ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാനുള്ള വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹർജി നൽകിയത്. ഇരുവരും പ്രത്യേകം പ്രത്യേകമായിട്ടാണ് ഹർജി നൽകിയത്.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ ആചാരണങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തിട്ടില്ല. ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണ്. വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും ഇരുവരും നൽകിയ ഹർജിയിൽ പറയുന്നു.

സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ എൻഎസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹർജി നൽകിയിരുന്നു. അതേ സമയം ഈ മാസം 28 ന് ശേഷം മാത്രമെ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അടിയന്തരമായി പരിഗമിക്കണമെന്ന ഇവരുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.

അതേസമയം, ശബരിമല തുലാമാസ പൂജകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകി. പമ്പയിലും നിലയ്ക്കലിലും ആവശ്യമായ ക്രമീകരണങ്ങളെല്ലാം തിങ്കളാഴ്ചയ്ക്കകം ഒരുക്കണം. മണ്ഡല മകരവിളക്ക് പൂജയ്ക്കുള്ള ഒരുക്കങ്ങൾ നവംബർ 15ന് മുൻപ് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദേവസ്വം ബോർഡുമായി നടത്തിയ ചർച്ചയിലാണു മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ദേവസ്വം, വനം, ജല വിഭവ മന്ത്രിമാരും അവലോകന യോഗത്തിൽ പങ്കെടുത്തു.