ഇന്ത്യൻ സിനിമാ ലോകത്തിന്റെ പേടിസ്വപ്നമാണ് തമിഴ് റോക്കേഴ്സ്. സിനിമ റിലീസ് ചെയ്ത് ഉടൻ തന്നെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും വഴി കോടികളുടെ നഷ്ടമാണ് അവർ സിനിമാവ്യവസായത്തിന് വരുത്തി കൊണ്ടിരിക്കുന്നത്. അടുത്തിടെ ഷങ്കർ- രജനി ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 ചോർത്തിയാണ് ഇവർ വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന് നേരെയാണ് ഇവരുടെ പുതിയ ഭീഷണി.

ഒടിയൻ റിലീസ് ചെയ്താൽ ഉടൻ തന്നെ സൈറ്റിൽ ഇടും എന്നായിരുന്നു ഭീഷണി. എന്നാൽ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത്ത് ചെലവാകില്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 2.0 യുടെ ടീം ചെയ്ത പോലെ സൈറ്റിൽ അവർ അപ് ലോഡ് ചെയ്താൽ ഉടൻ ഡിലീറ്റ് ചെയ്യുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ഡിസംബർ 14 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് രണ്ടു മണിക്കൂർ 43 മിനിറ്റാണ് ദൈർഘ്യം. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റർ ഹെയ്നാണ്. മധ്യകേരളത്തിൽ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.