- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജി റദ്ദാക്കി മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന പനീർശെൽവത്തിന്റെ ആവശ്യം അംഗീകരിക്കാൻ ഗവർണർക്കു മുന്നിൽ നിയമ തടസം; അനധികൃത സ്വത്തുകേസിൽ ഉടൻവരാൻ പോകുന്ന വിധി പ്രതികൂലമാകുമെന്ന നിഗമനം ശശികലയ്ക്ക് അനുകൂലമായി തീരുമാനം എടുക്കുന്നതിനും തടസം; കലക്കവെള്ളത്തിൽ മീൻപിടിക്കാൻ പനീർശെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെയും; തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്രതിസന്ധി ഉടൻ തീരില്ല
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. രാജി റദ്ദാക്കി തന്നെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് ഒ. പനീർശെൽവവും തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല നടരാജനും തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവുവിനെ കണ്ടു. രാജി റദ്ദാക്കുന്നത് നിയമപരമായി അംഗീകരിക്കാൻ ആവില്ലാത്ത കാര്യമായതിനാലും ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ അടുത്ത ദിവസങ്ങളിൽ സുപ്രീംകോടതി വിധു വരുന്നതും പരിഗണിച്ച് ഗവർണർ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. തമിഴ്‌നാട്ടിലെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് ഗവർണർ കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്. ശശികലയുടെ കേസിൽ സുപ്രീംകോടതി 13നു വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിനു ശേഷമായിരിക്കും തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സംഭവവികാസങ്ങളിൽ ഗവർണറുടെ സുപ്രധാന തീരുമാനം ഉണ്ടാകുകയെന്ന് അറിയുന്നു. ഏതാനും ദിവസങ്ങളായി രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്ന തമിഴ്‌നാട്ടിലേക്ക് ഇന്ന് ഗവർണർ എത്തിയതോടെ
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. രാജി റദ്ദാക്കി തന്നെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് ഒ. പനീർശെൽവവും തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല നടരാജനും തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവുവിനെ കണ്ടു. രാജി റദ്ദാക്കുന്നത് നിയമപരമായി അംഗീകരിക്കാൻ ആവില്ലാത്ത കാര്യമായതിനാലും ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ അടുത്ത ദിവസങ്ങളിൽ സുപ്രീംകോടതി വിധു വരുന്നതും പരിഗണിച്ച് ഗവർണർ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. തമിഴ്‌നാട്ടിലെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് ഗവർണർ കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്.
ശശികലയുടെ കേസിൽ സുപ്രീംകോടതി 13നു വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിനു ശേഷമായിരിക്കും തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സംഭവവികാസങ്ങളിൽ ഗവർണറുടെ സുപ്രധാന തീരുമാനം ഉണ്ടാകുകയെന്ന് അറിയുന്നു. ഏതാനും ദിവസങ്ങളായി രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്ന തമിഴ്‌നാട്ടിലേക്ക് ഇന്ന് ഗവർണർ എത്തിയതോടെ സുപ്രധാന തീരുമാനത്തിനായി എല്ലാ കണ്ണുകളും രാജ്ഭവനു നേർക്ക് ഉറ്റു നോക്കിയിരുന്നു.
വൈകിട്ട് അഞ്ചിന് രാജ് ഭവനിലെത്തിയ പനീർശെൽവം പത്തു മിനിട്ടാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 7.30ന് രാജ്ഭവനിലെത്തിയ ശശികല അര മണിക്കൂറും ഗവർണറുമായി സംസാരിച്ചു. തന്നെ നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്നും രാജി റദ്ദാക്കാൻ അനുവദിക്കണമെന്നുമായിരുന്നു പനീർശെൽവത്തിന്റെ പ്രധാന ആവശ്യം. ഇതിനോടൊപ്പം ശശികലയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത നടപടി അസാധുവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായി തുടരാൻ തനിക്ക് ജനങ്ങളുടെയും എംഎൽഎമാരുടെയും പിന്തുണ ഉണ്ടെന്നും അദ്ദേഹം ഗവർണർക്കു മുന്നിൽ അവകാശപ്പെട്ടു.
അതേസമയം അണ്ണാഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട തനിക്ക് 130 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നും സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നുമാണ് ശശികല ഗവർണറോട് ആവശ്യപ്പെട്ടത്. ഇതു തെളിയിക്കാനായി 130 എംഎൽഎമാർ ഒപ്പിട്ട പിന്തുണ കത്തും ശശികല സമർപ്പിച്ചു. ചെന്നൈയിലെ മറീന ബീച്ചിലുള്ള ജയയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ച ശേഷമാണ് ശശികല ഗവർണറെ കാണാൻ രാജ്ഭവനിലെത്തിയത്. പനീർശെൽവം ഗവർണറെ കണ്ടശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ചെങ്കിലും ശശികല കാറിൽ കയറി പോയതല്ലാതെ മാദ്ധ്യമപ്രവർത്തകരെ നേരിടാൻ തയാറായില്ല.
