കീവ്: റഷ്യൻ സൈനിക നടപടിക്കെതിരെ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി റിപ്പോർട്ട്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി സായ് നികേഷ് രവിചന്ദ്രൻ യുക്രൈൻ സൈന്യത്തിൽ ചേർന്നതായാണ് വിവരം. യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്ന വിവരം എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയായ സായ് തന്നെയാണ് കുടുംബത്തെ അറിയിച്ചത്.

കാർകിവിലെ നാഷണൽ എയ്റോസ്പേസ് സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

തനിക്ക് വിഡിയോ ഗെയിം നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ലഭിച്ചെന്ന വിവരം ഒരു മാസം മുമ്പ് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാൽ, യുദ്ധം ആരംഭിച്ചതിന് പിന്നാലെ മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ വീട്ടുകാർ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു.

തുടർന്ന് വീട്ടുകാരുമായി ബന്ധപ്പെട്ട സായ് നികേഷ്, റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായുള്ള വിവരം കുടുംബത്തെ അറിയിച്ചു. മകൻ യുദ്ധമുഖത്താണെന്ന വിവരമറിഞ്ഞ ഞെട്ടലിലാണ് സായ് നികേഷിന്റെ കുടുംബാംഗങ്ങൾ.

2018ൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ സമയത്ത് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ് നികേഷ് ശ്രമം നടത്തിയെങ്കിലും ഉയരക്കുറവ് കാരണം അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് കാർകീവിലെ നാഷണൽ എയ്റോസ്പേസ് സർവകലാശാലയിൽ ചേരുകയായിരുന്നു. വരുന്ന ജൂലൈയിൽ സർവകലാശാല പഠനം പൂർത്തിയാകാനിരിക്കെയാണ് റഷ്യ സൈനിക നടപടി ആരംഭിച്ചതും തുടർന്ന് യുവാവ് യുക്രൈൻ സേനയിൽ അംഗമായതും.

2018 ലാണ് സായ് നികേഷ് കാർകിവിലെ നാഷണൽ എയ്റോസ്പേസ് യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ യുക്രെയ്നിലേക്ക് പോയത്. 2022 ജൂലൈയിലാണ് അദ്ദേഹത്തിന്റെ കോഴ്‌സ് പൂർത്തിയാകേണ്ടിയിരുന്നത്.

സായി നികേഷിനെ ഫോണിൽ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതൽ പ്രതികരിച്ചില്ല. കോയമ്പത്തൂരിലെ തുടിയലൂർ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്‌കൂൾ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യൻ സേനയിൽ ചേരാൻ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഞ്ച് വർഷത്തെ കോഴ്‌സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. വാർ വീഡിയോ ഗെയിമുകളിൽ തൽപ്പരനാണ് യുവാവെന്നാണ് വിവരം. ഇന്റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിലും സായി നികേഷിന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി.

റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ നേരത്തെ വിശദമാക്കിയിരുന്നു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു.

രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. യുക്രൈൻ ഫോറിൻ ലീജിയൻ എന്നാണ് യുക്രൈൻ ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവർത്തകരെ റഷ്യയ്‌ക്കെതിരെ പോരാടാൻ എത്തിക്കുന്ന ദൗത്യത്തെ വിളിക്കുന്നത്.

യുക്രൈനെ സൈനികമായി സഹായിക്കാൻ തയ്യാറുള്ള വിദേശികൾ ആദ്യം സ്വന്തം രാജ്യത്തെ യുക്രൈൻ എംബസിയെയാണ് ബന്ധപ്പെടേണ്ടത്. ഇത് ഇ-മെയിൽ വഴിയോ, അല്ലെങ്കിൽ നേരിട്ട് എംബസിയിൽ ചെന്നോ ബന്ധപ്പെടാം. അവിടെ നിന്ന് ഏതൊക്കെ രേഖകളാണ് യുക്രൈൻ പോരാട്ടത്തിൽ പങ്കെടുക്കാൻ നിങ്ങൾ നൽകേണ്ടത് എന്ന വിശദമായ നിർദ്ദേശം ലഭിക്കും.

ഇതിൽ നിങ്ങളുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ, നിങ്ങളുടെ വിദേശ യാത്രയ്ക്കുള്ള ശേഷി, നിങ്ങളുടെ സൈനിക സേവന ചരിത്രം, ഒപ്പം കേസുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ എല്ലാം പരിശോധിക്കുന്ന രേഖകൾ വേണ്ടിവരും. ഇതെല്ലാം സമർപ്പിച്ചാൽ രേഖകൾ പരിശോധിച്ച് അഭിമുഖത്തിന് ശേഷം നിങ്ങൾക്ക് യാത്ര അനുമതി നൽകും.

