ചെന്നൈ: സ്ത്രീസൗന്ദര്യത്തിൽ മലയാളികളോ തമിഴരോ മുന്നിട്ടുനിൽക്കുന്നതെന്ന വിഷയത്തിൽ വിജയ് ടി.വി സംപ്രേഷണം ചെയ്യാനിരുന്ന പരിപാടി വൻ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. സൗന്ദര്യത്തിന്റെ കാര്യത്തിൽ തമിഴ് സ്ത്രീകളോ മലയാളി സ്ത്രീകളോ ഒന്നാമതെന്നാായിരുന്നു പരിപാടിയുടെ വിഷയം. വിജയ് ടി.വി. ഞായറാഴ്ച സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിരുന്ന 'നീയാ നാനാ' എന്ന പരിപാടിയാണ് തമിഴ് സ്്ത്രീ സംഘടനകളുടെ പ്രതിഷേധത്തിനാൽ ഉപേക്ഷിച്ചത്.

തനി കേരള വേഷധാരികളായ മലയാളി സ്ത്രീകളെയും കാഞ്ചിപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ് വേഷധാരികളായ തമിഴ് സ്ത്രീകളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി ചിത്രീകരിച്ചത്. ചിത്രീകരണം പൂർത്തിയാക്കി പരിപാടി സംപ്രേഷണം ചെയ്യുന്നതായി തുടർച്ചയായി വൻ പരസ്യമാണ് നൽകിയിരുന്നത്. സമൂഹമാധ്യമങ്ങളിലടക്കം പരിപാടിയെക്കുറിച്ച് പരസ്യം വന്നതോടെ സ്ത്രീപക്ഷ സംഘടനകൾ പ്രതിഷേധമുയർത്തി.
ഇതിനെതിരേ പൊലീസിൽ പരാതിയു കൂടെ ഉണ്ടായതോടെ പരിപാടി വേണ്ടെന്നുവയ്ക്കുകയായിരുന്നു.

ചാനലിലും സാമൂഹികമാധ്യമങ്ങളിലും പരിപാടിയെക്കുറിച്ച് വ്യാപക പ്രചാരണവും നൽകിയതോടെയാണ് സ്ത്രീപക്ഷ സംഘടനകളിൽനിന്ന് പ്രതിഷേധമുയർന്നത്. സ്ത്രീകളെ ഈ രീതിയിൽ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യെപ്പട്ട് കാഞ്ചീപുരത്തെ മക്കൾ മൺട്രം എന്ന സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാപക പരാതിയും പ്രതിഷേധത്തേയും തുടർന്നാണ് പരിപാടി ഉപേക്ഷിച്ചതെന്ന് സംവിധായകൻ അന്തോണി വ്യക്തമാക്കി. മലയാളി സ്ത്രീകളും തമിഴ് സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണം, ആഭരണം എന്നിവയുടെ ഭംഗി, നേതൃത്വപാടവം എന്നിവ വിശദീകരിച്ചുകൊണ്ട് തങ്ങളാണ് മികച്ചതെന്നു സൗഹാർദപരമായി വാദിക്കുന്നതായിരുന്നു പരിപാടി. സൗഹാർദാന്തരീക്ഷത്തിൽ പരസ്പരം വാദപ്രതിവാദങ്ങൾ ഉയർത്തുന്ന പരിപാടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.