- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടം; പുതിയതെരുവിൽ കടയിലേക്ക് ഇരച്ചു കയറി; തലശ്ശേരി ഹോട്ടൽ പൂർണ്ണമായും തകർന്നു; ആളപായം ഒഴിവായത് ലോക്ഡൗൺ കാലമായതിനാൽ
കണ്ണൂർ: കണ്ണൂർ നഗരത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ടാങ്കർ ലോറി അപകടം. കണ്ണൂർ -കാസർകോട് ദേശീയപാതയിലെ പുതിയതെരുവിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കണ്ണൂർ ഭാഗത്തു നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന പാചക വാതക ബുള്ളറ്റ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിലേക്ക് ഇരച്ചു കയറിയത്. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.
വളപട്ടണം പൊലിസും കണ്ണൂർ ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് പരുക്കില്ലെന്നാണ് വിവരം. ലോറിയിടിച്ചു കയറിയ തലശേരിയെന്നു പേരുള്ള ഹോട്ടൽ പൂർണമായും തകർന്നിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ലോക്ഡൗണിൽ അടച്ചിട്ടതിനാൽ ഇവിടെ തൊഴിലാളികളാരുമുണ്ടായിരുന്നില്ല. സാധാരണഗതിയിൽ ഇവിടെ ഈ സമയത്ത് തൊഴിലാളികൾ ജോലി ചെയ്യാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽപ്പെട്ട ലോറി രാവിലെ എട്ടുമണിക്ക് തന്നെ നീക്കം ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലിസ് പറഞ്ഞു. ചോളാരിയിൽ നിന്നും മംഗളൂരിലേക്ക് പാചകവാതകം നിറയ്ക്കാനായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽ ഗ്യാസില്ലാത്തതിനാൽ കൂടുതൽ അപകടസാധ്യതയൊഴിവായി. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പെട്രോൾ പമ്പടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
തുടർച്ചയായുണ്ടാകുന്ന ടാങ്കർ ലോറി അപകടങ്ങൾ കണ്ണൂർ നഗരത്തിന്റെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിനടുത്തെ മേലെചൊവ്വയിലും ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിനിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് ഇവിടെ ദുരന്തമുണ്ടായത്. കനത്ത മഴയിൽ നിയന്ത്രണം വിട്ട ലോറിയാണ് അപകടമുണ്ടാക്കിയത്.
പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. ഇതിനു മുൻപ് രണ്ടാഴ്ച്ച മുൻപ് തലശേരി- കണ്ണൂർ ദേശീയ പാതയിലെ ചാല ജങ്ഷനിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായിരുന്നു. ആളുകളെ മാറ്റിപാർപ്പിച്ചും ചോർച്ചയടച്ചുമാണ് അന്ന് രക്ഷാപ്രവർത്തനം നടത്തിയത്.