കോഴിക്കോട്: കണ്ണൂരിൽ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസിൽ അറസ്റ്റിലായ യു.കെ ഹംസ എന്ന താലിബാൻ ഹംസ മലയാളി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ബഹ്‌റൈനിലെ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സലഫി സെന്റർ കേന്ദ്രീകരിച്ച്. ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ എന്നറിയപ്പെടുന്ന അൽ അൻസാർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതായും ഇവിടെ നിന്നും ഐ.എസിലേക്ക് പോയ യുവാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഹംസ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുമ്പും ഐ.എസ് കേസുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ അൽ അൻസാർ സെന്ററിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എൻ.എം)ത്തിൽ നിന്ന് വിഘടിച്ച് പ്രവർത്തിക്കുന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തിലാണ് ബഹ്‌റൈനിലെ ഇസ്ലാഹി സെന്റർ പ്രവർത്തിക്കുന്നത്.

ബഹ്‌റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ ചേർന്ന അഞ്ച് മലയാളി യുവാക്കൾ കൊല്ലപ്പെട്ടതായി നാലു മാസം മുമ്പ് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ബഹ്‌റൈനിലെ സലഫികളുടെ കേന്ദ്രമായ അൽ അൻസാർ സെന്റർ അന്വേഷണ പരിതിയിൽ വരുന്നത്. യുവാക്കളുടെ ഐ.എസ് റിക്രൂട്ട്‌മെന്റിൽ അൽ അൻസാർ സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരളത്തിലെ രണ്ട് സലഫി പണ്ഡിതർക്കെതിരെയും കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ മുമ്പ് മൊഴി നൽകിയിരുന്നു. ഹംസയുടെ അറസ്റ്റോടെയാണ് ബഹ്‌റൈൻ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരം പുറത്തു വന്നിരിക്കുന്നത്. ഈ സംഘങ്ങളുമായി ഹംസ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം പറയുന്നു.

ബഹ്‌റൈൻ ടീമുമായും ഇവർക്ക് ജിഹാദി ആശയങ്ങൾ കുത്തിവെച്ച അഷ്‌റഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നീ രണ്ട് സലഫി പണ്ഡിതരുമായും ഹംസ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എൻ.ഐ.എ നീരീക്ഷണത്തിലുള്ള ഈ രണ്ട് സലഫി പണ്ഡിതരും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലും വിസ്ഡം വിഭാഗത്തിലും പ്രവർത്തിച്ചിരുന്നവരാണ്. ഹുസൈൻ സലഫി, മുജാഹിദ് ബാലുശേരി തുടങ്ങി കേരളത്തിലെ വിസ്ഡം വിഭാഗത്തിന്റെ മുതിർന്ന നേതാക്കൾ സ്ഥിരമായി ക്ലാസെടുക്കാൻ എത്തുന്ന സ്ഥലമാണ് ബഹ്‌റൈനിലെ അൽ അൻസാർ സെന്റർ. ഇവിടെ നിന്ന് മലയാളി യുവാക്കൾ ഐ.എസിലെത്തിയതിനു പിന്നാലെ ഹംസയുടെ വെളിപ്പെടുത്തലും അൽ അൻസാർ സെന്ററിനെ കൂടുതൽ ദുരൂഹമാക്കുകയാണ്.

അഷ്റഫ് മൗലവിയും സഫീർ പെരുമ്പാവൂരും അൽ അൻസാറിലെ സ്ഥിരം സന്ദർശകരാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് (ഐ.എസ്) മലയാളികളെ റിക്രൂട്ട് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരമുണ്ട്. ഗൾഫിൽ ജോലിക്കു പോയി ഐ എസിൽ ചേർന്ന് 5 മലയാളികൾ കൊല്ലപ്പെട്ട വാർത്ത ജൂലൈ ഒന്നിന് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. ഇവരിൽ തീവ്ര ആശയങ്ങൾ നിറച്ച് ഗൾഫിൽ നിന്ന് ഐ എസിലേക്ക് എത്തിച്ചത് കേരളത്തിലെ രണ്ട് സലഫി പണ്ഡിതരാണെന്നാണ് എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങൾക്ക് മൊഴി ലഭിച്ചത്. ഈ പണ്ഡിരുമായി ബന്ധപ്പെടുത്തിയതും തീവ്രവാദത്തിലേക്കുള്ള ആദ്യ വഴിമരുന്നിട്ടിരുന്നതും ഹംസയായിരുന്നു. ഇതിനു ശേഷം ഹംസ നാട്ടിലെത്തി. എന്നാൽ യുവാക്കൾ കൊല്ലപ്പെട്ടതായ വിവരം ആദ്യം ലഭിച്ചത് ഹംസക്കായിരുന്നു. കൊല്ലപ്പെട്ട മലപ്പുറം വാണിയമ്പലം സ്വദേശി മുഹദ്ധിസിന്റെ സഹോദരൻ മനാഫ് നൽകിയ മൊഴിയിൽ ഇവരുടെ പേരുകളും അൽ അൻസാർ സെന്ററിന്റെ പേരും പരാമർശിക്കുന്നുണ്ട്.

