ചെന്നൈ: ശക്തമായ രാഷ്ട്രീയനാടകം നടക്കുന്ന തമിഴ്‌നാട്ടിൽ പനീർശെൽവത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്ന അണ്ണാഡിഎംകെ എംഎൽഎമാരെ ക്കൊണ്ട് തന്നെ പിന്തുണയ്ക്കുമെന്ന് ജയലളിതയുടെ ഛായാചിത്രത്തിന് മുന്നിൽ വച്ച് ശശികല പ്രതിജ്ഞ എടുപ്പിച്ചതായി റിപ്പോർട്ട്. അതിനിടെ ഗവർണ്ണർ വിദ്യാസാഗർ റാവുവിനെതിരേയും പ്രതിഷേധം ആളിക്കത്തിക്കാനാണ് ശശികലയുടെ ശ്രമം. അണികളെ പിടിച്ചു നിർത്താൻ ആത്മഹത്യ അടക്കമുള്ള നമ്പറുകൾ ശശികല പുറത്തെടുക്കുന്നതായി സൂചനയുണ്ട്. നേരത്തെ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി ഗർവർണ്ണർക്ക് കത്തെഴുതിയതായുള്ള സോഷ്യൽ മീഡിയാ പ്രചരണത്തെ ശശികല തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ചില നേതാക്കളോട് ഗവർണ്ണറെ വിരട്ടാൻ ആത്മഹത്യാ ഭീഷണിയുടെ സാധ്യത പോലും ശശികല തേടുന്നുണ്ടെന്ന് സൂചനയുണ്ട്.

അതിനിടെ ശശികല പക്ഷം എംഎ‍ൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുന്നു എന്ന ആരോപണം തള്ളി പൊലീസ് മദ്രാസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എംഎ‍ൽഎമാർ സ്വതന്ത്രരാണെന്നും ആരെയും തടവിൽ പാർപ്പിച്ചിട്ടില്ലെന്നും ഇവരിലാരും പരാതികൾ ഉന്നയിച്ചില്ലെന്നുമാണ് പൊലീസിന്റെ റിപ്പോർട്ട്  പറയുന്നത്. അതിനിടെ തന്നെ പിന്തുണയ്ക്കുന്ന 119 എംഎ‍ൽഎമാരെയും കോടതിയിൽ ഹാജരാക്കാമെന്ന് ശശികല അവകാശപ്പെട്ടു.  എംഎൽഎമാർ റിസോർട്ടിൽ തടവിലാണെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്.  കേസിൽ വാദം പൂർത്തിയായതിനെ തുടർന്ന്  വിധി പറയാൻ വേണ്ടി മാറ്റിവച്ചു. കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ എംഎ‍ൽഎമാരെ ശശികല തടവിലാക്കിയെന്നായിരുന്നു പനീർ ശെൽവം ക്യാമ്പ് ആരോപിച്ചിരുന്നത്. അതേസമയം ശശികലയെ 24 മണിക്കൂറിനുള്ളിൽ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാൻ ഗവർണറോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ  ഹർജിയെത്തി. ഇതിൽ കോടതി തീരുമാനമെടുത്തിട്ടില്ല.

അതിനിടെ പനീർശെൽവം കൂടുതൽ കരുത്തനാവുകയാണ്. നേരത്തെ 134 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടിരുന്ന ശശികല പോലും ഇപ്പോൾ 119 എംഎൽഎമാരിൽ മാത്രമേ അവകാശ വാദം ഉന്നയിക്കുന്നുള്ളൂ. മുഖ്യമന്ത്രിയാകാൻ വേണ്ടത് 118 എംഎൽഎമാരുടെ പിന്തുണയാണ്. ഈ സാഹചര്യത്തിലാണ് ഏത് വിധേനയും എത്രയും പെട്ടെന്ന് സത്യപ്രതിജ്ഞ നടത്താൻ നിയമപരമായ വഴികൾ കൂടി നോക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധിക്ക് സ്റ്റേയുണ്ട്. അതുകൊണ്ട് തന്നെ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാൻ യാതൊരു തടസ്സവുമില്ലെന്ന വാദമാകും അവതരിപ്പിക്കുക. ഇനി കൂട്ടത്തിൽ നിന്ന് എംഎൽഎമാർ മറുകണ്ടം ചാടിയാൽ അത് നടക്കില്ലെന്ന് ശശികലയ്ക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് എംഎൽഎമാരെ എങ്ങനേയും കൂടെ നിർത്താനുള്ള നീക്കം ശശികല നടത്തുന്നത്.

