ചെന്നൈ: മുന്നണിയിലേക്കുള്ള കരുണാനിധിയുടെ ക്ഷണം തിരസ്‌ക്കരിച്ച് വിജയ് കാന്തിന്റെ പാർട്ടിയായ ഡിഎംഡികെ പാർട്ടി ഇടതുപക്ഷവുമായി ചേർന്ന് സഖ്യകമായി മത്സരിക്കും. ക്യാപ്റ്റൻ വിജയകാന്ത് നേതൃത്വം നൽകുന്ന ദേശീയ മൂർപോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന ജനക്ഷേമ മുന്നണിയിലാണ് ചേർന്നത്. വിജയകാന്ത് തന്നെ ആണ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും. ജനക്ഷേമ മുന്നണിയുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിജയകാന്ത് പ്രഖ്യാപിച്ചു.

ആകെയുള്ള 234 നിയമസഭ സീറ്റുകളിൽ 124 സീറ്റിൽ ഡി.എം.ഡി.കെ സ്ഥാനാർത്ഥികളും മറ്റുള്ളവർ 110 സീറ്റുകളിലും ജനവിധി തേടും. ഡി.എം.കെയും ബിജെപിയും നടത്തിയ നീക്കങ്ങൾ അവഗണിച്ചാണ് വിജയകാന്ത് ജനക്ഷേമ മുന്നണിയുടെ ഭാഗമാകുന്നത്. സിപിഐ(എം), സിപിഐ, വൈകോയുടെ എം.ഡി.എം.കെ, വിടുതലൈ ചിരുതൈകൾ കക്ഷി (വി സി.കെ) എന്നിവയാണ് ജനക്ഷേമ മുന്നണിയിലുള്ള മറ്റ് പാർട്ടികൾ.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടാണ് വിജയകാന്ത് നേരത്തെ സ്വീകരിച്ചിരുന്നത്. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനില്ലെന്നും വിജയകാന്തിന് മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ടെന്നും ഭാര്യ പ്രേമതല പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഏറെ അഭ്യൂങ്ങൾക്കൊടുവിലാണ് വിജയകാന്തിന്റെ തീരുമാനം വന്നിരിക്കുന്നത്. പഴം പാലിൽതന്നെ വീഴുമെന്നാണ് രണ്ടുദിവസം മുമ്പ് വിജയകാന്തുമായുള്ള സഖ്യത്തെക്കുറിച്ച് ഡി.എം.കെ. നേതാവ് കലൈഞ്ജർ കരുണാനിധി പറഞ്ഞത്. എന്നാൽ വിജയകാന്തിന്റെ പുതിയ തീരുമാനം ഡിഎംകെയ്ക്ക് തിരിച്ചടിയായി

എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും തമ്മിൽ കടുത്ത പോരാട്ടമാണെന്ന് അഭിപ്രായവോട്ടുകൾ സൂചിപ്പിച്ചിരുന്നു. എ. ഐ.എ.ഡി.എം.കെ. 33 ശതമാനത്തിനടുത്ത് വോട്ടു പിടിക്കുമ്പോൾ 30 31 ശതമാനത്തിനടുത്ത് വോട്ടുകൾ ഡി.എംകെ. പിടിക്കുമെന്നാണ് സർവേ. ഈ സാഹചര്യത്തിൽ എട്ടു ശതമാനത്തോളം വോട്ടു പിടിക്കാൻ കഴിവുള്ള വിജയകാന്ത് ഇടതുപക്ഷത്തോട് ചേർന്ന് മത്സരിക്കുമ്പോൾ തമിഴ്‌നാട് രാഷ്ട്രീയം പ്രവചനാതീതമാവും

2011ലെ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ ഭാഗമായി 41 സീറ്റിൽ മത്സരിച്ച ഡി.എം.ഡി.കെ 29 സീറ്റ് നേടിയിരുന്നു. ഡി.എം.കെ തകർന്നടിഞ്ഞതോടെ വിജയകാന്ത് പ്രതിപക്ഷ നേതാവുമായി. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭാഗമായിരുന്ന ഡി.എം.ഡി.കെ ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല.