സിംഗപ്പൂർ: ഇന്ത്യൻ വംശജനായ കെ ടി എം ഇക്‌ബാൽ സിംഗപ്പൂരിലെ സമുന്നത സാംസ്‌ക്കാരിക അവാർഡിന് അർഹനായി. തമിഴ്‌വംശജനും സിംഗപ്പൂരിലെ അറിയപ്പെടുന്ന കവിയും എഴുത്തുകാരനുമായ കെ ടി എം ഇക്‌ബാലിന് പ്രസിന്റ് ടോണി ടാൻ കെംഗ് യാം കൾച്ചറൽ മെഡലിയൻ അവാർഡ് സമ്മാനിച്ചു.

1970 കളിലും 80 കളിലും സിംഗപ്പൂർ റേഡിയോയ്ക്കു വേണ്ടി കുട്ടികൾക്കുള്ള ഇരുനൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ഏഴു കവിതാ സമാഹാരങ്ങളും ഇക്‌ബാലിന്റെ പേരിലുണ്ട്. ഇക്‌ബാലിന്റെ കവിതകൾ സ്‌കൂളിലെ പാഠാവലിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ പൊതുജന ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇക്‌ബാലിന്റെ കവിതാ ശകലങ്ങൾ സബ് വേ സ്‌റ്റേഷനുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ ഇക്‌ബാൽ 1851-ൽ പതിനൊന്നാം വയസിൽ പിതാവിനൊപ്പം സിംഗപ്പൂരിലെത്തിയതാണ്. തമിഴ്‌നാട്ടിലെ കടയനല്ലൂർ ആണ് സ്വദേശം.

അവാർഡ് ഫലകത്തോടൊപ്പം ഇക്‌ബാലിന് 80,000 സിംഗപ്പൂർ ഡോളറും ഗ്രാന്റ് ആയി ലഭിക്കും. 35 വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച അവാർഡ് ഇതുവരെ 115 പേർക്കാണ് സമ്മാനിച്ചിട്ടുള്ളത്.