ചെന്നൈ: സാമന്ത പ്രധാനവേഷത്തിലെത്തുന്ന 'ഫാമിലി മാൻ 2' വെബ് സീരിസ് നിർത്തിവെക്കണമെന്ന് തമിഴ്‌നാട് സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് ഐടി മന്ത്രി തങ്കരാജ് കേന്ദ്രസർക്കാറിന് കത്തയച്ചു. ശ്രീലങ്കൻ തമിഴരെയും തമിഴ് വംശജരെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് തമിഴ് സംഘടനകളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നീക്കം.

ആമസോൺ പ്രൈമിലാണ് ഫാമിലി മാൻ 2 റിലീസ് ചെയ്തത്. സാമന്തയോടൊപ്പം ബോളിവുഡ് താരമായ മനോജ് വാജ്പേയിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാമണിയും സുപ്രധാന വേഷത്തിലെത്തുന്നു.

ദേശീയ രഹസ്യാന്വേഷണ ഏജൻസിയിൽ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയർ അനലിസ്റ്റ് ആണ് മനോജ് ബാജ്പേയിയുടെ കഥാപാത്രം. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിന് ശ്രമിക്കുന്ന ഒരു തമിഴ്പോരാളിയായാണ് സാമന്ത എത്തുന്നത്.

സീമ ബിശ്വാസ്, ഷറദ് കേൽക്കർ, ദർഷൻ കുമാർ, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂർ, വേദാന്ത് സിൻഹ തുടങ്ങിയവർ മറ്റു വേഷങ്ങളിൽ എത്തുന്നു.

ഫാമിലി മാൻ 2 സീരീസിന്റെ പ്രദർശനം നിർത്തിവെക്കാണമെന്ന് ആശ്യപ്പെട്ട് നാം തമിഴർ കച്ചി നേതാവ് സീമൻ രംഗത്തെത്തിയിരുന്നു. ഏലം ലിബറേഷൻ മൂവ്‌മെന്റിനേയും തമിഴ്‌നാട്ടുകാരെയും സീരീസിൽ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സീമൻ ആമസോൺ പ്രൈമിന് കത്തയച്ചു.

പ്രതിഷേധങ്ങൾ വകവെക്കാതെ സീരീസ് പുറത്തിറക്കിയ നടപടി അംഗീകരിക്കാനാവില്ല. പ്രദർശനം നിർത്തിവച്ചില്ലെങ്കിൽ ലോകമെമ്പാടുമുള്ള തമിഴരിൽ നിന്നും ശക്തമായ പ്രതിഷേധമുണ്ടാകും. പ്രൈം വീഡിയോ അടക്കമുള്ള ആമസോൺ സർവീസുകൾ വിലക്കാൻ ആവശ്യപ്പെട്ട് പ്രചാരണം ആരംഭിക്കുമെന്നും കത്തിലൂടെ സീമൻ ചൂണ്ടിക്കാട്ടി.