- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ നൽകാൻ നഴ്സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം; സർക്കാർ ജോലിയെന്ന് പറഞ്ഞ് 500ഓളം പേരിൽ നിന്ന് വാങ്ങിയത് 2.5 ലക്ഷം രൂപയോളം; വിസിറ്റിങ് വിസയിൽ എത്തിച്ച് നിർബന്ധിക്കുന്നത് മസാജ് സെന്ററിൽ ജോലിക്ക് പോകാൻ; 'ടേക് ഓഫ്' റിക്രൂട്ടിങ് ഏജൻസി നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പ്; ഫിറോസ് ഖാനും കൂട്ടരും പിടിയിലാകുമ്പോൾ
കൊച്ചി: കലൂർ 'ടേക് ഓഫ്' റിക്രൂട്ടിങ് ഏജൻസി ഉടമ ഫിറോസ് ഖാനും രണ്ടു കൂട്ടാളികളും പൊലീസ് പിടിയിലാകുമ്പോൾ തെളിയുന്നത് വിസ തട്ടിപ്പിന്റെ കൂടുതൽ ചിത്രം. യുഎഇയിലേക്കു നഴ്സ് വീസ എന്ന വ്യാജേന വിസിറ്റ് വീസ നൽകി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു കോഴിക്കോട് നിന്നാണ് ഇവരെ പിടികൂടിയത്. കോവിഡിനെ മറയാക്കിയായിരുന്നു തട്ടിപ്പിനുള്ള ശ്രമം.
ഫിറോസിന്റെ തട്ടിപ്പിനു ഗൾഫിൽ കൂട്ടുനിന്ന എറണാകുളം സ്വദേശി സത്താർ, ഒളിവിൽ കഴിയാൻ സഹായിച്ച കൊല്ലം സ്വദേശി എന്നിവരെയാണു നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഡൽഹിയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പിന് പിന്നിൽ അന്താരാഷ്ട്ര സംഘമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഈ തട്ടിപ്പിന്റെ വിവരങ്ങൾ മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്.
നഴ്സായ കൊല്ലം പത്തനാപുരം പട്ടാഴിയിലെ റീന രാജന്റെ പരാതിയിലാണു കേസെടുത്തത്. കോവിഡ് വാക്സീൻ നൽകുന്നതിനു യുഎഇയിൽ നഴ്സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ഏജൻസിയെ റീന സമീപിച്ചത്. അഞ്ഞൂറിലേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും നഴ്സുമാരായ റീന രാജനും സൂസൻ സജിയും മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു.
സർക്കാർ ജോലിയെന്നു തെറ്റിദ്ധരിപ്പിച്ച്, 2.5 ലക്ഷം രൂപ സർവീസ് ചാർജ് ഈടാക്കി ദുബായിൽ എത്തിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടെന്നും മസാജ് കേന്ദ്രങ്ങളിലും ഹോം കെയറിലും ജോലിക്കു പോകാൻ ഫിറോസ്ഖാന്റെ ദുബായിലെ ഏജന്റുമാർ നിർബന്ധിച്ചെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. കോട്ടയം ചിങ്ങവനം പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. ലേബർ ക്യാംപിലെ ഒരോ മുറിയിലും പതിനഞ്ചോളം പേർ ചേർന്ന് ദുരിതജീവിതം നയിക്കുകയാണ്.
യുഎഇയിലെ പൊതുആരോഗ്യമേഖലയിൽ വാക്സിൻ നൽകുന്നതിന് കോവിഡ് വാക്സിൻ ഡ്യൂട്ടി എന്ന തസ്തികയിൽ നഴ്സ്മാരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് അപേക്ഷിച്ചവരാണ് വഞ്ചിതരായ നേഴ്സുമാർ. എറണാകുളം കലൂരിൽ ഉള്ള സിയാദ് ടവറിൽ ടേക്ക് ഓഫ് എന്ന സ്ഥാപനത്തിലാണ് ഇവർ ജോലിക്ക് വേണ്ടി പണം അടച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പണമടച്ച അഞ്ഞൂറോളം നേഴ്സുമാരെ ദുബായിൽ കൊണ്ട് വന്നിട്ട് ഇപ്പോൾ ഏജന്റുമാരെ വിളിച്ചാൽ പ്രതികരിക്കാത്ത അവസ്ഥയാണുള്ളതെന്ന് നേഴ്സുമാരുടെ ബന്ധുക്കൾ പറയുന്നു. എല്ലാവരെയും മൂന്ന് മാസത്തെ വിസിറ്റിങ് വിസ നൽകിയാണ് എത്തിച്ചിരിക്കുന്നത്.
യുഎഇയിൽ ഗവണ്മെന്റ് ജോലി എന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പാണ് ഈ സ്ഥാപനം നടത്തിയിരിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഒരു സുരക്ഷയും ഇല്ലാതെ ഒരു റൂമിൽ 13-15 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇത്രയും പേർക്ക് കൂടി ഒരു ടോയ്ലറ്റ് ആണ് ഉള്ളത്. ഭക്ഷണവും വളരെ മോശമാണ്. കേരളത്തിൽ നിന്നും എത്തിച്ചിരിക്കുന്നവരെ ഇത്തരത്തിൽ പല മുറികളിലായാണ് താമസിപ്പിച്ചിരിക്കുന്നത്.
