കാബൂൾ: കാബൂൾ വിമാനത്താവളത്തിന് സമീപത്തെ ഭീകരാക്രമണത്തിന് പിന്നാലെ രക്ഷാദൗത്യം അവസാനിപ്പിക്കാനൊരുങ്ങി പാശ്ചാത്യ രാജ്യങ്ങൾ. അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതിനെ തുടർന്ന് പ്രാണരക്ഷാർഥം മറ്റുരാജ്യങ്ങളിലേക്ക് കടക്കുന്നതിനായി ഒട്ടേറെയാളുകൾ എത്തിച്ചേർന്നിരുന്ന വിമാനത്താവള പരിസരം ഏറെക്കുറെ ഒഴിഞ്ഞ നിലയിലാണുള്ളത്.

വിമാനത്താവളത്തിന് ചുറ്റും ശനിയാഴ്ച കൂടുതൽ അംഗങ്ങളെ താലിബാൻ വിന്യസിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടും കൂടുന്നത് ഒഴിവാക്കാനാണ് നടപടി. അഫ്ഗാനിൽനിന്നുള്ള മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യത്തിന്റെ തോത് കുറഞ്ഞതും വിമാനത്താവളത്തിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ താലിബാനെ പ്രേരിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ താലിബാന്റെ പുതിയ ചെക്ക്പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



ചില ചെക്കുപോസ്റ്റുകൾ യൂണിഫോമിട്ട താലിബാൻ അംഗങ്ങളാണ് നിയന്ത്രിക്കുന്നത്. അഫ്ഗാൻ സേനയിൽനിന്ന് തട്ടിയെടുത്ത സൈനികവാഹനങ്ങളും രാത്രിയിലെ കാഴ്ചയ്ക്കുപയോഗിക്കുന്ന കണ്ണടകളും ഉപയോഗിച്ചാണ് ചെക്കുപോസ്റ്റുകളിൽ താലിബാൻ സേന നിലയുറപ്പിച്ചിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരസംഘം വ്യാഴാഴ്ച നടത്തിയ ചാവേർ ആക്രമണത്തിൽ 169 അഫ്ഗാൻ പൗരന്മാരും 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇവർ ഇനിയും ആക്രമണം നടത്തിയേക്കുമെന്ന സൂചനയും ഇവിടെ നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് 31-ന് യു.എസ്. സൈന്യം അഫ്ഗാൻ വിടുമെന്നിരിക്കെ, ഒട്ടുമിക്ക പാശ്ചാത്യരാജ്യങ്ങളും രക്ഷാദൗത്യം പൂർത്തിയാക്കിക്കഴിഞ്ഞു.

യു.എസിന്റെ കണക്കുപ്രകാരം ഏകദേശം ഒരു ലക്ഷത്തിൽപരമാളുകളെ കാബൂൾ വിമാനത്താവളം വഴി സുരക്ഷിതമായി മറ്റുരാജ്യങ്ങളിലെത്തിച്ചു. എന്നാൽ, പതിനായിരക്കണക്കിന് ആളുകൾ രാജ്യം വിടാൻ വേണ്ടി ഇനിയും കാത്തുനിൽക്കുന്നുണ്ട്. രക്ഷാദൗത്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഇവർക്കെല്ലാം രാജ്യം വിടാൻ കഴിയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.



അതിനിടെ അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്.എംബസി രംഗത്തെത്തി. കാബൂൾ വിമാനത്താവളത്തിലെ നാല് കവാടങ്ങളിലുമായി തങ്ങിയിരിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ഉടൻ സ്ഥലത്തുനിന്നും മാറണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

'അമേരിക്കൻ പൗരന്മാരും സൈനികരും കാബൂളിലെ വിമാനത്താവളത്തിന് ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം. അബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ്, ന്യൂ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം.' കാബൂളിലെ യു.എസ്.എംബസ്സി മുന്നറിയിപ്പിൽ പറയുന്നു.

രണ്ടു ദിവസം മുമ്പാണ് അബ്ബേ കവാടത്തിലും ഹോട്ടൽ പരിസരത്തുമായി ഐ.എസ്.ചാവേർ ആക്രമണം നടത്തിയത്. അബ്ബേ കവാടത്തിൽ സുരക്ഷ നോക്കിയിരുന്ന 13 സൈനികരാണ് കൊല്ലപ്പെട്ടത്. ഐ.എസ് ഭീകര നേതാവിനെ വകവരുത്തിക്കൊണ്ടാണ് അമേരിക്ക 24 മണിക്കൂറിനുള്ളിൽ തിരിച്ചടിച്ചത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് കാറിൽ സഞ്ചിരിക്കുകയായിരുന്ന നേതാവിനെ വധിച്ചതെന്ന് പെന്റഗൺ സ്ഥിരീകരിച്ചിരുന്നു.