റാവൽപിണ്ടി : താലിബാന്റെ ഗോഡ് ഫാദർ എന്ന് പരക്കേ അറിയപ്പെട്ടിരുന്ന നേതാവ് മൗലാന സമിയുൾ ഹഖ് (82) കുത്തേറ്റ് മരിച്ച നിലയിൽ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹഖിന്റെ റാവൽപിണ്ടിയിലുള്ള വീട്ടിൽ വച്ചാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. പാക്കിസ്ഥാനിലെ മാധ്യമങ്ങളാണ് ഹഖ് കൊല്ലപ്പെട്ട വിവരം ആദ്യം പുറത്ത് വിട്ടത്. താലിബാനടക്കമുള്ള തീവ്രവാദ സംഘടനകളെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ 'താലിബാന്റെ പിതാവ്' എന്ന് ലോകം വിളിച്ച് തുടങ്ങിയത്.

പാക്ക് തലസ്ഥാനമായ ഇസ്ലാമബാദിൽ നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാൻ ഹഖ് പുറപ്പെട്ടെങ്കിലും ഗതാഗത തടസം കാരണം വസതിയിലേക്ക് തന്നെ മടങ്ങി. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും പുറത്ത് പോയിരുന്നു. ഈ സമയത്താണ് അജ്ഞാതരാായ അക്രമികളുടെ ആക്രമണമുണ്ടായതെന്ന് ഹഖിന്റെ മകൻ ഹമിദുൽ പറഞ്ഞതായി പാക്ക് മാധ്യമമായ ജിയോ ടിവി റി്‌പ്പോർട്ട് ചെയ്തിരുന്നു. അച്ഛന്റെ ശരീരത്തിൽ അക്രമികൾ നിരവധി തവണ കുത്തിയതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ഹമിദുൽ കൂട്ടിച്ചേർത്തു.

ഹഖിന്റെ സുരക്ഷാഭടൻ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം രക്തത്തിൽകുളിച്ച നിലയിലായിരുന്നു . ഹഖ് അക്രമക്കപ്പെടുമ്പോൾ ബന്ധുക്കൾ ആരും വീട്ടിലുണ്ടായിരുന്നില്ലെന്ന് ജെയുഐ-എസ് നേതാവ് മൗലാന അബ്ദുൽ മജീദ് പറഞ്ഞു. ഹഖിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി റാവൽപിണ്ടിയിലെ ഡിഎച്ച്ക്യു ആശുപത്രിയിലേക്കു മാറ്റി. 1985 ലും 1991 ലും സെനറ്റ് ഓഫ് പാക്കിസ്ഥാനിലെ അംഗമായിരുന്ന ഹഖ് സെനറ്റിൽ പാക്കിസ്ഥാനിലെ ചരിത്രപരമായ ശരിയത്ത് ബിൽ പാസാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

ജമിയത്ത് ഉലമ-ഇ-ഇസ്ലാം-സമി(ജെയുഐ-എസ്) എന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവും പാക്കിസ്ഥാനിൽ ഏറെ സ്വാധീനമുള്ള മതപാഠശാലകളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയ മദ്രസ തലവനുമായിരുന്നു ഹഖ്. ദൈവനിന്ദ ആരോപിക്കപ്പെട്ട ക്രിസ്തൻ മതവിശ്വാസിയായ ആസിയ ബീബിയെ പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതോടെ പാക്കിസ്ഥാനിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഹഖിന്റെ വധത്തിന്റെ വാർത്ത പുറത്തു വരുന്നത്.