മലപ്പുറം: ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസി(ഇസ്ലാമിക് സ്റ്റേറ്റ്)ൽ പോയ എട്ട് മലയാളികൾക്കതിരെ പൊലീസ് കേസെടുത്തു. ഐ.എസ് റിക്രൂട്ട്മെന്റിന് ചുക്കാൻ വഹിച്ച രണ്ട് സലഫി പണ്ഡിതർ ഉൾപ്പടെ എട്ട് പേർക്കെതിരെ യു.എ.പി.എ 38, 39 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല. വാണിയമ്പലം സ്വദേശി മുഹദ്ധിസ്, കൊണ്ടോട്ടി സ്വദേശി മൻസൂർ, കണ്ണൂർ ചാലാട് സ്വദേശി ഷഹനാദ്, വടകര സ്വദേശി മൻസൂർ, കോഴിക്കോട് താമരശേരി സ്വദേശി ഷൈജു നിഹാർ, ഫാജിതുകൊയിലാണ്ടി, വാണിയമ്പലം സ്വദേശി അഷ്റഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നീ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്.

കണ്ണൂരിൽ കഴിഞ്ഞാഴ്ച അറസ്റ്റിലായ സംഘത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം വണ്ടൂരിൽ എട്ട് പേർക്കെതിരെ കൂടി ഐ.എസ് കേസ് രജിസ്റ്റർ ചെയ്തത്. താലിബാൻ ഹംസ എന്ന ബിരിയാണി ഹംസയിൽ നിന്ന് ലഭിച്ച മൊഴിയാണ് ഏറെ നിർണായകമായത്. ബഹ്റൈനിൽ നിന്നും സംഘം ഐ.എസിൽ പോയ വിവരം ഹംസക്ക് അറിയാമായിരുന്നെന്നും ഇവർ കൊല്ലപ്പെട്ട വിവരവും ഹംസ അറിഞ്ഞിരുന്നതായും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ബഹ്റൈനിലെ അൽ അൻസാർ ഇസ്ലാഹി സെന്റർ കേന്ദ്രീകരിച്ച് നിരന്തരം ക്ലാസ് നടത്തിയിരുന്നതും ശേഷം മലയാളി യുവാക്കൾ സിറിയയിലേക്ക് പോയതും തനിക്ക് അറിവുണ്ടായിരുന്നുവെന്ന കുറ്റസമ്മത മൊഴി അന്വേഷണ സംഘത്തിന് ഹംസ നൽകിയിരുന്നു.

ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് പെരിന്തൽമണ്ണ ഡിവൈഎസ്‌പിയെ അന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു. കണ്ണൂരിൽ കഴിഞ്ഞ ആഴ്ച 16 പേർക്കെതിരെയാണ് ഐ.എസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് പേർ സിറിയയിൽ വെച്ച് കൊല്ലപ്പെടുകയും ചെയ്തു. ഇവരുടെ പേരുവിവരങ്ങളും പുറത്ത് വിട്ടിരുന്നു. എന്നാൽ സിറിയയിലും ബഹ്റൈനിലുമായി 56 പേർ കണ്ണൂർ സംഘവുമായി ബന്ധപ്പെട്ടവർ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇവർ ഐ.എസ് ആശയമനുസരിച്ച് ജീവിക്കുന്നവരാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ വിവിധ ജില്ലയിൽപ്പെട്ടവരുണ്ട്. വരും ദിവസങ്ങളിൽ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. ഇവരുമായി ബന്ധപ്പെട്ട എട്ട് പേർക്കെതിരെയാണ് ഇന്നലെ വണ്ടൂരിൽ കേസ് രജിസ്റ്റർ ചെയ്തത്.

ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ പോയി കൊല്ലപ്പെട്ട മലയാളികളുടെ വിവരം ജൂലൈ ഒന്നിന് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. ഇവരെ റിക്രൂട്ട് ചെയ്ത സലഫി പണ്ഡിതരെ കുറിച്ചും മറുനാടൻ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ രണ്ട് സലഫി പണ്ഡിതർക്കെതിരെ അടക്കമാണ് ഇപ്പോൾ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഷ്‌റഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നിവരാണ് സലഫി പണ്ഡിതർ. ഇവർ കെ.എൻ.എം മുജാഹിദ് സഘടനയിൽ നിന്ന് വിഘടിച്ച വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷനിലും, പിന്നീട് ഇതിൽ നിന്നും വിഘടിച്ച സക്കരിയ സ്വലാഹി വിഭാഗം എന്നിവയിൽ പ്രവർത്തിച്ചവരാണ്.

