- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാൾ കൂടുതൽ വേണമെന്ന ആവശ്യം തള്ളിയത് ജയിക്കുന്നവർ പാർട്ടിയിലുണ്ടാകുമെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യമുയർത്തി; തമിഴ്നാട്ടിൽ കോൺഗ്രസിന് മത്സരിക്കാൻ കിട്ടിയത് 25 സീറ്റുകൾ; ഡിഎംകെയുമായി കരാർ ഒപ്പിട്ടെന്ന് കെഎസ് അഴഗിരി
ചെന്നൈ: ദിവസങ്ങൾ നീണ്ട ഉഭയകക്ഷി ചർച്ചകൾക്കൊടുവിൽ തമിഴ്നാട്ടിൽ ഡിഎംകെയും കോൺഗ്രസും ധാരണയിലെത്തി. 25 സീറ്റുകളാണ് കോൺഗ്രസിന് മത്സരിക്കാൻ നൽകിയിരിക്കുന്നത്. 20 സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന കടുംപിടുത്തം ഡിഎംകെ ഉപേക്ഷിച്ചതോടെയാണ് സീറ്റ് ധാരണ കരാറിൽ കോൺഗ്രസ് ഒപ്പുവെച്ചത്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെഎസ് അഴഗിരിയാണ് ഇക്കാര്യം അറിയിച്ചത്.
‘ഞങ്ങൾ ഡിഎംകെയുമായി സീറ്റ് ധാരണ കരാറിൽ ഒപ്പുവെച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇരുപത്തിയഞ്ച് സീറ്റുകളിൽ മത്സരിക്കും. കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പിലും പാർട്ടി ജനവിധി തേടും', കെ എസ് അഴഗിരി പറഞ്ഞു. തമിഴ്നാട്ടിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ഡിഎംകെ, ഇടത്, വിസികെ സഖ്യം വിജയിക്കുമെന്ന് സീറ്റ് ധാരണ കരാറിൽ ഒപ്പിട്ട ശേഷം തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദിനേഷ് ഗുണ്ടു റാവു അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ബിജെപിയുടെ ഇനിയുള്ള നീക്കം അവരെ ഇല്ലാതാക്കുകയെന്നതാണ്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കികൊണ്ടുള്ള ഒരു ഏകാധിപത്യ ഭരണമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതെന്നും റാവു ആരോപിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയോട് ഡിഎംകെ നേതാക്കൾ മോശമായാണ് പെരുമാറിയതെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെ എസ് അഴഗിരി വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട് പിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം പറഞ്ഞ് അഴഗിരി വികാരാധീനനായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞാണ് ഡിഎംകെ സീറ്റ് വിഭജന ചർച്ചയിൽ നിലപാടെടുത്തത്.
'എത്ര സീറ്റ് തന്നു എന്നതിനേക്കാൾ, മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള അവരുടെ പെരുമാറ്റം എന്നെ വേദനിപ്പിച്ചു'- അഴഗിരി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി സഖ്യമായാണ് കോൺഗ്രസ് മത്സരിക്കുന്നത്. കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും 20ൽ അധികം സീറ്റ് നൽകാനാകില്ലെന്നുമാണ് ഡിഎംകെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കിയത്. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ചർച്ച നടത്തിയത്. കൂടുതൽ സീറ്റ് വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ നിരസിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസിന് പരമാവധി 20 സീറ്റുകൾ മാത്രമേ നൽകാനാകൂ എന്ന നിലപാടായിരുന്നു സ്റ്റാലിൻ സ്വീകരിച്ചത്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതാകട്ടെ, ബീഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസിന്റെ മോശം പ്രകടനവും പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎമാരുടെ കാലുമാറ്റവുമാണ്. മുന്നണിയായി മത്സരിച്ചാലും തനിച്ച് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാകൂ എന്ന നിലപാടിലാണ് ഡിഎംകെ.
സീറ്റ് നിർണയ ചർച്ചയ്ക്കായി തമിഴ്നാട്ടിലെത്തിയ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവർത്തക സമിതിയോടും സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാൾ കൂടുതൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുവദിക്കാനാകില്ലെന്നാണ് ഡി.എം.കെ നേതാവ് സ്റ്റാലിൻ വ്യക്തമാക്കിയത്. തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്മുഖ്യമന്ത്രി നാരായണസാമി, എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തമിഴ്നാട്ടിൽ 41 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ഡി.എം.കെ കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകില്ലെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ തവണ 41 സീറ്റുകൾ ലഭിച്ചെങ്കിലും കോൺഗ്രസ് എട്ടു സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ഈ സാഹചര്യം പരിഗണിച്ച് അധിക സീറ്റുകൾ അനുവദിക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഡി.എം.കെ വിലയിരുത്തുന്നത്.
കോൺഗ്രസിന് അധിക സീറ്റുകൾ നൽകിയാൽ അധികാരം നഷ്ടമാകുമെന്ന വിമർശനം ഡി.എം.കെ നേതൃത്വത്തിനുള്ളിൽ നിന്നും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ഡി.എം.കെയുമായി ചർച്ച നടത്തിയത്. മുന്നണിയുടെ ഭാഗമായ സിപിഐ, മുസ്ലിം ലീഗ്, വിസികെ, എംഎംകെ പാർട്ടികൾക്ക് 17 സീറ്റുകൾ നൽകും. സിപിഐക്ക് ആറ് സീറ്റുകളാണ് ഡിഎംകെ വാഗ്ദാനം ചെയ്തത്. കോൺഗ്രസ്, എംഡിഎംകെ, സിപിഎം എന്നിവരുമായുള്ള ചർച്ച പൂർത്തിയായിട്ടില്ല.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെ സഖ്യകക്ഷിയായ ബിജെപിക്ക് നൽകിയിരിക്കുന്നത്. കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുമെന്നും അണ്ണാഡിഎംകെ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ ആറ് സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