അടുത്തതായി നിങ്ങളുടെ അപേക്ഷ എംബസി യുക്രൈൻ സൈന്യത്തിന് കൈമറും അവിടെ അപ്ലിക്കേഷൻ സ്വീകരിക്കപ്പെട്ടാൽ അപേക്ഷിക്കുന്നയാൾക്ക് എങ്ങനെ യുക്രൈനിൽ എത്താം, എന്തൊക്കെ ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ യുക്രൈനിൽ നിന്നും ലഭിക്കും.

ഇത്തരത്തിൽ യുക്രൈനിൽ എത്തിയാൽ അവിടുത്തെ സർക്കാറുമായി സേവനം സംബന്ധിച്ച ഒരു കരാറിൽ ഒപ്പുവയ്ക്കണം. ഇതോടെ അവിടുത്തെ പോരാട്ടത്തിൽ പങ്കെടുക്കാൻ ഔദ്യോഗികമായി സാധിക്കും. നിങ്ങളുടെ പാശ്ചത്തലം പരിഗണിച്ചുള്ള സേവനങ്ങളായിരിക്കും യുക്രൈൻ സൈന്യം നൽകുക എന്നാണ് റിപ്പോർട്ട്. 18 മുതൽ 60 വയസുവരെയുള്ളവരെയാണ് യുക്രൈൻ ഈ ദൗത്യത്തിന് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ദ മെട്രോ റിപ്പോർട്ട് പറയുന്നത്.

യുക്രൈനിൽ ഇപ്പോൾ തന്നെ 30,000 സിവിലിയന്മാർ യുദ്ധ മുന്നണിയിൽ പ്രവർത്തിക്കാൻ സൈന്യത്തിൽ ചേർന്നുവെന്നാണ് വിവരം. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ 18 മുതൽ 60 വയസുവരെയുള്ളവർക്ക് സൈന്യത്തിൽ ചേരാം എന്ന ഉത്തരവ് യുക്രൈൻ പ്രസിഡന്റ് ഇറക്കിയിരുന്നു. ഇതിന് പുറമേ പൊതുജനത്തിന് ആയുധങ്ങളുടെ വിതരണവും യുക്രൈൻ സർക്കാർ നടത്തിയിരുന്നു

റഷ്യൻ സൈന്യത്തെ നേരിടാൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാൻ യുക്രൈൻ ഉത്തരവ് ഇറക്കിയതായി റിപ്പോർട്ട്. സൈനിക പരിശീലനം ലഭിച്ചവരെയും, സൈനിക പാശ്ചത്തലമുള്ളതുമായ കുറ്റവാളികളെ റഷ്യയ്‌ക്കെതിരായ പ്രതിരോധത്തിന് ഉപയോഗിക്കാനാണ് യുക്രൈൻ സർക്കാർ നീക്കം.യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വളരെ സങ്കീർണ്ണമായ വിഷയം ആണെങ്കിലും അടിയന്തര സാഹചര്യം അനുസരിച്ച് ഉന്നതതലത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് യുക്രൈൻ പ്രോസിക്യൂട്ട് ജനറൽ ഓഫീസ് അറിയിക്കുന്നത്. എന്നാൽ എല്ലാ തടവുകാരെയും സൈന്യത്തിലേക്ക് പരിഗണിക്കില്ലെന്നും. പ്രവർത്തിപരിചയം, ഏറ്റുമുട്ടലുകളിൽ പങ്കെടുത്ത പരിചയം, അച്ചടക്കം ഇങ്ങനെ വിവിധ കാര്യങ്ങൾ പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒപ്പം ഇവർ ശിക്ഷിക്കപ്പെടാൻ ഇടയായ കേസും പരിഗണിക്കുമെന്ന് യുക്രൈൻ പ്രോസിക്യൂട്ട് ജനറൽ ഓഫീസ് അറിയിച്ചു. ഇത്തരം കാര്യങ്ങളുടെ പരിശോധന അതിവേഗത്തിൽ നടത്താൻ സർക്കാർ യുക്രൈൻ പ്രോസിക്യൂട്ട് ജനറൽ ഓഫീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യുക്രൈൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.