പാട്‌ന: ബീഹാറിൽ രണ്ട് സൂപ്പർ സ്റ്റാറുകൾ പിറക്കുകയാണ്. യാദവ രാഷ്ട്രീയത്തിലെ കുലപതിയായ ലാലു പ്രസാദ് യാദവ് തന്റെ മക്കളെ കുറിച്ച് കണ്ട സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ സമ്മതിച്ചു തുടങ്ങി. നിതീഷ് കുമാർ മന്ത്രിസഭയിലെ രണ്ടാമനും മൂന്നാമനും മന്ത്രി പദത്തിൽ താരങ്ങളാവുകയാണ്. നിതീഷിന് കീഴിൽ ഉപമുഖ്യമന്ത്രിയായ തേജസ്വി പ്രസാദ് യാദവ് ഏവരേയും അത്ഭുതപ്പെടുത്തിയാണ് കടമ നിർവ്വഹിക്കുന്നത്. ആരും ഈ ഇരുപത്തിയഞ്ചുകാരനെ കുറ്റപ്പെടുത്തുന്നില്ല. നല്ലൊരു ഭരണാധികാരിയായി തേജസ്വി മാറുമെന്ന് തന്നെയാണ് വിലയിരുത്തൽ.

ബിഹാറിൽ മഹാസഖ്യം അധികാരത്തിലെത്തി. നിതീഷിനെ ലാലു മുഖ്യമന്ത്രിയുമാക്കി. അപ്പോഴും മുന്നണിയിലെ വലിയ പാർട്ടി ആർജെഡിയായിരുന്നു. പക്ഷേ ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയ നിതീഷിനെ ലാലു കൈവിട്ടില്ല. നിതീഷ് മുഖ്യമന്ത്രിയായപ്പോൾ ഇളയമകൻ തേജ്വസിയെ ലാലു ഉപമുഖ്യമന്ത്രിയാക്കി. മൂത്തവനെ തേജ് പ്രതാപിനെ ആരോഗ്യമന്ത്രിയും. നിതീഷിന്റെ മന്ത്രിസഭയ്ക്ക് ഇരവരും പേരു ദോഷമുണ്ടാക്കുമോ എന്നതായിരുന്നു അന്ന് ഉയർന്ന ചോദ്യം. മക്കൾ രാഷ്ട്രീയം ബിഹാറിനെ വീണ്ടും പിന്നോട്ട് അടിക്കുമോ എന്നും ചർച്ചയായി. എന്നാൽ ഇളയവനാണ് മിടുക്കനെന്നും അവനാണ് തന്റെ രാഷ്ട്രീയ പിൻഗാമിയെന്നുമുള്ള ലാലുവിന്റെ നിരീക്ഷണങ്ങൾ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്.

ഉപമുഖ്യമന്ത്രി പദത്തിലെ ആദ്യ ഒരുമാസം തേജസ്വി ഉജ്ജ്വലമാക്കി. എല്ലാവരും നൂറിൽ നൂറ് മാർക്ക് നൽകുന്നു. നിയമസഭയിലെ രാഷ്ട്രീയ ഇടപെടലുകളും മറുപടി നൽകുമെല്ലാം തഴക്കം ചെന്ന രാഷ്ട്രീയ നേതാവിനെ പോലെ. സാമൂഹിക ഇടപെടലും അത്യുജ്ജലം. സ്‌കോളർഷിപ്പ് ലഭിക്കാത്തിനെ തുടർന്ന് ഉപമുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് വാളിലെത്തിയ പരാതിയോട് എടുത്ത സമീപനവും കൈയടി നേടി. പരാതിക്കാരന് സ്‌കോളർഷിപ്പ് ലഭ്യമാക്കുക മാത്രമല്ല, മറിച്ച് പിന്നാക്ക വിഭാഗത്തിലെ എല്ലാവർക്കും നീതിയെത്തിയെന്ന് ഉറപ്പാക്കാനും തേജസ്വി ശ്രദ്ധിച്ചു. അങ്ങനെ വലിയൊരു സമൂഹത്തിന്റെ ആകുലതകൾക്ക് പരിഹാരമായി.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഇത്രയും വലിയ ഭൂരിപക്ഷം മഹാസഖ്യത്തിന് നൽകിയത്. അതുകൊണ്ട് തന്നെ വെറുതെ ഇരിക്കുന്ന പ്രശ്‌നവുമില്ല-നിയമസഭയിൽ ഹൈവേകളുടെ നവീകരണവുമായി ബന്ധപ്പെട്ട് തേജസ്വി നൽകിയ മറുപടി ഏവരും ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും ലാലു പുത്രന്മാരുടെ പ്രവർത്തനത്തിൽ സംതൃപ്തരാണ്. കാര്യങ്ങൾ പഠിക്കാനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും തയ്യാറാണ്. അതിൽ ഏറ്റവും ശ്രദ്ധേയനായി മാറുന്നത് ഉപമുഖ്യമന്ത്രിയാണെന്ന് പറയാനും ഉദ്യോഗസ്ഥർക്ക് മടിയില്ല. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള തേജ്വസിയുടെ പ്രവർത്തനം ആർജിഡിയെ ബീഹാർ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനാക്കും.

തുടക്കക്കാരന്റെ പ്രശ്‌നങ്ങൾ തേജിലുണ്ട്. എന്നാൽ ഒരോ ദിവസവും മെച്ചപ്പെടുകയാണ്. മന്ത്രിപദത്തിലെ ഒരു മാസം കൊണ്ട് ആരോഗ്യവകുപ്പിനെ സമൂലമായി പഠിക്കാൻ തേജിനായി. അടിമുടിയുള്ള പരിഷ്‌കാരങ്ങളിലൂടെ അനുജന് പിന്നിലല്ല താനെന്ന് തെളിയിക്കാനാണ് തേജിന്റെയും ശ്രമം. അങ്ങനെ നീതീഷിനെ കടത്തി വെട്ടുന്ന പ്രതിച്ഛായ സൃഷ്ടിക്കലാണ് ലാലുവിന്റെ രണ്ട് മക്കളും നടത്തുന്നത്.