കും'- ദിയ കുമാരി പറഞ്ഞു.
താജ് മഹലിനുള്ളിൽ എന്തിനാണ് ഈ മുറികളെല്ലാം പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയണം. ധാരാളം മുറികൾ സീൽ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളിൽ എന്താണുള്ളതെന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്നും അവർ പറഞ്ഞു.
'താജ് മഹലിനുള്ളിലെ 20 ഓളം മുറികൾ പൂട്ടിയിട്ടിരിക്കുകയാണ്. ആർക്കും ഇതിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. ഈ മുറികളിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ഹിന്ദു ഗ്രന്ഥങ്ങളും ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്' - കോടതിയിൽ ഹർജി സമർപ്പിച്ച രജ്നീഷ് സിങ് പറഞ്ഞു.
ന്യൂസ് ഡെസ്ക്