- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുക്ലാസിൽ ഇരിക്കരുത്; സമൂഹത്തിലെ എല്ലാ തിന്മകളുടെയും അടിസ്ഥാനം ഈ സമ്പ്രദായം; ഫത്വ പുറപ്പെടുവിച്ച് താലിബാൻ; അഫ്ഗാൻ സ്ത്രീകൾക്ക് ദുരിതത്തിന്റെ നാളുകൾ; വാക്സിനേഷനുകളെ എതിർക്കുന്ന താലിബാൻ ലോകാരോഗ്യത്തിനും ഭീഷണി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തുടങ്ങിയതോടെ പ്രകൃത നിയമങ്ങൾ അടിച്ചേൽ്പ്പിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫത്വ രൂപത്തിൽ പുറത്തിറങ്ങിയത് അവരുടെ നിലപാട് വ്യക്തമാക്കുന്നതാണ്. അഫ്ഗാനിസ്താനിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ ആദ്യ ഫത്വയാണ് കഴിഞ്ഞ ദിവസംപുറത്തിറങ്ങിയത്. സർക്കാർ-സ്വകാര്യ സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറൻ ഹെറാത് പ്രവിശ്യയിലെ താലിബാൻ അധികൃതർ വിലക്കുകയാണ് ചെയ്തത്.
അഫ്ഗാനിസ്താൻ വാർത്താ ഏജൻസിയായ ഖാമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർവകലാശാല അദ്ധ്യാപകർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ എന്നിവരുമായി താലിബാൻ അധികൃതർ മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയതിന് ശേഷമാണ് ഫത്വ പുറപ്പെടുവിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യാസം തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് ഇതു സംബന്ധിച്ച കത്തിൽ പറഞ്ഞു. ശരീഅത്ത് നിയമം അനുശാസിക്കുന്ന ഇസ്ലാമിക രാജ്യമെന്ന പ്രവർത്തനത്തിലേക്കാണ് താലിബാൻ നീങ്ങുന്നത്.
അഫ്ഗാനിസ്താനിൽ നിലവിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവിധാനവും വെവ്വേറെ ക്ലാസുകളിൽ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാൽ രാജ്യത്തെ സർക്കാർ-സ്വകാര്യ സർവകലാശലകളിൽ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടർന്ന് പോരുന്നത്. സർക്കാർ സർവകലാശലകളിൽ വെവ്വേറെ ക്ലാസുകൾ സൃഷ്ടിക്കാനാകും. അതേ സമയം സ്വകാര്യ സർകലാശാലകളിൽ വിദ്യാർത്ഥിനികൾ എണ്ണത്തിൽ കുറവായതിനാൽ പ്രത്യേക ക്ലാസ് ഒരുക്കുക പ്രായോഗികമല്ലെന്ന് ഹെറാത് പ്രവിശ്യയിലെ അദ്ധ്യാപകർ ചൂണ്ടിക്കാട്ടി.
'സമൂഹത്തിലെ എല്ലാ തിന്മകളുടെയും അടിസ്ഥാനം ഈ സമ്പ്രദായമായതിനാൽ ഒരുമിച്ചിരുന്നുള്ള വിദ്യാഭ്യാസം അവസാനിപ്പിക്കണം' - ഹെറാത് പ്രവിശ്യയിൽ നടന്ന യോഗത്തിൽ താലിബാനെ പ്രതിനിധീകരിച്ച അവരുടെ ഉന്നത വിദ്യാഭ്യാസ മേധാവി മുല്ല ഫരീദ് പറഞ്ഞു. അതേ സമയം പുരുഷ വിദ്യാർത്ഥികൾക്ക് വനിതാ അദ്ധ്യാപകരും തിരിച്ചും ക്ലാസെടുക്കുന്നതിന് തടസ്സമില്ല. സ്വാകാര്യ സ്ഥാപനങ്ങളിൽ വെവ്വേറെ ക്ലാസുകളെന്ന നിയമം പ്രാവർത്തികമാക്കാൻ സാധിക്കാത്തതിനാൽ ആയിരകണക്കിന് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാമെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചടക്കിയ താലിബാൻ ഇസ്ലാമിക മതനിയമമായ ശരീഅത്ത് അനുസരിച്ചാണ് ഇനി രാജ്യത്ത് പ്രവർത്തിക്കുക എന്നറിയിച്ചിട്ടുണ്ട്. കാബൂൾ നഗരം കീഴടക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട താലിബാൻ വക്താവ് മീഡിയകളുടെ പ്രവർത്തനം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ശരീഅത്ത് അനുവദിക്കുന്ന രീതിയിൽ അനുമതി നൽകും എന്നാണ് മറുപടി നൽകിയത്. എന്നാൽ ഇതുകൊണ്ട് താലിബാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിൽ കൂടുതൽ വ്യക്തതകൾ വരേണ്ടതുണ്ട്. അതേസമയം ഫത്വ പുറപ്പെടുവിച്ചതിലൂടെ വ്യക്തമാകുന്ന കാര്യം അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടാകും എന്നു തനെയണ്.
