- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ട്: ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും; കേരളവുമായി ആശയ വിനിമയം തുടരുമെന്നും എം കെ സ്റ്റാലിൻ; പിണറായി വിജയന് കത്ത്; ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ വെള്ളിയാഴ്ച അണക്കെട്ട് തുറക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് എം.കെ. സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിൻ കത്തിൽ അറിയിച്ചു. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്സ് ആക്കിയിട്ടുണ്ട്. ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ പ്രതികരിച്ചു.
ബുധനാഴ്ച രാത്രി 137.80 അടിയാണു മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് 29ന് രാവിലെ ഏഴിനു തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡാം തുറക്കുന്നതിനു മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനം സജ്ജമാണെമന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി സുപ്രീംകോടതിയിൽ ബുധനാഴ്ച നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേൽനോട്ട സമിതി അറിയിച്ചു. മേൽനോട്ട സമിതി റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളത്തോട് കോടതി നിർദ്ദേശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളതമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തുമെന്നും ഇതിനിടെ അറിയിപ്പുണ്ടായി. ഡിസംബറിൽ ചെന്നൈയിൽ വച്ചാണു എം.കെ സ്റ്റാലിനും പിണറായി വിജയനും തമ്മിൽ കാണുക. ഡാമിന്റെ ബലക്ഷയം, സുരക്ഷാ നടപടികൾ അടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രിമാർ ചർച്ച ചെയ്യുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പിലെ ഉന്നതർ വ്യക്തമാക്കി. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തിൽനിന്ന് റോഷി അഗസ്റ്റിനും ചർച്ചയിൽ പങ്കെടുക്കും.
മുല്ലപ്പെരിയാർ പ്രശ്നത്തിലുള്ള ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എം.കെ സ്റ്റാലിന് സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയിച്ചിരുന്നു. അണക്കെട്ടിനെ സംബന്ധിച്ചുള്ള കേസ് പരിഗണിക്കവെയാണ് ഇരു സംസ്ഥാന സർക്കാരിന്റെ പക്ഷത്ത് നിന്ന് കൂടിക്കാഴ്ചക്കായിട്ടുള്ള തീരുമാനം ഉണ്ടാകുന്നത്.
സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലെ കനത്ത മഴയിൽ അനുഭവപ്പെട്ട ആശങ്കയാണ് മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നുള്ള ആവശ്യം ഉയർന്നത്. പ്രശ്നം നിയമസഭയിൽ എത്തിയപ്പോൾ ആശങ്കിക്കേണ്ട കാര്യം ഒന്നുമില്ല ഡാം സുരക്ഷിതമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രി സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് വിധേയനായിരുന്നു.
2011 ഡാം സുരക്ഷിതമല്ല എന്ന് പറഞ്ഞ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയനും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദനും ചേർന്നായിരുന്നു മനുഷ്യചങ്ങല സൃഷ്ടിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യൽ മീഡിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. അതേസമയം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് സമീപിക്കുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് ഖാൻ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