ചെന്നൈ: സിനിമാ നിർമ്മാതാവ് അശോക് കുമാറിന്റെ ആത്മഹത്യ ചർച്ചകൾ പുതിയ തലത്തിലേക്ക്. പലിശയ്ക്ക് പണം കൊടുക്കുന്ന അൻപു ചെഴിയാൻ എന്ന വലിയ പണമിടപാടുകാരൻ സംഭവത്തിൽ പിടിയിലാകുകയും ചെയ്തു. അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പിൽ ചെഴിയാനെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ അൻപു ചെഴിയാനെച്ചൊല്ലി തമിഴ് സിനിമ രണ്ടു തട്ടിലായിരിക്കുകയാണ്.

തെന്നിന്ത്യൻ താരങ്ങളായ ഷംന കാസിമും ദേവയാനിയും തമ്മിലാണ് ഇപ്പോൾ അൻപുചെഴിയാനെ ചൊല്ലി തർക്കത്തിലായിരിക്കുന്നത്. 'അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക. അതിനായി നമുക്ക് കൈകൾ കോർക്കാം' ഷംന ട്വിറ്ററിൽ കുറിച്ചു. അതേസമയം താൻ അറിയുന്ന അൻപുചെഴിയാൻ കലർപ്പില്ലാത്ത വ്യക്തിയായിരുന്നുവെന്നാണ് ദേവയാനിയും ഭർത്താവ് രാജകുമാറും പറയുന്നത്.

ദേവയാനി നായികയായ കാതലൻപുടൻ എന്ന സിനിമയ്ക്കായി അൻപുചെഴിയാന്റെ കൈയിൽ നിന്നും രാജകുമാരൻ പണം പലിശയ്ക്കെടുത്തിരുന്നു. 'അൻപുചെഴിയാൻ വളരെ മാന്യനാണ് . ഒട്ടും കലർപ്പില്ലാത്തവൻ. ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പണം പലിശയ്ക്കെടുത്തിരുന്നു. എന്റെ ചിത്രം പുറത്തിറങ്ങിയശേഷം അത് കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു. എന്റെ വ്യക്തിപരമായ അനുഭവം വച്ച് എനിക്കദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം മുത്താണ്. സംവിധായകൻ വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാൻ സാധിക്കുക. കാരണം ഇവർ ഇരുവരും ദയാലുക്കളും മഹദ് വ്യക്തിത്വങ്ങളുമാണ്' എന്നാണ് ദേവയാനിയും ഭർത്താവും പറയുന്നത്.

നടനും, പ്രൊഡ്യൂസേഴ്സ് കൗൺസിൽ സെക്രട്ടറിയുമായ വിശാലാണ് ആത്മഹത്യയിൽ ചെഴിയാന്റെ പങ്ക് സൂചിപ്പിച്ച് ആദ്യം മുന്നോട്ട് വന്നത്. പിന്നാലെ ആത്മഹത്യ കുറിപ്പിലെ സൂചനകൾ പ്രകാരം അൻപു ചെഴിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.