മുൻപ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലിരുന്ന സമയത്തുകൊലപാതകം, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എർപ്പെടുന്ന വ്യക്തികളെ പരസ്യമായി വധിക്കുന്ന ശിക്ഷാ മുറകൾ നടപ്പാക്കിയിരുന്നു. പല കോണുകളിൽ നിന്നായി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ശിക്ഷാ രീതിയായിരുന്നു ഇത്. പുതിയ സർക്കാരും ഇതേ നിലപാട് പിന്തുടരുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വാക്സിനേഷൻ നടപടികളോട് എതിർപ്പുള്ളവരാണ് താലിബാനികൾ അവർ അധികാരത്തിൽ എത്തുന്നത് ലോകാരോഗ്യത്തിനും ഭീഷണിയാണ്. പോളിയോ നിർമ്മാർജ്ജനം പൂർത്തീകരിക്കുന്നതും കോവിഡ് മഹാമാരിയുടെ നിയന്ത്രണവും ഇതോടെ അസാധ്യമായിരിക്കയാണ്. പോളിയോ നിർമ്മാർജ്ജനമാണ് വസൂരിക്ക് ശേഷം ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മഹാമാരി ഉന്മൂലനം. പോളിയോ വൈറസ്. വസൂരി രോഗാണുവിനെപ്പോലെ മനുഷ്യരിൽ മാത്രം കാണപ്പെടുന്ന വൈറസാണ്.
താലിബാൻ സ്വാധിനത്തിലുള്ള അഫ്ഗാനിസ്താന്റെയും, പാക്കിസ്ഥാന്റെയും അതിർത്തി പ്രദേശങ്ങളിലാണ് ഇപ്പോൾ പോളിയോ നിലനിൽക്കുന്നത്. ഈ രാജ്യങ്ങളിൽ തുടർന്നും പോളിയോ നിലനിന്നാൽ ലോകവ്യാപകമായി 2 ലക്ഷം പേരെയെങ്കിലും വർഷം തോറും പോളിയോ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുണ്ട്. ഈരണ്ട് രാജ്യങ്ങളിൽ നിന്നും പോളിയോ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഊർജ്ജിത ശ്രമം നടന്നുവരുമ്പോഴാണ് താലിബാൻ ശക്തികളുടെ വാക്സിൻ വിരുദ്ധ പ്രചാരണം ആരംഭിച്ചത്. 2018 മുതൽ താലിബാൻ പ്രവർത്തകർ വീടുവീടാന്തരമുള്ള പോളിയോ വാക്സിൻ വിതരണത്തെ തടസ്സപ്പെടുത്തി വരികയായിരുന്നു.
കിഴക്കൻ നംഗാർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലബാദിലെ പോളിയോ വാക്സിനേഷൻ വിതരണത്തിനായെത്തിയ മൂന്ന് വനിത ആരോഗ്യപ്രവർത്തകരെ താലിബാൻ ഭീകരർ ഈ വർഷം മാർച്ച് മാസത്തിൽ വെടിവച്ച് കൊന്നത് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഏതാണ്ട് 34 ലക്ഷം കുട്ടികൾക്ക് കൂടി അഫ്ഗാനിസ്താനിൽ പോളിയോ വാക്സിൻ നൽകേണ്ടതുണ്ട്. താലിബാൻ പൂർണ്ണ അധികാരത്തിലെത്തിയ സ്ഥിതിക്ക് ഇനി രാജ്യത്ത് പോളിയോ വാക്സിൻ വിതരണം നടക്കില്ലെന്ന് ഉറപ്പാണ്. കോവിഡ് തരതമ്യേന കുറഞ്ഞതോതിൽ വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ.
മറുനാടന് ഡെസ്ക്