ജയലളിതയുടെ വികാരം ആളിക്കത്തിച്ച് എംഎൽഎമാരെ ഒപ്പം നിർത്താനാണ് നീക്കം. എംഎൽഎമാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന മഹാബലിപുരം കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ ഞായറാഴ്ച അവർക്കൊപ്പം ശശികലയും തങ്ങി. ഏതു വിധേനെയും സെക്രട്ടറിയേറ്റ് പിടിച്ചെടുക്കുമെന്നും ഇതിന് അമ്മയുടെ കരുത്ത് പിന്നിലുണ്ടെന്നും ശശികല എംഎൽഎ മാരോട് പറഞ്ഞു. അമ്മയുടെ അവസാനത്തെ വാക്ക് പാർട്ടിയെ ആരും തകർക്കരുത് എന്നായിരുന്നെന്നും അതിനായി തനിക്കൊപ്പം നിൽക്കുമെന്നും പ്രതിജ്ഞ ചെയ്യിച്ചു. ആരും പാർട്ടിയെ തകർക്കാതെ നോക്കണമെന്നും പാർട്ടിയെ രക്ഷിക്കാൻ വേണമെങ്കിൽ ജീവൻ തന്നെ നൽകുമെന്നും പറഞ്ഞ ശശികല അമ്മയുടെ ഛായാചിത്രത്തിന് മുന്നിൽ താൻ പ്രതിജ്ഞയെടുക്കുമെന്നും എല്ലാവരും തനിക്കൊപ്പം പ്രതിജ്ഞയെടുക്കണമെന്നും വ്യക്തമാക്കി. വികാരപരമായി കാര്യങ്ങൾ എംഎൽഎമാർക്ക് മുമ്പിൽ ശശികല ആവതരിപ്പിച്ചു.

എഐഎഡിഎംകെ നിയമസഭാ സാമാജികരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ശശികല പറഞ്ഞു. അമ്മയൊഴികെ നമ്മുടെ പാർട്ടിയിലെ ആരും തന്നെ കാര്യമായി വിദ്യാഭ്യാസം ചെയ്തിട്ടില്ല. എന്നിരുന്നാലും അമ്മ എല്ലാം പഠിപ്പിച്ചു. ഒരു ദിവസം എംഎൽഎ ആകുമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അമ്മയാണ് പഠിപ്പിച്ചത്. ഇക്കാര്യം ആരും മറക്കരുതെന്നും തങ്ങളുടെ തുടക്കം എവിടെ നിന്നാണെന്ന് ഓർമ്മിക്കണമെന്നും പറഞ്ഞു. കണ്ണീർ തുടച്ച ശശികല താൻ കരയുകയല്ലെന്നും ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം ഭാരിച്ച ഉത്തരവാദിത്വമാണെന്നും പറഞ്ഞു. എന്തുവന്നാലും മുഖ്യമന്ത്രിയായി താൻ അധികാരം ഏൽക്കുമെന്ന സൂചനയാണ് ശശികല നൽകിയത്.

ഈ രാഷ്ട്രീയ പ്രതിസന്ധി തമിഴ്‌നാടിന് കനത്ത നഷ്ടമാണ് നൽകുന്നത്. സ്ഥിരം ഗവർണർ പോലുമില്ലാതെ വലയുന്ന തമിഴ്‌നാടിന് ഇപ്പോൾ സ്ഥിരം മുഖ്യമന്ത്രിയുമില്ലാതായതോടെ എല്ലാം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് കീഴിലായി. ജയലളിത ചികിത്സയിൽ കയറിയ നാളുമുതൽ തുടങ്ങിയ തമിഴ്‌നാടിന്റെ ഈ ദുർവ്വിധി ഇപ്പോഴും മാറിയിട്ടില്ല. തമിഴ്‌നാടിന്റെ സ്ഥിരം ഗവർണറായിരുന്ന കെ റോസയ്യ കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 നാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് മഹാരാഷ്ട്ര ഗവർണറായിരുന്ന സി വിദ്യാസാഗർ റാവുവിന് തമിഴ്‌നാടിന്റെ അധികചുമതല നൽകി അയയ്ക്കുകയായിരുന്നു. ജയലളിത ആശുപത്രിയിലായപ്പോൾ 75 ദിവസം ഉദ്യോഗസ്ഥരുടെ കയ്യിലായിരുന്നു. പിന്നീട് ആദ്യം സ്ഥാനമൊഴിഞ്ഞ പനീർ ശെൽവം വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏൽക്കുകയും ഭരണം നടത്തുകയും ചെയ്തെങ്കിലും അണ്ണാ ഡിഎംകെ പ്രതിസന്ധിയെ തുടർന്ന വീണ്ടും രാജി വെയ്ക്കുകയും കാവൽ മുഖ്യമന്ത്രിയായി തുടരുകയുമായിരുന്നു.

നടപടിക്രമം പാലിച്ചില്ല എന്ന പേരിൽ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് കോടതി തടഞ്ഞു. തെരശഞ്ഞടുപ്പ് കമ്മീഷൻ കോടതിയിൽ പോയെങ്കിലും ഉദ്യോഗസ്ഥഭരണം നടത്താൻ കോടതി നിർദേശിക്കുകയായിരുന്നു. ഇപ്പോൾ കോർപ്പറേഷൻ മേയറും മുനിസിപ്പൽ ചെയർമാനും പഞ്ചായത്തു പ്രസിഡന്റും ഒന്നുമില്ലാതെ അവിടെയെല്ലാം ഉദ്യോഗസ്ഥ ഭരണം തുടരുകയാണ്.