ദോഹ: യൂത്ത് ഫോറം സംഘടിപ്പിക്കുന്ന 'ലോസ് റ്റു ലിവ്' വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷന്റെ ഭാഗമായി ഹെൽത്ത് ടോക്ക് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹൃദ്രോഗ വിഭാഗത്തിലെ സീനിയർ ഡയറ്റീഷൻ ആയിഷ പൂക്കുഞ്ഞ്, ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് അലീഫ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് നമ്മുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതെന്നും എന്നാൽ ആഹാര ക്രമത്തിലെ വീഴ്ചകളാണ് രോഗങ്ങൾക്ക് അടിമപ്പെടുത്തുന്നതെന്നും അതിനാൽ തന്നെ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ഹെൽത്ത് ടോക്കിൽ പ്രഭാഷണം നടത്തിയവർ പറഞ്ഞു.

പ്രകൃതിദത്ത രോഗപ്രതിരോധവും ആരോഗ്യവും ആഗ്രഹിക്കുന്നവർ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപദാർത്ഥങ്ങളും ജീവിതചര്യകളും ഉപേക്ഷിക്കണം. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാതെയുള്ള ജോലിയും, ജോലിയുടെ ഭാഗമായുള്ള മാനസിക പിരിമുറുക്കവും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഒരാളുടെ ആയുസ്സും ആരോഗ്യവും തീരുമാനിക്കപ്പെടുന്നത് ജീവിതചര്യയനുസരിച്ചാണ്. അതിനാൽ തന്നെ വ്യായാമം ജീവിത ചര്യയുടെ ഭാഗമാക്കണമെന്നും ഇരുവരും ഓർമ്മിപ്പിച്ചു. യൂത്ത്‌ഫോറം കായിക വിഭാഗം സെക്രട്ടറി തസീൻ അമീൻ അദ്ധ്യക്ഷത വഹിച്ചു. കായിക വിഭാഗം സെന്റ്‌റൽ കോഡിനേറ്റർ സഫീഖ്, വെയിറ്റ് ലോസ് കോമ്പറ്റീഷൻ കോഡിനേറ്റർമാരായ ഷാഫി വടുതല, ഷറീൻ മുഹമ്മദ്, തൻവീർ തുടങ്ങിയവർ സംസാരിച്ചു.