അതേസമയം, അൽ അൻസാർ സെന്ററിനെതിരെയുള്ള ആരോപണങ്ങൾ ആസൂത്രിതമാണെന്നും തീവ്ര നിലപാടുള്ളവരെ തിരിച്ചറിഞ്ഞ് നടപടിയെടുത്തിട്ടുണ്ടെന്നും അൽ അൻസാർ സെന്റർ ഫേസ്‌ബുക്ക് പേജിൽ ഇട്ട വിശദീകരണ കുറിപ്പിൽ പറഞ്ഞു. ഇത്തരക്കാരെ എതിർക്കുകയും മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരിൽ പലരും അവരുടെ ആശയങ്ങൾ സ്വകാര്യമായി പ്രചരിപ്പിക്കുകയും പിന്നീട് ഇവിടെ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഇത്തരത്തിൽ ശക്തമായി നിലപാടെടുക്കുന്നതിൽ എതിർപ്പുള്ളവരാണ് പിടിക്കപ്പെടുമ്പോൾ സെന്ററിന്റെ പേര് പറയുന്നതെന്ന് സംശയിക്കുന്നതായും വിശദീകരണ കുറിപ്പിലൂടെ പറയുന്നു.

എന്നാൽ അൽ അൻസാർ സെന്ററിൽ സ്ഥിരമായി ക്ലാസിനെത്തുന്നവർക്കിടയിൽ തീവ്ര ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഇവരെ പ്രതിരോധത്തിലാക്കുന്നു. ഇത്തരത്തിൽ സ്ഥിരമായി ഇവിടെ ക്ലാസിൽ പങ്കെടുത്തവരാണ് ഐ.എസിൽ പോയ യുവാക്കളെന്ന് നേരത്തെ എൻ.എ.എക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഈ കേസിൽ പരാമർശിക്കപ്പെട്ട സലഫി പണ്ഡിതരും അൽ അൻസാർ സെന്റർ കേന്ദ്രീകരിച്ചാണ് ഏറെ നാൾ പ്രവർത്തിച്ചിരുന്നത്. കേരളത്തിൽ നിന്ന് ഐ.എസിലേക്കു പോയ പലരുമായും നേരിട്ട് ബന്ധമുള്ള തീവ്ര സലഫി ആശയക്കാരാണ് മലപ്പുറം മങ്കട സ്വദേശി അഷ്‌റഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നിവർ. ഇവരുടെ ക്ലാസുകളിൽ അഞ്ച് യുവാക്കളും സ്ഥിരാമായി പങ്കെടുക്കാറുണ്ടായിരുന്നു.

മുമ്പ് ഐ.എസിൽ എത്തിയവരേയും സമാന ആശയക്കാരായ പണ്ഡിതന്മാരേയും ബന്ധപ്പെടുത്തിയിരുന്നത് ഹംസയായിരുന്നു. ബഹ്‌റൈനിൽ നിന്ന് യുവാക്കൾ ഐ.എസിലേക്കെത്തിക്കുന്നതിൽ ഈ മൂന്നു പേർക്കും വലിയ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. സഫീർ, എറണാകുളം കേന്ദ്രീകരിച്ചും അഷ്‌റഫ് മൗലവി മംഗലാപുരം കേന്ദ്രീകരിച്ചുമാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇരുവരും ഹിജ്‌റയും (പലായനം) ജിഹാദി ആശയങ്ങലും പ്രചരിപ്പിച്ചിരുന്നവരാണ്. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എൻ.എം)ത്തിൽ നിന്ന് പിളർന്ന ശേഷമാണ് വിസ്ഡം ഗ്രൂപ്പ് രൂപപ്പെടുന്നത്. ഇതിൽ നിന്ന് വീണ്ടും വിഘടിച്ചവരുമായും അടുത്ത ബന്ധമാണ് ഈ പണ്ഡിതർക്കുള്ളത്. പല ഐ.എസ് കേസുകളിലും ഇവരുടെ പേരുകൾ എൻ.ഐ.എ പ്രത്യേകം നോട്ട് ചെയ്തിരുന്നു. 21 അംഗ മലയാളി യുവ സംഘത്തിന്റെ തിരോധാനത്തിന് പിന്നാലെ എൻ.ഐ.എ ഇവരെ ചോദ്യം ചെയ്‌തെങ്കിലും വിട്ടയക്കുകയായിരുന്നു. പിന്നീട് ഇവർ വിദേശത്തേക്ക് കടന്നതായാണ് സൂചന.