21 അംഗ മലയാളി സംഘം ഐ.എസിലേക്ക് പോയ സംഭവത്തിന് ശേഷം രണ്ട് സലഫി പണ്ഡിതരും എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. എന്നാൽ സഫീർ പെരുമ്പാവൂർ ഈയിടെ സിറിയയിലേക്ക് കടന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേസെടുത്തതിൽ മൻസൂർ, മുഹദ്ധിസ്, ഷഹനാദ്, മൻസൂർ എന്നിവർ കൊല്ലപ്പെട്ടവരാണ്. അഷ്‌റഫ് മൗലവി ഒഴികെയുള്ള മറ്റ് നാലു പേർ സിറിയയിലേക്ക് കടന്നതായാണ് സൂചന. ഇവരെ കുറിച്ചുള്ള വിവരം ശേഖരിച്ചു വരികയാണ്.

കണ്ണൂരിൽ ഐ.എസ് കേസിൽ അറസ്റ്റിലായ യു.കെ ഹംസ എന്ന താലിബാൻ ഹംസ മലയാളി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ബഹ്‌റൈനിലെ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സലഫി സെന്റർ കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ എന്നറിയപ്പെടുന്ന അൽ അൻസാർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതായും ഇവിടെ നിന്നും ഐ.എസിലേക്ക് പോയ യുവാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഹംസ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. മുമ്പും ഐ.എസ് കേസുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ അൽ അൻസാർ സെന്ററിനെതിരെ ആരോപണങ്ങളുയർന്നിരുന്നു.

കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എൻ.എം)ത്തിൽ നിന്ന് വിഘടിച്ച് പ്രവർത്തിക്കുന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തിലാണ് ബഹ്‌റൈനിലെ ഇസ്ലാഹി സെന്റർ പ്രവർത്തിക്കുന്നത്. എന്നാൽ വിസ്ഡം വിഭാഗത്തിന്റെ ആശയത്തിന് വിരുദ്ധമായി ഹിജ്‌റ (പലായനം) നിർബന്ധമാണെന്ന് ഇവിടെ വെച്ച് ചില സലഫി പണ്ഡിതർ യുവാക്കൾക്ക് ക്ലാസെടുക്കുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലി ഇസ്ലാഹി സെന്ററിൽ രൂക്ഷമായ വാഗ്വാദങ്ങളും പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. അഷ്ഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നിവർ സെന്ററിൽ സ്ഥിരമായി എത്തുകയും ജിഹാദി ആശയങ്ങൾ കുത്തിവെയ്ക്കുകയും ചെയ്തിരുന്നു. തീവ്രവാദം കുത്തിവെക്കാനായി രണ്ട് പേർ കൂടാതെ ഇസ്ലാഹി സെന്റർ കേന്ദ്രീകരിച്ച് വേറെയും പണ്ഡിതർ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

യുവാക്കളുടെ ഐ.എസ് റിക്രൂട്ട്‌മെന്റിൽ അൽ അൻസാർ സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരളത്തിലെ രണ്ട് സലഫി പണ്ഡിതർക്കെതിരെയും കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ അഞ്ച് മാസം മുമ്പ് മൊഴി നൽകിയിരുന്നു. ഹംസയുടെ അറസ്റ്റോടെയാണ് ബഹ്‌റൈൻ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരം പുറത്തു വന്നത്. പണ്ഡിരുമായി ബന്ധപ്പെടുത്തിയതും തീവ്രവാദത്തിലേക്കുള്ള ആദ്യ വഴിമരുന്നിട്ടിരുന്നതും ഹംസയായിരുന്നു. ഇതിനു ശേഷം ഹംസ നാട്ടിലെത്തി. എന്നാൽ യുവാക്കൾ കൊല്ലപ്പെട്ടതായ വിവരം ആദ്യം ലഭിച്ചത് ഹംസക്കായിരുന്നു. കൊല്ലപ്പെട്ട മലപ്പുറം വാണിയമ്പലം സ്വദേശി മുഹദ്ധിസിന്റെ സഹോദരൻ മനാഫ് നൽകിയ മൊഴിയിൽ ഇവരുടെ പേരുകളും അൽ അൻസാർ സെന്ററിന്റെ പേരും പരാമർശിക്കുന്നുണ്ട്.