യുഎഇയിൽ എത്തിയാൽ ഒരു ആഴ്ചയ്ക്കുള്ളിൽ ജോലിയിൽ പ്രവേശിക്കാം, ഒന്നര ലക്ഷം പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നൊക്കെ വാഗ്ദാനം നൽകിയാണ് അവരിൽ നിന്നും രണ്ടര ലക്ഷം വീതം വാങ്ങിച്ചത്. എന്നാൽ ഇപ്പോൾ വാക്സിൻ ഡ്യൂട്ടി കഴിഞ്ഞെന്നും ഇനി ഉള്ളത് ഹോം നഴ്സ് ജോലി മാത്രം ആണെന്നുമാണ് അവർ പറയുന്നതെന്നാണ് കുടുങ്ങിക്കിടക്കുന്നവർ പറയുന്നത്. പറ്റില്ല എങ്കിൽ തിരിച്ചുപോകണമെന്നും വാങ്ങിയ കാശ് തിരിച്ചു തരാൻ പറ്റില്ലെന്നും ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. പണം തിരിച്ചുചോദിച്ച് വിളിക്കുന്നവരെ വീട്ടിൽ കയറി അക്രമിക്കുമെന്ന് പറഞ്ഞതായും ഇവർ പരാതിപ്പെടുന്നു.
ഗൾഫ് രാജ്യങ്ങളിൽ നേഴ്സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി സാധാരണക്കാരെ വലയിലാക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. ആകർഷകമായ ശമ്പള വ്യവസ്ഥകളും അതിന് അടയ്ക്കേണ്ടി വരുന്ന താരതമ്യേന കുറഞ്ഞ വിസ തുകയുമൊക്കെ കേൾക്കുമ്പോൾ ഏതൊരാളും വീണുപോകും. അതിനോടൊപ്പം ഇവരുടെ ഏജൻസി വഴി ജോലി കിട്ടയവരെന്ന പേരിൽ ചില സ്ത്രീകളെ കൊണ്ട് വിളിപ്പിക്കുക കൂടി ചെയ്യുമ്പോൾ അവർക്ക് പിന്നെ യാതൊരു സംശയവുമുണ്ടാകില്ല. കൂടുതൽ അന്വേഷണത്തിന് പോലും സമയം നൽകാതെ വളരെ പെട്ടെന്നുതന്നെ യാത്രയ്ക്കുള്ള പേപ്പർവർക്കുകളൊക്കെ തീർത്ത് അവരെ ദുബായിലെത്തിക്കുകയാണ് ചെയ്യുന്നത്.
ലേബർ ക്യാമ്പിലെത്തിച്ച ശേഷം ഏജന്റുമാരും മുങ്ങുന്നു. അവിടെ കുടുങ്ങിപ്പോകുന്ന പെൺകുട്ടികളിൽ പലരും നാണക്കേടും ഭയവും കാരണം പരാതിപ്പെടാൻ പോലും തയ്യാറാകാറില്ല. അവിടെ തന്നെ ഏതെങ്കിലും ചെറിയ ആശുപത്രികളിൽ ബയോഡാറ്റ നൽകി ജോലിക്ക് കയറാനാണ് ശ്രമിക്കുക. കിട്ടാത്തവർ വിസറ്റിങ് വിസയുടെ കാലാവധി കഴിയുമ്പോൾ തിരിച്ചുവരും. പക്ഷെ അവരും പരാതിപ്പെടാൻ ധൈര്യപ്പെടുന്നില്ല. ഇതുമൂലം നിരവധിവർഷങ്ങളായി ഇവർ ഈ തട്ടിപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഫിറോസ് ഖാൻ എന്നയാളുടെതാണ് ടേക്ക് ഓഫ് എന്ന സ്ഥാപനം. ഇവരുടെ ഏജന്റ് ആയി യുഎഇയിൽ പ്രവർത്തിക്കുന്ന ചിലരാണ് ദുബായിൽ തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്ന് നേഴ്സുമാർ വെളിപ്പെടുത്തുന്നു. മുൻപ് കീ ഡോട്ട് എന്ന പേരിലായിരുന്നു ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ പേരിൽ പൊലീസ് കേസ് എടുത്തപ്പോൾ ടേക്ക് ഓഫ് എന്ന് പേര് മാറ്റുകയായിരുന്നു. മൂന്ന് മാസത്തെ വിസ കാലാവധി കഴിഞ്ഞ് വരുന്നവർ പണം തിരിച്ചുചോദിച്ചാൽ അവരെ ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിവേഗ പൊലീസ് നടപടി.
ഇവരുടെ സ്ഥാപനം എറണാകുളത്ത് കൂടാതെ കോട്ടയത്തും ബാംഗ്ലൂരും ഹൈദ്രബാദിലും സമാനമായ തട്ടിപ്പ് നടത്തി കോടികൾ സമ്പാദിക്കുകയാണ് എന്നും ആരോപണമുണ്ട്. തട്ടിപ്പിന്റെ എല്ലാ രേഖകളും കാശ് കൊടുത്തതിന്റെ രേഖകളും ഫോൺ കോളുകളുടെ റിക്കോർങ്സും അടക്കമാണ് നേഴ്സുമാരുടെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