ഐഎസ് കേന്ദ്രമായ സിറിയയിലെ അലപ്പോയിൽ വെച്ച് കൊല്ലപ്പെട്ട അഞ്ച് പേരിൽ നാല് പേരും ബഹ്‌റൈനിൽ നിന്നുള്ളവരായിരുന്നു. ബഹ്‌റൈനിൽ വച്ചാണ് ഹംസയും സലഫി പണ്ഡിതരും ഇവർക്ക് നിരന്തരമായി ക്ലാസ് കൊടുത്തിരുന്നത്. ബഹ്‌റൈനിലെ ഇസ്ലാഹി സെന്ററിൽ വെച്ച് നടന്നിരുന്ന ക്ലാസുകളിൽ ഇവർ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് മുഹദ്ധിസിന്റെ സഹോദരൻ മനാഫ് നൽകിയ മൊഴി. മലപ്പുറം വണ്ടൂർ സ്വദേശിയും വാണിയമ്പലത്ത് താമസക്കാരനുമായ മുഹദ്ധിസ്, പാലക്കാട് കഞ്ചിക്കോട് സ്വദേശി ഷിബി, വടകര സ്വദേശി മൻസൂർ, കണ്ണൂർ ചാലാട് സ്വദേശി സൻഷാദ്, കൊണ്ടോട്ടി സ്വദേശി മൻസൂർ എന്നീ അഞ്ച് പേരാണ് സിറിയയിൽ ഐ എസ് ക്യാമ്പിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി മൊഴിയും വിവരവും ലഭിച്ചത്. ഇവരെല്ലാം 20നും 30 നും മധ്യേ പ്രായമുള്ളവരാണ്.

ഷിബി ഒഴികെയുള്ള നാല് പേരും മുഹദ്ധിസിന്റെ സഹോദരൻ മനാഫും ബഹ്‌റൈനിലെ ഒരു കാറ്ററിംങ് കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഹംസയും ഇവരോടൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്നു. ഒഴിവു സമയങ്ങളിലെല്ലാം ഇവർ ബഹ്‌റൈനിലെ കേരള സലഫികളുടെ കേന്ദ്രമായ ഇസ്ലാഹി സെന്ററിൽ പോകുമായിരുന്നു. ഇവിടെ വെച്ചും മറ്റിടങ്ങളിലും നടന്ന ക്ലാസുകളിലാണ് 'ജിഹാദി' ആശയം കുത്തി വെയ്ക്കപ്പെട്ടത്. മാത്രമല്ല, കാസർകോട് പടന്നയിൽ നിന്ന് ഐ എസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുള്ളയെ അഷ്‌റഫ് സലഫിയും സഫീറും ഇവർക്ക് പരിചയപ്പെടുത്തിയിരുന്നു. ജിഹാദിനെ കുറിച്ചുള്ള കൂടുതൽ സംശയങ്ങളും ഐ.എസ് ക്യാമ്പിലെ വിശേഷങ്ങളും റാഷിദിനെ ഫോണിൽ ബന്ധപ്പെട്ടാണ് സംഘം നിവാരണം നടത്തിയിരുന്നത്. കേരളത്തിൽ നിന്ന് നംഘഹാറിലെ ഐ എസ് ക്യാമ്പിലേക്ക് പോയവരിൽ അവശേഷിക്കുന്നവർ അടങ്ങുന്ന ഗ്രൂപ്പിന്റെ അമീർ ആയാണ് റാഷിദിനെ കരുതപ്പെടുന്നത്.

നിലവിൽ വിവിധ ഗ്രൂപ്പുകളായാണ് കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയിട്ടുള്ളത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത വിവിധ ഐ.എസ് കേസുകളും വ്യത്യസ്ത സംഭവങ്ങളാണ്. എന്നാൽ ഇവരെല്ലാം പരസ്പരം ബന്ധമുള്ളതായി അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇതുവരെ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന് ഗുണമാണെന്നാണ് വിലയിരുത്തൽ. കനകമല, ബഹ്റൈൻ, കാസർകോഡ് ടീം എന്നിവരുമായുള്ള ഹംസയുടെയും കണ്ണൂരിൽ നിന്ന് അറസ്റ്റിലായവരുടെയും ബന്ധം കേരളത്തിലെ ഐ.എസിന്റെ അടിവേര് കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. 16 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ അഞ്ച് പേരെയാണ് കണ്ണൂരിൽ അറസ്റ്റ് ചെയ്തത്. നിലവിൽ കണ്ണൂർ എസ്‌പിയുടെ മേൽനോട്ടത്തിലുള്ള ക്രൈം സ്്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. ഒരാഴ്ചക്കകം കേസ് എൻ.ഐ.എ ഏറ്റെടുക്കുമെന്നാണ് സൂചന. കണ്ണൂരിൽ നിന്ന് ഐ.എസിൽ ചേരാൻ പോകുന്നതിനിടെ പിടിയിലായ ഷാജഹാനെ കഴിഞ്ഞ ദിവസം എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.