നല്ലതേ നടക്കൂ എന്നും സത്യം ജയിക്കുമെന്നും ഗവർണറെ കണ്ടശേഷം മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയ പനീർ ശെൽവം പറഞ്ഞു. എല്ലാ കാര്യങ്ങളും ഗവർണറെ ധരിപ്പിച്ചു. നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി. തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും തിരിച്ചുവരുമെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിൽ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ഉടനടി ഒരു തീരുമാനം ഗവർണറിൽനിന്ന് ഉണ്ടാകില്ലെന്ന് അറിയുന്നു. പനീർ ശെൽവത്തിന് കഴിഞ്ഞദിവസം ഗവർണർ പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി നിലനിർത്തുന്നതിന് നിയമപരമായ തടസങ്ങൾ ഗവർണർ നേരിടുന്നുണ്ട്. ഒന്നാമതായി പനീർശെൽവത്തിന്റെ രാജി നേരത്തേ അംഗീകരിക്കപ്പട്ടുവെന്നതാണ്. രാജി സ്വീകരിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. രാജിവച്ച മുഖ്യമന്ത്രിയെ വീണ്ടും തുടരാൻ അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളുണ്ട്.
ഇതോടൊപ്പം പനീർശെൽവം മുന്നോട്ടുവച്ച മറ്റു രണ്ട് ആവശ്യങ്ങളിലും ഗവർണർക്ക് തീരുമാനങ്ങൾ എടുക്കാനാവില്ല. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യത്തിൽ ഗവർണർക്ക് ഒന്നും ചെയ്യാനാവില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തരകാര്യം മാത്രമായ ഇതിൽ ഗവർണർക്ക് ഇടപെടാനാവില്ല. തനിക്ക് ജനങ്ങളുടെയും എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന പനീർശെൽവത്തിന്റെ അവകാശവാദവും ഗവർണർക്ക് അംഗീകരിക്കുന്നതിനു പരിമിതികളുണ്ട്. പനീർശെൽവത്തിന് കാര്യമായ ഉറപ്പുകളൊന്നും ഗവർണർ നല്കിയിട്ടില്ല.
ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് ഗവർണറുടെ തീരുമാനമെന്ന് രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിച്ചു. ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. 63 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് കേസിന് ആധാരം. വിചാരണക്കോടതി അന്തരിച്ച ജയലളിതയെയും ശശികല അടക്കമുള്ള പ്രതികളെയും ശിക്ഷിച്ചിരുന്നുവെങ്കിലും ഈ വിധി കർണാടക ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേ കർണാടക സർക്കാർ നല്കിയ അപ്പീലിലുള്ള വിധി 13ാം തീയതി തിങ്കളാഴ്ച ഉണ്ടായേക്കുമെന്നു കരുതുന്നു. ശിക്ഷിക്കപ്പെട്ടാൽ ശശികലയ്ക്കു മുഖ്യമന്ത്രിയാകാനാവില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. കോടതിവിധി ശശികലയ്ക്ക് എതിരാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി അവരെ മുഖ്യമന്ത്രിയാകുന്നതു തടയാൻ ഗവർണർക്കാകും.
ഇതിനിടെ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭയിൽ പനീർശെൽവത്തിന് ഭൂരിപക്ഷം തെളിയിക്കേണ്ടി വന്നാൽ പിന്തുണയ്ക്കുമെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുബ്ബുലക്ഷ്മി ജഗദീഷൻ വ്യക്തമാക്കി.
117 ആണ് തമിഴ്‌നാട് നിയമസഭയിൽ വേണ്ട കേവല ഭൂരിപക്ഷം. സഭയിലെ ഡിഎംകെയുടെ അംഗബലം 89ഉം. സഭയിൽ അണ്ണാഡിഎംകെയ്ക്ക് 136 സീറ്റുകളാണ് ഉണ്ടായിരുന്നത്. ജയലളിതയുടെ മരണത്തോടെ ഇത് 135 ആയി കുറഞ്ഞു. ജയലളിതയുടെ മണ്ഡലം ആർകെ നഗർ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ പനീർ ശെൽവത്തിന് അണ്ണാഡിഎംകെയിൽനിന്ന് എത്ര വിമത എംഎൽഎമാരെ തന്റെയൊപ്പം നിർത്താനാകുമെന്നകാര്യത്തിൽ വ്യക്തതയില്ല. 25 എംഎൽഎമാർ അദ്ദേഹത്തിനൊപ്പം ഉണ്ടെന്നാണ് ഇന്നത്തെ റിപ്പോർട്ടുകൾ.
ഇതിനിടെ ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. നാളെ ഉച്ചയ്ക്കു രണ്ടുമണിക്കാണു ഹർജി പരിഗണിക്കുന്നത്. സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയാണു ഹർജി നൽകിയത്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി വരുന്നതുവരെ ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്നാണ് ആവശ്യം. മുഖ്യമന്ത്രിയായശേഷം ശശികലയെ കോടതി ശക്ഷിച്ചാൽ അവർ രാജിവയ്‌ക്കേണ്ടിവരുമെന്നും അങ്ങനെയായാൽ തമിഴ്‌നാട്ടിൽ കലാപമുണ്ടായേക്കുമെന്നും ഹർജിയിൽ പറയുന്നു.



