തളിപ്പറമ്പ്: നഗരസഭ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ അനാശാസ്യ പ്രവർത്തനം നടത്തുകയും, ബുക്ക് സ്റ്റാൾ ഉടമയോട് മൊബൈൽ ഫോൺ കൈക്കൂലിയായി ചോദിച്ചു വാങ്ങുകയും ചെയ്ത തളിപ്പറമ്പ് നഗരസഭയിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

നഗരസഭയിലെ ഹെൽത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽ. ഡി. ക്ലാർക്ക് സുരേന്ദ്രനെയാണ് നഗരസഭ ചെയർ പേഴ്‌സൺ മുർഷിദ കൊങ്ങായി സസ്‌പെൻഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. അന്വേഷണത്തിൽ നഗരസഭ ക്വാർട്ടേഴ്‌സ് ജീവനക്കാരൻ ദുരുപയോഗം ചെയ്തതായി സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ നടപടി.

ക്വാർട്ടേഴ്‌സിൽ നടന്ന അനാശാസ്യവുമായി ബന്ധപ്പെട്ട് തൃച്ചംബരം പ്ലാത്തേട്ടെ കെ. കിഷോറും, മൊബൈൽ ഫോൺ കൈക്കൂലിയായി വാങ്ങിയ സംഭവത്തിൽ തളിപ്പറമ്പ് കോർട്ട് റോഡിലെ സെൻട്രൽ ബുക്ക് സ്റ്റാൾ നടത്തി വരുന്ന പുഷ്പഗിരിയിലെ കെ. പി. അബ്ദുൾ സത്താറും നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. നാട്ടുകാർ പകർത്തിയ അനാ
ശാസ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച് വൈറലായതോടെയാണ് നഗരസഭ അധികൃതർ അന്വേഷണത്തിന് തയ്യാറായത്.

ലൈസൻസ് പുതുക്കാനും മറ്റും ഓഫീസിലെത്തുന്ന വ്യാപാരികളിൽ നിന്നും ഭീഷണിപ്പെടുത്തി പാരിതേഷികങ്ങൾ കൈപ്പറ്റിയതായി സുരേന്ദ്രനെതിരെ പരാതിയും ആരോപണങ്ങളും ഉയർന്നിരുന്നു.
കരിവെള്ളൂർ സ്വദേശിയായ സുരേന്ദ്രന് നേരത്തെ ഇവിടെ ജോലി ചെയ്ത നഗരസഭ സെക്രട്ടറിയാണ് ക്വാർട്ടേഴ്‌സ് വാടകക്ക് അനുവദിച്ചത്.