ദോഹ : റോഡ് അപകടങ്ങളിൽപെട്ട്  മരിച്ചവരുടേയോ പരിക്കേറ്റവരുടെയോ ഫോട്ടോ എടുക്കുന്നതും അത് ഷെയർ ചെയ്യുന്നതും ഖത്തറിൽ ഇനി മുതൽ ശിക്ഷാർഹം. ഈയാഴ്ച ചേർന്ന കാബിനെറ്റ് മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച പുതിയ തീരുമാനം എടുത്തത്.  ഇതിനു വേണ്ടി 2004ലെ 11ാം നമ്പർ നിയമം ഭേതഗതി ചെയ്യും. പുതിയ ഭേദഗതി അനുസരിച്ച്, അപകടത്തിൽ പെട്ടിരിക്കുന്ന വ്യക്തിയുടെ ഫോട്ടോ അനുവാദമില്ലാതെ ഏത് ഉപകരണമുപയോഗിച്ചായാലും പകർത്തുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. ആളുകളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള ഇത്തരം നടപടികൾ നിർത്തലണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നതായിരുന്നു.

അവതരിപ്പിക്കപ്പെട്ട ഏത് പ്രൊപ്പോസലും നിയമമാവുന്നതിനു മുമ്പ് എമിറിന്റെ അനുമതി ആവശ്യമാണ്. ജനന മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഒരു നിയമം കൂടി ഉണ്ടാക്കാൻ കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ജനന മരണ രജിസ്‌ട്രേഷൻ സംവിധാനത്തെ റഗുലേറ്റ് ചെയ്യാനാണ് ഇത്.  നിയമപ്രകാരം ജനനമോ മരണമോ നടന്ന് 7 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതർ ഇത് സംബന്ധിച്ച് സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കണം.  സ്റ്റാന്റിങ്ങ് കമ്മറ്റി ഓൺ ബെർത്ത് ആൻഡ് ഡെത്ത് അഫയർസ് എന്ന പേരിൽ ഒരു കമ്മറ്റിയും രൂപീകരിക്കും.