ചെന്നൈ: രാത്രിയിൽ വനിതാ കായികതാരങ്ങളുടെ വിദ്യാലയത്തിൽ പരിശോധനയ്‌ക്കെത്തിയ തമിഴ്‌നാട് മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകം. തമിഴ്‌നാട് കായികമന്ത്രി സുന്ദർരാജാണ് പുതുക്കോട്ടയിലെ കായികവിദ്യാലയത്തിൽ പരിശോധനയ്‌ക്കെത്തി വിദ്യാർത്ഥിനികളെ പരിഹസിച്ചത്.

ഒരു മെഡൽ പോലും നേടാൻ കെല്പില്ലാത്ത വനിതാ കളിക്കാരെ എന്തിനാണു തീറ്റിപ്പോറ്റേണ്ടതെന്നാണു സുന്ദർരാജ് പരിഹസിച്ചത്. താരങ്ങൾക്ക് ലഭിച്ച സ്‌കോളർഷിപ്പിനെ കുറിച്ച് ആവർത്തിച്ച് ഓർമിപ്പിച്ച മന്ത്രി താരങ്ങളുടെ ശാരീരികക്ഷമതയേയും പരിഹസിച്ചു.

'നിങ്ങൾക്ക് വസ്ത്രവും ഷൂവും ഭക്ഷണത്തിനായി 250 രൂപയും നൽകുന്നുണ്ട്. എന്നിട്ടും നിങ്ങൾ ഒരു മെഡൽ പോലും നേടുന്നില്ല. അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. നിങ്ങൾ ജയിച്ചേ മതിയാകൂ'വെന്നാണു മന്ത്രിയുടെ പരാമർശം.

ഓരോ താരത്തോടും പ്രത്യേകം പ്രത്യേകം സംസാരിച്ച മന്ത്രി ഒരു വനിതാതാരത്തോട് ഭാരം കൂടിയോ എന്നും ഇവിടെ നിന്നുള്ള ഭക്ഷണം ലഭിക്കാതായാൽ തിരികെ വീട്ടിൽ പോകുമോ എന്നും ചോദിക്കുന്നുണ്ട്. സംഭവം ദേശീയ മാദ്ധ്യമങ്ങൾ വരെ വാർത്തയാക്കിയതോടെയാണു പ്രതിഷേധം ശക്തമായത്.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പരിഹസിച്ച മന്ത്രി എല്ലാ അതിരുകളും ലംഘിച്ചതായാണു വിമർശനം ഉയർന്നിരിക്കുന്നത്. വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന തമിഴ്‌നാട്ടിൽ തന്നെയാണ് ഇത്തരമൊരു സംഭവം വിദ്യാർത്ഥിനികൾക്കു നേരെ ഉയർന്നിരിക്കുന്നത് എന്നും വിമർശനത്തിന് ശക്തി പകരുന്നു. മന്ത്രിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.

Tamil Nadu minister S Sundararaj crosses line

Tamil Nadu minister S Sundararaj crosses line, makes unsavoury comments during inspection at a girls' hostel in Pudukkottai #CrassMantri

Posted by TIMES NOW on Sunday, March 6, 2016