റിയോ ഡി ജനീറോ: വൻ സംഘവുമായി റിയോ ഒളിമ്പിക്‌സിനെത്തി ഒരു സ്വർണം പോലും നേടാതെ മടങ്ങിയ ഇന്ത്യൻ ടീമിന്റെ പ്രകടനം മറക്കാം. റിയോയിൽ നിന്നിതാ ഇന്ത്യക്ക് ഒരു ഒളിമ്പിക്‌സ് സ്വർണം.

റിയോയിൽ നടക്കുന്ന പാരാലിംപിക്‌സിലാണ് ഇന്ത്യ സ്വർണം നേടിയത്. പുരുഷ ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഈയിനത്തിൽ ഇന്ത്യയുടെ വരുൺസിങ് ഭാട്ടി വെങ്കലവും നേടി. 1.89 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം. വെങ്കലം നേടിയ വരുൺസിങ് 1.86 മീറ്റർ ഉയരം ചാടിക്കടന്നു.

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വരുൺ വെങ്കലം നേടിയത്. ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന ശരത് കുമാർ ആറാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. യു.എസ്.എയുടെ സാം ഗ്ര്യീവിനാണ് വെള്ളി.

പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പൻ. 1972ൽ നീന്തലിൽ മുരളീകാന്ത് പേട്കറും 2004ൽ ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജാജറിയയും പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.

പുരുഷ ഹൈജമ്പിലെ മെഡൽ നേട്ടത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ 24ാം സ്ഥാനത്താണ്. 20 സ്വർണമുള്ള ചൈനയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. ബ്രിട്ടൻ രണ്ടാമതും ഉക്രൈൻ മൂന്നാം സ്ഥാനത്തുമാണ്. സ്വർണമെഡൽ നേടിയ മാരിയപ്പനു തമിഴ്‌നാട് സർക്കാർ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മാരിയപ്പൻ തങ്കവേലുവിനും വരുൺ ഭാട്ടിക്കും കേന്ദ്ര കായികമന്ത്രാലയവും പാരിതോഷികം നൽകും. പുരുഷ ഹൈജംപിൽ സ്വർണം നേടിയ എം.തങ്കവേലുവിന് 75 ലക്ഷവും വെങ്കലം നേടിയ വരുൺ ഭാട്ടിക്ക് 30 ലക്ഷം രൂപയുമാണ് ലഭിക്കുക. മെഡൽ നേടിയ താരങ്ങളെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ അഭിനന്ദിച്ചു. വലിയ നേട്ടമാണ് ഇതെന്നും താരങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.