ബഹ്‌റൈനിലെ ഇസ്ലാഹി സെന്ററിൽ വെച്ച് നടന്നിരുന്ന ക്ലാസുകളിൽ ഇവർ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് മുഹദ്ധിസിന്റെ സഹോദരൻ മനാഫ് നൽകിയ മൊഴി. മലപ്പുറം വണ്ടൂർ സ്വദേശിയും വാണിയമ്പലത്ത് താമസക്കാരനുമാണ് മുഹദ്ധിസ്. കൊല്ലപ്പെട്ട് യുവാക്കളൈല്ലാം 20നും 30 നും മധ്യേ പ്രായമുള്ളവരാണ്. മുഹദ്ധിസിന്റെ സഹോദരൻ മനാഫും മറ്റ് യുവാക്കളും ബഹ്‌റൈനിലെ ഒരു കാറ്ററിംങ് കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഹംസയും ഇവരോടൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്നു. ഒഴിവു സമയങ്ങളിലെല്ലാം ഇവർ ബഹ്‌റൈനിലെ കേരള സലഫികളുടെ കേന്ദ്രമായ ഇസ്ലാഹി സെന്ററിൽ പോകുമായിരുന്നു. ഇവിടെ വെച്ചും മറ്റിടങ്ങളിലും നടന്ന ക്ലാസുകളിലാണ് 'ജിഹാദി' ആശയം കുത്തി വെയ്ക്കപ്പെട്ടത്. മാത്രമല്ല, കാസർകോട് പടന്നയിൽ നിന്ന് ഐ എസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുള്ളയെ അഷ്‌റഫ് സലഫിയും സഫീറും ഇവർക്ക് പരിചയപ്പെടുത്തിയിരുന്നു. ജിഹാദിനെ കുറിച്ചുള്ള കൂടുതൽ സംശയങ്ങളും ഐ.എസ് ക്യാമ്പിലെ വിശേഷങ്ങളും റാഷിദിനെ ഫോണിൽ ബന്ധപ്പെട്ടാണ് സംഘം നിവാരണം നടത്തിയിരുന്നത്. കേരളത്തിൽ നിന്ന് നംഘഹാറിലെ ഐ എസ് ക്യാമ്പിലേക്ക് പോയവരിൽ അവശേഷിക്കുന്നവർ അടങ്ങുന്ന ഗ്രൂപ്പിന്റെ അമീർ ആയാണ് റാഷിദിനെ കരുതപ്പെടുന്നത്.

നിലവിൽ വിവിധ ഗ്രൂപ്പുകളായാണ് കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയിട്ടുള്ളത്. ഒന്നര വർഷത്തിനിടെ 65 ഓളം പേർക്കെതിരെയാണ് കേരളത്തിൽ മാത്രം ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിതിട്ടുള്ളത്. ഇതിൽ 45 പേരും സിറിയയിലേക്കും അഫ്ഗാനിലേക്കും 'ഹിജ്‌റ' പോയവരാണ്. രാജ്യം വിട്ട സംഘത്തിൽ എട്ട് സ്ത്രീകളും ഏഴ് കുട്ടികളുമുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സമൂഹത്തിൽ ഉന്നത നിലയിൽ ജോലി ചെയ്യുന്നവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ് ഇവരെല്ലാംതന്നെ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ), സലഫി ഗ്രൂപ്പുകൾ എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ് കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയവരെല്ലാം. സലഫി ആശയം മൂത്ത് തീവ്രവാദത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരും സിമി, എൻ.ഡി.എഫ്, പോപ്പുലർ ഫ്രണ്ട് സംഘടനകൾ വെച്ചു പുലർത്തുന്ന ജിഹാദിനോടുള്ള സമീപനം തലക്ക് പിടിച്ചുമാണ് ഈ വിഭാഗങ്ങൾ ഖിലാഫത്ത് സ്ഥാപിക്കാനും 'ശത്രു'വിനെതിരെ യുദ്ധം ചെയ്യാനും ഈ കേരളക്കരയിൽ നിന്ന് 'ഹിജ്‌റ' പോകുന്നത്.