ദോഹ: ഖത്തറിലെ പ്രമുഖ പാതകളിൽ നിരീക്ഷണ ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമാണ് ഖത്തറിലെ റോഡുകളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. നൂറുമുതൽ ഇരുനൂറുമീറ്റർ വരെ അകലത്തിലാണ് പുതിയവ സ്ഥാപിക്കുന്നത്.

ചെറുതും വലുതുമായ എല്ലാത്തരം ഗതാഗതനിയമ ലംഘനങ്ങളും പിടികൂടുകയാണ് ലക്ഷ്യം. പുതിയതായി ഏറ്റവുമധികം ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാതയിലാണ്. മീഡിയനിൽ ഓരോ കിലോമീറ്റർ ഇടവിട്ടു സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ റോഡിന്റെ ഇരുദിശകളിലുമുള്ള വാഹനങ്ങൾ സ്‌കാൻ ചെയ്യും.

അമിതവേഗത്തിനു പുറമേ മുൻസീറ്റ് യാത്രക്കാർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതും ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും പുതിയ ക്യാമറകളിൽ പതിയും. നാഷണൽ കമാൻഡ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്‌മെന്റാണ് പൊതു ഗതാഗത ഡയറക്ടറേറ്റും സുരക്ഷാസംവിധാനങ്ങളുടെ ചുമതലയുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫൊർമേഷൻ സിസ്റ്റവുമായി സഹകരിച്ച് ക്യാമറകൾ സ്ഥാപിക്കുന്നത്.

ക്യാമറകൾ സ്ഥാപിക്കുന്ന നടപടികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. അൽ ഷമാൽ എക്സ്‌പ്രസ് വേയിൽ മിഡ്മാക് ഫ്‌ളൈ ഓവറിനു സമീപം ഓരോ 200മീറ്ററിലും ഓരോ ക്യാമറയാണ് സ്ഥാപിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ രണ്ടു ക്യാമറകൾ തമ്മിലുള്ള അകലം നൂറുമീറ്റർ മാത്രമാണ്. തലാ എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതി പൊതുസുരക്ഷ വർദ്ധിപ്പിക്കാനാണ് ലക്ഷ്യം വച്ചിരിക്കുന്നത്

പ്രധാന റോഡുകൾക്കുപുറമെ ഉൾറോഡുകളിലും പുതിയ ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. മിഡ്മാക് ഫ്‌ളൈഓവർ, അൽ ഷമാൽ എക്സ്‌പ്രസ് ഹൈവേ എന്നിവിടങ്ങളിലും ക്യാമറകൾ സ്ഥാപിച്ചു. അൽ ഖോർ, അൽ സദ്, അൽ മിർഖാബ്, അൽ സൈലിയ, അൽ ഷാഫി, ബിൻ ഒമ്രാൻ, ഡി റിങ് റോഡ്, ഫെബ്രുവരി 22 റോഡ്, ഗ്രാന്റ് ഹമദ് സ്ട്രീറ്റ്, മിസൈദ്, മുവത്തെർ, ഉംദം, ഷഹാനിയ, അൽ വഖ്‌റ എന്നിവിടങ്ങളിലെല്ലാം പുതിയ ക്യാമറകൾ സ്ഥാപിക്കും.

പുതിയ ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് മാസങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 23,000 നിയമലംഘനങ്ങൾ ഇതുവഴി കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഗതാഗത വകുപ്പിന്റെ ഓപ്പറേഷൻ മുറിയിൽനിന്ന് ഓരോ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ കാണാൻ സൗകര്യമുണ്ട്. വാഹനങ്ങൾ തിരിച്ചറിയുന്നതിനായി ക്യാമറ സൂം ചെയ്യാനും സംവിധാനമുണ്ട്.