ന്യൂഡൽഹി: പേര് കൊണ്ട് മുസ്ലിം ആയതിനാൽ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ നസിറൂദ്ദീൻ ഷാ. മുൻ പാക് വിദേശകാര്യമന്ത്രി ഖുർഷിദ് അഹ്മദ് കസൂരിയുടെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത ആക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് നസീറുദ്ദീൻ ഷായുടെ പ്രതികരണം.

'എന്റെ പേര് നസീറുദ്ദീൻ ഷാ. അതുതന്നെയാണ് ഞാൻ ഉന്നമിടപ്പെടുന്നതിന്റെ കാരണമെന്ന് വിശ്വസിക്കുന്നു. അതിയായ വേദനയോടു കൂടിയാണ് ഇത് പറയുന്നത്. ഇതുവരെയും ഞാൻ എന്റെ മുസ്ലിം ഐഡന്റിറ്റിയെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല' - നസീറുദ്ദീൻ ഷാ ഇന്ത്യാ ടുഡേ ന്യൂസ് ചാനലിൽ രാജ്ദ്വീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽ വികാരാധീനനായാണ് പ്രതികരിച്ചത്.

പുസ്തക പ്രകാശന ചടങ്ങിൽ താൻ പറഞ്ഞ കാര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ വിരുദ്ധനായി ചിത്രീകരിക്കാൻ നടന്ന ശ്രമങ്ങൾ തന്നെ അമ്പരപ്പിച്ചുവെന്നും താൻ പറഞ്ഞ കാര്യങ്ങളുമായി തരിമ്പുപോലും അവക്ക് ബന്ധമില്ലെന്നും ഷാ കൂട്ടിച്ചേർത്തു. അവിടെ സന്നിഹിതരായിരുന്ന നിരവധി പേർ ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നേക്കാൾ കടുത്ത ഭാഷയിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, താൻ പറഞ്ഞതു മാത്രം വെട്ടിയെടുത്ത് ദേശ വിരുദ്ധനായി ചിത്രീകരിക്കുകയായിരുന്നു. ഇമ്രാൻ ഖാൻ മഹാനായ വ്യക്തിയാണെന്ന് താൻ പറഞ്ഞാൽ അതിന്റെ അർഥം സുനിൽ ഗവാസ്‌കർ അദ്ദേഹത്തേക്കാൾ കഴിവു കുറഞ്ഞ വ്യക്തിയാണെന്നാണോ?- നസിറുദ്ദീൻ ഷാ പറഞ്ഞു.

കഴിഞ്ഞ നാലു തലമുറകൾ ആയി എന്റെ കുടുംബം ഇവിടെ ഉണ്ട്. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ നസീറുദ്ദീൻ ഷാ തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ പുരസ്‌കരങ്ങൾ തിരിച്ചു നൽകിയല്ല, കൂടുതൽ ശക്തമായ രചനകളിലൂടെയാണ് എഴൂത്തുകാർ പ്രതിഷേധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

താൻ ലാഹോറിൽ ചെന്നപ്പോൾ നല്ല രീതിയിൽ സ്വീകരിച്ചയാളാണ് കസൂരി. പല തവണ പാക്കിസ്ഥാനിൽ പരിപാടികൾ അവതരിപ്പിക്കാൻ പോയിട്ടുണ്ട്. തന്റെ പരിപാടികൾ അവിടെ ആരും തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാനതകളേക്കാൾ വൈരുധ്യങ്ങളിലേക്ക് നോക്കാനാണ് ജനങ്ങൾക്ക് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. കസൂരിയുടെ പുസ്തക പ്രകാശനവേളയിൽ നസിറുദ്ദീൻ പരഞ്ഞ ഈ വാക്കുകളാണ് വിവാദത്തിന് ആധാരമായത്.

ഇതോടെ ട്വിറ്ററിൽ രൂക്ഷമായ ആക്രമണമാണ് നസിറുദ്ദീൻ ഷാ നേരിടേണ്ടി വന്നത്. ഇതേ തുടർന്നാണ് വികാരാധീനനായി അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പ്രകാശ ചടങ്ങിൽ നസീറുദ്ദീൻ ഷാക്കു പുറമെ പ്രമുഖ അഭിഭാഷകനും ചരിത്രകാരനുമായ എ.ജി നൂറാനി, മാദ്ധ്യമപ്രവർത്തകനായ ദിലീപ് പദ്‌ഗോങ്കർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ശിവസേനയുടെ കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു പുസ്തക പ്രകാശനം.