തിരുവനന്തപുരം: 2017 ലെ ചലച്ചിത്ര അവാർഡുകളിൽ തിളങ്ങിയത് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫാണ്. ആറ് അവാർഡുകളാണ് ടേക്ക് ഓഫ് സ്വന്തമാക്കിയത്. ഇറാഖിലെ തിക്രിത്തിൽ അകപ്പെട്ട നേഴ്‌സുമാരുടെ ജീവിതം വരച്ച് കാട്ടിയ ടേക്ക് ഓഫ് ജനപ്രീതിയിലും മുൻ പന്തിയിൽ നിന്ന ഒരു ചിത്രമായിരുന്നു.

മികച്ച നടി,മികച്ച നവാഗത സംവിധായകൻ ഉൾപ്പടെ നാല് പുരസ്‌കാരങ്ങളാണ് ടേക്ക് ഓഫ് സ്വന്തമാക്കിയത്. മഹേഷ് നാരായണനും ഷാജികുമാറും ചേർന്ന് തിരക്കഥയൊരുക്കിയ ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, പാർവ്വതി തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തിയത്.

സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പാർവ്വതിയിൽ കവിഞ്ഞൊരാളില്ല എന്ന് പ്രേക്ഷകരും നിരൂപകരും ഉറപ്പിച്ചിരുന്ന ചിത്രമാണ് ടേക്ക് ഓഫ്. പാർവതി ഇത് രണ്ടാം തവണയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. നേരത്തെ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതി പുരസ്‌കാരം സ്വന്തമാക്കിയത്.

ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. 2017 മാർച്ച് 24 ന് തിയറ്ററുകളിലെത്തിയ ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്.