ഡബ്ലിൻ: ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാത്ത എച്ച്എസ്ഇ നടപടിയിൽ പ്രതിഷേധിച്ച് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് അസോസിയേഷന്റെ (ഐഎൻഎംഒ)യുടെ ആഭിമുഖ്യത്തിൽ ഇന്ന് നഴ്‌സുമാർ സൂചനാ പണിമുടക്ക് നടത്തും. ആശുപത്രികളിലെ എമർജൻസി വാർഡുകളിലുള്ള തിരക്ക് ഒഴിവാക്കാൻ കൂടുതൽ സ്റ്റാഫിനെ നിയമിക്കണമെന്നുള്ള ഐഎൻഎംഒയുടെ ആവശ്യം എച്ച്എസ്ഇ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഇന്നലെ രാത്രിയും എച്ച്എസ്ഇയുമായി നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ഐഎൻഎംഒ തീരുമാനിച്ചത്. ഇതു പ്രകാരം ഏഴ് ആശുപത്രികളിലെ എമർജൻസി വാർഡുകളിൽ രണ്ടു മണിക്കൂർ വീതം സൂചനാ പണിമുടക്ക് നടത്തും. നഴ്‌സിങ് സ്റ്റാഫിന്റെ ക്ഷാമം വർധിച്ചിരിക്കെ ആശുപത്രികളിൽ തിരക്ക് വർധിക്കുകയാണെന്നും ഡ്യൂട്ടിയിലുള്ള നഴ്‌സുമാർക്ക് ജോലി ഭാരം വർധിക്കുകയാണെന്നും ഐഎൻഎംഒ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡേവ് ഹഗ്‌സ് വ്യക്തമാക്കി. പണിമുടക്ക് ഒഴിവാക്കുന്നതിനാണ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനുമായി ചർച്ചയ്ക്ക് ഒരുങ്ങിയത്.


26 എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഉള്ളതിൽ 12 എണ്ണത്തിൽ അടിയന്തിരമായി 144 നഴ്‌സുമാരെ മൊത്തം നിയമിക്കണമെന്നാണ് ഐഎൻഎംഒ ആവശ്യപ്പെട്ടത്. എന്നാൽ യൂണിയന്റെ ആവശ്യങ്ങൾക്ക് എച്ച്എസ്ഇ വഴങ്ങാത്തതിനെ തുടർന്ന് പണിമുടക്കുമായി മുന്നോട്ടു പോകാൻ തന്നെ യൂണിയൻ തീരുമാനിക്കുകയായിരുന്നു.

ചൊവ്വാഴ്‌ച്ച രണ്ട് മണിക്കൂർ സമരം ആണ് ഏഴ് ആശുപത്രികളിൽ നഴ്‌സുമാർ നിശ്ചയിച്ചിട്ടുള്ളത്.  ഡബ്ലിൻ ബുമോണ്ട് ആശുപത്രി രാവിലെ എട്ട് മുതൽ പത്ത് വരെ, കോർക്ക് മേഴ്‌സി യൂണിവേഴ്‌സിറ്റി ആശുപത്രി രാവിലെ എട്ട് മുതൽ പത്ത് വരെ, താല ആശുപത്രി രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ, കവാൻ ജനറൽ ആശുപത്രി രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ, വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ആശുപത്രി ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ രണ്ട് വരെ. ടുളമോർ  മിഡ് ലാൻസ് റീജണൽ ആശുപത്രി ഉച്ചയ്ക്ക്  പന്ത്രണ്ട് മുതൽ രണ്ട് വരെ. ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രി രണ്ട് മുതൽ നാല് വരെ എന്നിങ്ങനെയാണ് സമരം നടക്കുന്ന സമയം.