ചെന്നൈ: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുന്ന ചിത്രം ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിച്ച യുവാവിനെതിരെ പ്രതിഷേധം പുകയുന്നു. തമിഴ്‌നാട് സ്വദേശിയാണ് ദേശീയ പതാക കത്തിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ചെന്നൈയിൽ ഒരു കോളേജിൽ പഠിക്കുന്ന ദിലീപൻ മഹേന്ദ്രൻ എന്ന യുവാവാണിതെന്നാണു റിപ്പോർട്ടുകൾ. ഇയാൾ ഇന്ത്യൻ പതാകയെ അപമാനിക്കുന്നത് ആദ്യമായല്ലെന്നും സൂചനയുണ്ട്.

ദേശീയ പതാക കത്തിക്കുന്നതിനൊപ്പം ഇയാൾ എൽടിടിഇ നേതാവ് പ്രഭാകരന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രവും തന്തൈ പെരിയാർ ദ്രാവിഡ കഴകം എന്ന സംഘടനയുടെ പ്രകടനത്തിൽ പങ്കെടുക്കുന്ന ചിത്രവും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.

യുവാവിനെതിരെ തമിഴ്‌നാട്ടിൽ തന്നെ പ്രതിഷേധം വ്യാപകമാണെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇയാൾക്കെതിരെ തമിഴ്‌നാട് പൊലീസിലും എൻഐഎയിലും പരാതി ഉള്ളതായും അറിയുന്നു.