ന്യൂനപക്ഷമായതിനാൽ പാക്കിസ്ഥാനിൽ മർദനം പതിവായതിനാൽ ഇതിൽ നിന്നും രക്ഷപ്പെടാനായിരുന്നു ക്രിസ്ത്യുമത വിശ്വാസിയായ തജാമൽ അമർ യുകെയിലേക്ക് കള്ളവണ്ടി കയറി എത്തിയത്. എന്നാൽ ഇവിടെയെത്തിയിട്ടും അമറിന് രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. കാറിൽ കുരിശ് തൂക്കി യാത്ര ചെയ്തുവെന്ന് ആരോപിച്ച് അമറിന്റെ യുകെയിലെ പാക്കിസ്ഥാനി അയൽപക്കക്കാർ അദ്ദേഹത്തെ മർദിച്ചുവെന്നാണ് റിപ്പോർട്ട്. ഫുഡ് ഡെലിവറി ഡ്രൈവറായ അമറിനെ ഒരു ഫാസ്റ്റ് ഭുഡ് റസ്റ്റോറന്റിന് സമീപത്ത് വച്ചാണ് പാക്കിസ്ഥാനി മുസ്ലീങ്ങളുടെ സംഘം മർദിച്ചത്.

ഇതിനെ തുടർന്ന് ഇയാളുടെ തലയ്ക്കടക്കം കാര്യമായ പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 20ന് ഡെർബിഷെയറിലെ ലിറ്റിൽ ഓവറിലെ റെഡ് ചിൽ റെസ്റ്റോറന്റിന് പുറത്ത് വച്ചാണീ മർദനം അരങ്ങേറിയിരിക്കുന്നത്. അമർ തന്റെ സിൽ ടൊയോട്ടക്ക് മുകളിൽ രണ്ട് വലിയ പോപ്പികൾ വച്ചുവെന്നും റിയർ വ്യൂ മിററിനടുത്ത് കുരിശ് തൂക്കിയിട്ടുവെന്നും ആരോപിച്ചായിരുന്നു മർദനം. മർദനമേറ്റ് അബോധാവസ്ഥയിലായ അമറിനെ റോയൽ ഡെർബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആക്രമണം കഴിഞ്ഞ് അഞ്ച് മണിക്കൂറിന് ശേഷം രാത്രി 8.45നായിരുന്നു ഇയാൾക്ക് ബോധം തെളിഞ്ഞത്.

ആക്രമി സംഘം തന്റെ തലയ്ക്കടിച്ച് വീഴ്‌ത്തി വീണ്ടും മർദിക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് അമർ വെളിപ്പെടുത്തിയിട്ടുണ്ട്. താൻ ഒരു കൃസ്തുമതവിശ്വാസിയായതിനെ ഒരു കുറ്റമായിട്ടാണ് ഡെർബിഷെയറിലെ പാക്കിസ്ഥാൻകാർ കാണുന്നതെന്നും അമർ പറയുന്നു. ഇതിന്റെ പേരിൽ തന്നോട് സംസാരിക്കാത്ത പാക്കിസ്ഥാനികൾ വരെ ഇവിടെയുണ്ടെന്നും അദ്ദേഹം പറയുന്നു. താനും കുടുംബവും പലപ്പോഴും ഇതിന്റെ പേരിൽ ഒറ്റപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. cയിൽ സുരക്ഷിതമായി കഴിയാൻ തനിക്ക് സാധിക്കില്ലെന്ന ഭയത്താൽ ഇവിടം വിട്ട് പോകാൻ അമറും കുടുംബവും ഒരുങ്ങുകയാണിപ്പോൾ.

ക്രിസ്തുമതത്തിൽ നിന്നും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വഴങ്ങാത്തതിനെ തുടർന്ന് പാക്കിസ്ഥാനിൽ വച്ച് പലവട്ടം മതമൗലിക വാദികളുടെ മർദനമേറ്റ് വാങ്ങേണ്ടി വന്നതിനെ തുടർന്നാണ് താൻ യുകെയിലേക്ക് പലായനം ചെയ്തിരുന്നത്. ഇവിടെ വന്നിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ തനിക്കുണ്ടായിട്ടുള്ളതെന്നും അമർ പരിതപിക്കുന്നു. ബ്രിട്ടനിലെ ചില മുസ്ലിം മതമൗലികവാദികൾ പുലർത്തുന്ന കടുത്ത അസഹിഷ്ണുതയ്ക്കുള്ള ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ ചെയർമാനായ വിൽസൻ ചൗധരി പ്രതികരിച്ചിരിക്കുന്നത്.