അഭിനയിച്ച സിനിമകളിൽ പ്രതിഫലം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടിലായ തമിഴ് നടൻ ഇളവരസനെ ഭാര്യയും കൈവിട്ടു. ഭാര്യ അയച്ച വിവാഹമോചന നോട്ടീസ് കണ്ട തമിഴ് നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എം ഇളവരസനാണ് നടൻ വിശാലിന് ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എലിവിഷം കഴിച്ചാണ് നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അഭിനയിച്ച ചിത്രങ്ങളിലെ നിർമ്മാതാക്കൾ പ്രതിഫലം നൽകാത്തത് മൂലം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നെന്ന് വിശാലിന് എഴുതിയ കത്തിൽ ഇളവരസൻ പറയുന്നു.

സിരുത്തൈ, ശകുനി, ഒനൈയും ആട്ടുകുട്ടിയും എന്ന തമിഴ് ചിത്രങ്ങളിൽ ഇളവരസൻ അഭിനയിച്ചിട്ടുണ്ട്. നടന്റെ ചെന്നൈയിലെ വീട്ടിലാണ് സംഭവം. ഒരു സുഹൃത്ത് വീട്ടിൽ കാണാൻ എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടന്ന ഇളവരസനെ കാണുന്നത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കൃത്യമായ പ്രതിഫലം നിർമ്മാതാക്കളിൽ നിന്ന് ലഭിക്കാതെ തന്നെപ്പോലെ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഒരുപാട് നടന്മാർ ഉണ്ടെന്നും അവരെ പിന്തുണക്കമെന്നും ആത്മഹത്യകുറിപ്പിൽ ഇളവരസൻ ആവശ്യപ്പെടുന്നു.